
അങ്ങനെ അത്യന്തം വീറും വാശിയുമേറിയ സെമിഫൈനലിന് തിരശ്ശീല വീണപ്പോൾ മിന്നുന്ന വിജയവുമായി യു.ഡി.എഫ് മുന്നിലെത്തി. ഇടതുകോട്ടകൊത്തളങ്ങൾ പലതും ഇടിച്ചുനിരത്തി യു.ഡി.എഫ് നടത്തിയ വിജയത്തേരോട്ടം മൂന്നുമാസങ്ങൾക്കുശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പ് എന്ന ഫൈനലിന് മുന്നോടിയായി കണക്കാക്കാമെങ്കിൽ മൂന്നാം തുടർഭരണം എന്ന ഇടതുപക്ഷമോഹം മലർപ്പൊടിക്കാരന്റെ വ്യാമോഹമായി പര്യവസാനിക്കാനാണ് സാധ്യത. ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും, ജില്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, കോർപ്പറേഷനിലുമൊക്കെ യു.ഡി.എഫ് നടത്തിയ വിജയക്കുതിപ്പ് തീർച്ചയായും സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്.
കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ തരംഗമായി വീശിയടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ 505 ഗ്രാമപഞ്ചായത്തുകളും(2020 ൽ 340), 79 ബ്ലോക്ക് പഞ്ചായത്തുകളും (2020/40), 7 ജില്ലാ പഞ്ചായത്തുകളും(2020/2), 54 മുനിസിപ്പാലിറ്റികളും(2020/42)4 കോർപ്പറേഷനുകളുമാണ്(2020/1) യു.ഡി.എഫ് ചേരിയിലെത്തിയത്. ഭരണം കിട്ടാത്തിടങ്ങളിൽ സീറ്റുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനയും ഫൈനൽ മത്സരത്തിന് ജേഴ്‌സിയണിയുമ്പോൾ യു.ഡി.എഫിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്.
ആ കണക്കുകളുടെ കൂടി അടിസ്ഥാനത്തിൽ 2026 നെ നോക്കുമ്പോൾ 2020 ലെ 41 ൽ നിന്നും 80 എന്ന ഇരട്ട സംഖ്യയിലേക്ക് യു.ഡി.എഫിന്റെ നിയമസഭാ സീറ്റുകൾ വർദ്ധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ താമരകൾ വിരിയിച്ച്, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരണം കൈപ്പിടിയിലാക്കിയ ബി.ജെ.പിക്കും നല്ലഫലമാകാം 2026 സമ്മാനിക്കുക. അവിടൊക്കെയും പരാജയത്തിന്റെ കയ്പുനീർ കുടിക്കാൻ വിധിക്കപ്പെടുക സ്വാഭാവികമായും എൽ.ഡി.എഫ് തന്നെയായിരിക്കും.
കാരണം തിരയുമ്പോൾ...
യു.ഡി.എഫിന്റെ ഈ തിളക്കമാർന്ന വിജയത്തിനുള്ള കാരണം തിരയുന്നതിനേക്കാൾ നല്ലത് എൽ.ഡി.എഫിന്റെ പരാജയത്തിനുള്ള കാരണം പരിശോധിക്കുന്നതായിരിക്കും. പത്തുവർഷക്കാലത്തെ ഭരണവിരുദ്ധ വികാരം മുതൽ ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയ സംഭവം വരെ വോട്ടുചോർച്ചയ്ക്ക് കാരണമായി പല കോണുകളിൽ നിന്ന് പറയപ്പെടുന്നുണ്ട്. അതൊക്കെയും ശരിയാണ് താനും. എന്നാൽ അതിനുമൊക്കെ അപ്പുറം ഗൗരവതരങ്ങളായ മറ്റ് ചില വിഷയങ്ങൾ കൂടി ഉണ്ടെന്നുള്ളതാണ് വസ്തുത. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എമ്മിന്റെ വിശകലന യോഗത്തിലോ, എം.എൻ. സ്മാരകത്തിൽ ചേർന്ന സി.പി.ഐയുടെ വിശകലന യോഗത്തിലോ ഒന്നും പക്ഷേ ഈ അടിസ്ഥാന വസ്തുത ചർച്ചയ്‌ക്കോ വിശകലനത്തിനോ വിധേയമാക്കിയതായി കണ്ടില്ല. അവർ യഥാർത്ഥ വസ്തുതകൾക്ക് പുറം തിരിഞ്ഞുനിന്ന് ചർച്ച നയിക്കുകയായിരുന്നു. പ്രത്യേകിച്ചും സി.പി.എം.
