01:12pm 31 August 2026
NEWS
അസറും സിബിനും വജ്രായുധം കെസിഎല്ലിൽ സച്ചിന്റെ ക്യാപ്റ്റൻസിയിൽ ആലപ്പിയുടെ വിജയക്കുതിപ്പ്
30/08/2026  08:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അസറും സിബിനും വജ്രായുധം കെസിഎല്ലിൽ സച്ചിന്റെ ക്യാപ്റ്റൻസിയിൽ ആലപ്പിയുടെ വിജയക്കുതിപ്പ്

തിരുവനന്തപുരം: ​കേരള ക്രിക്കറ്റ് ലീഗിൽ സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസി മികവിൽ വിജയത്തേരോട്ടം തുടരുകയാണ് ആലപ്പി റിപ്പിൾസ്. മികച്ച ഫോമിൽ കെസിഎല്ലിൽ മാസ്മരിക പ്രകടനം തുടരുന്ന ഉപനായകൻ മുഹമ്മദ് അസ്ഹറുദ്ദീനും ഓൾറൗണ്ടർ സിബിൻ ഗിരീഷുമാണ് ആലപ്പിയുടെ വജ്രായുധങ്ങൾ. ആറ് മത്സരങ്ങളിൽ നിന്ന് നാല് തകർപ്പൻ വിജയങ്ങളുമായി എട്ട് പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തലയെടുപ്പോടെ നിൽക്കുന്ന ആലപ്പുഴയുടെ കിരീടപ്രതീക്ഷകൾ സജീവമാക്കുന്നത് ഇവരുടെ മിന്നും ഫോമാണ്.

​ബാറ്റിംഗ് വിസ്മയം തീർക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനമാണ് ആലപ്പിയുടെ വിജയങ്ങൾക്ക് കരുത്തുറ്റ അടിത്തറ നൽകുന്നത്. ആറാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉയർത്തിയ 213 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം അനായാസം മറികടക്കാൻ ആലപ്പിക്ക് കരുത്തായത് വെറും 60 പന്തിൽ 10 കൂറ്റൻ സിക്സറുകളും 5 ബൗണ്ടറികളും സഹിതം പുറത്താകാതെ 112 റൺസ് നേടിയ അസറിന്റെ അത്യുഗ്രൻ സെഞ്ച്വറിയാണ്. ഈ മാസ്മരിക ഇന്നിങ്സോടെ കെസിഎല്ലിന്റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവും അസർ സ്വന്തമാക്കി. പവർപ്ലേ ഓവറുകളിൽ ബൗളർമാർക്ക് മേൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്ന താരം, ആറ് മത്സരങ്ങളിൽ നിന്നായി രണ്ട് സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 419 റൺസാണ് ഇതിനോടകം അടിച്ചുകൂട്ടിയത്.

​മറുവശത്ത്, അനുഭവസമ്പത്തും നേതൃമികവും കൊണ്ട് ടീമിനെ വിജയവഴിയിൽ മുന്നോട്ട് നയിക്കുകയാണ് സച്ചിൻ ബേബി. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സച്ചിന്റെ സാന്നിധ്യം ടീമിന് വലിയൊരു മുതൽക്കൂട്ടാണ്. പല മത്സരങ്ങളിലും അസർ - സച്ചിൻ കൂട്ടുകെട്ടാണ് ആലപ്പിയുടെ ഇന്നിംഗ്സുകൾക്ക് അടിത്തറയിട്ടത്. ബൗളർമാരെ കൃത്യമായി ഉപയോഗിച്ചും ഫീൽഡിംഗ് തന്ത്രപരമായി നിയന്ത്രിച്ചും കളിക്കളത്തിൽ അവിശ്വസനീയ ക്യാച്ചുകൾ സ്വന്തമാക്കിയും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന സച്ചിൻ, നിലവിൽ കെസിഎല്ലിലെ മികച്ച ഫീൽഡർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. യുവതാരങ്ങൾക്ക് ആവശ്യമായ ആത്മവിശ്വാസവും പിന്തുണയും നൽകി ടീമിനെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.

​യുവ ഓൾറൗണ്ടർ സിബിൻ ഗിരീഷിന്റെ തകർപ്പൻ പ്രകടനങ്ങളാണ് ആലപ്പിയുടെ മറ്റൊരു നിർണായക കരുത്ത്. കെസിഎല്ലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് സിബിൻ. വെറും 8 പന്തിൽ 37 റൺസ് അടിച്ചുകൂട്ടിയ താരത്തിന്റെ അവിസ്മരണീയ ഇന്നിങ്സാണ് കളിയുടെ ​ഗതിമാറ്റിയത്. ആ മത്സരത്തിൽ ബൗളിംഗിലും തിളങ്ങി കൊച്ചിയുടെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. തുടർച്ചയായ രണ്ട് വിജയങ്ങളോടെ സീസണിന് ഗംഭീര തുടക്കമിട്ട റിപ്പിൾസിന് പിന്നീട് കാലിക്കറ്റിനോടും കൊല്ലത്തിനോടും തോൽവി വഴങ്ങേണ്ടിവന്നിരുന്നു. വിജയവഴിയിലേക്ക് തിരിച്ചെത്താൻ കൊച്ചിക്കെതിരായ മത്സരം ആലപ്പിക്ക് നിർണായകമായിരുന്നു. അവിടെയാണ് ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന്റെ രക്ഷകനായി സിബിൻ അവതരിച്ചത്. 

75,000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.80 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിൾസ് ടീമിലെത്തിച്ചത്. സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയായ സിബിൻ, ടീം മാനേജ്മെന്റ് അർപ്പിച്ച വിശ്വാസത്തോട് നൂറുശതമാനം നീതി പുലർത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ​വിക്കറ്റ് വേട്ടയിലും ആലപ്പി താരങ്ങൾ ഇടം നേടിയിട്ടുണ്ട്. ആറ് കളിയിൽ നിന്ന് ഒമ്പത് വിക്കറ്റുമായി അഭിജിത്ത് പ്രവീൺ ഇപ്പോൾ വിക്കറ്റ് വേട്ടയിൽ രണ്ടാമതാണ്. 20 റൺസ് വിട്ടു നൽകി രണ്ട് വിക്കെറ്റെടുത്തതാണ് അഭിജിത്തിന്റെ ഏറ്റവും മികച്ച പെർഫോർമൻസ്. ആറ് വിക്കറ്റ് നേട്ടവുമായി അഖിൽ ദേവ് എട്ടാം സ്ഥാനത്തുമുണ്ട്.

സച്ചിൻ ബേബിയുടെ മികച്ച നേതൃത്വത്തിന് കീഴിൽ അസറും സിബിനും തങ്ങളുടെ സർവ്വപ്രതാപത്തിലും ഫോമിലേക്കുയർന്നതോടെ എതിരാളികൾക്ക് വലിയ വെല്ലുവിളിയുയർത്തിയാണ് കെസിഎല്ലിൽ ആലപ്പി റിപ്പിൾസ് തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img