സ്വർണ്ണപ്പാളി വിവാദം ഒരു വിഷയമേ ആയിരുന്നില്ല എന്നും, ഭരണവിരുദ്ധ വികാരം ഒരു ശതമാനം പോലും ഇല്ലായിരുന്നു എന്നും കണ്ടെത്തിയ സി.പി.എം നേതൃത്വം, ജനം പണ്ടേ പുച്ഛത്തോടെ കണ്ടിട്ടുള്ള കണക്കിലെ ചില കസർത്തുകളിൽ പിടിച്ച് ആശ്വാസം കൊള്ളുന്ന നിലപാടാണ് സ്വീകരിച്ചുകണ്ടത്. ഒപ്പം, പറഞ്ഞുപറഞ്ഞ് മുന തേഞ്ഞ കോൺഗ്രസ്- ബി.ജെ.പി ബാന്ധവത്തെക്കുറിച്ചും വാചാലരാകുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന പ്രഖ്യാപിത നിലപാടുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബി.ജെ.പി. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് മുക്ത കേരളമാണ് അവരുടെ പ്രഖ്യാപിത നിലപാട്. അതായത് ബി.ജെ.പിക്കും സി.പി.എമ്മിനും പൊതുശത്രുവാണ് കോൺഗ്രസ്. അങ്ങനൊരു പൊതുശത്രുവിനെതിരെ, ശത്രുവിന്റെ ശത്രു മിത്രം എന്ന വാക്യത്തിലൂന്നി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൈകോർക്കാനല്ലേ കൂടുതൽ സാധ്യത.
അതുകൊണ്ടുതന്നെ സി.പി.എമ്മിന്റെ കോൺഗ്രസ്- ബി.ജെ.പി സഖ്യം എന്നോ ധാരണയെന്നോ പറഞ്ഞാൽ നിലവിലെ സാഹചര്യത്തിൽ ജനം പുച്ഛിക്കുകയേയുള്ളൂ. ആ പുച്ഛമാണ് സി.പി.എമ്മിന്റെ പറച്ചിലിനോടുള്ള ജനങ്ങളുടെ നിലപാട്.
സ്വർണ്ണപ്പാളി വിഷയം ഒരു വിഷയമേ അല്ല എന്ന് സി.പി.എമ്മിലെ വിശാരദന്മാർ വിശകലനം ചെയ്യുമ്പോൾ, ആ വിശ്വാസവുമായി മുന്നോട്ടുപോകാനാണ് സി.പി.എം തീരുമാനിക്കുന്നതെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിലും കനത്ത പരാജയമായിരിക്കും സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും കാത്തിരിക്കുന്നതെന്നേ പറയുവാൻ കഴിയുന്നുള്ളൂ. കാരണം ജാതി-മത- ചിന്തകൾക്കതീതമായി കേരളസമൂഹം ഏതാണ്ട് ഒന്നടങ്കം തന്നെ, ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദത്തിൽ അമർഷവും ദുഃഖവുമുള്ളവരാണ്.
അതുതന്നെയാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്നുള്ള സി.പി.എമ്മിന്റെ കണ്ടെത്തൽ. യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ആ ഒളിച്ചോട്ടം, തെറ്റുതിരുത്തുവാൻ സി.പി.എം തയ്യാറല്ല എന്നുള്ള വിളിച്ചുപറയലായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.
ശരിയാണ്, ഒന്നാം പിണറായി സർക്കാർ പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ച സർക്കാരാണ്. രണ്ടാം പിണറായി സർക്കാരാകട്ടെ ധൂർത്തും കെടുകാര്യസ്ഥതയുമൊക്കെക്കൊണ്ട് കേരളചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തിരിക്കുന്നു. ധൂർത്തിന്റെ കാര്യത്തിൽ സർവ്വകാല റെക്കോർഡ് നേടിയ സർക്കാരാണ് രണ്ടാം പിണറായി സർക്കാർ. പി.ആർ. വർക്കിലൂടെ അതൊക്കെ അതിജീവിക്കാമെന്നുള്ള കണക്കുകൂട്ടലായിരുന്നു സർക്കാരിന്. ആ കണക്കുകൂട്ടൽ വിലപ്പോയില്ല എന്നുള്ളതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം വെളിപ്പെടുത്തുന്നത്. എല്ലാം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന നിസ്സഹായരായ ജനങ്ങൾ അവസരം വന്നപ്പോൾ നന്നായി പ്രതികരിച്ചു. അത് കണ്ണുതുറന്നു കാണാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുന്ന സി.പി.എം (അവരാണല്ലോ യഥാർത്ഥ പ്രതികൾ) ഇപ്പോൾ സംഭവിച്ചതിനേക്കാൾ വലിയ ദുരന്തത്തിനാണ് കാതോർക്കുന്നതെന്നും പറയാതെ വയ്യ.
നവോത്ഥാന നായകന്റെ സംഭാവന
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സി.പിഎം എന്നും അവർക്ക് സംരക്ഷണകവചമൊരുക്കിയിട്ടുള്ള പ്രസ്ഥാനമാണ്. പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിലും മറ്റും കേരളം അതുകണ്ടതാണ്. എന്റെ സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നു പറയുവാനുള്ള ആർജ്ജവം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയപ്പോൾ ശരിക്കും ഒരു രക്ഷകനെയാണ് മുസ്ലീം സമുദായം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ കണ്ടത്.
എന്നാൽ പിന്നീട് അതേ പിണരായി വിജയൻ ഭൂരിപക്ഷ വർഗ്ഗീയതയെ താലോലിക്കുന്നതും, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരുമായി, അവിഹിതബന്ധത്തിലേർപ്പെടുന്നതും കേരളം കണ്ടു. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സുരേഷ്‌ഗോപിയുടെ വിജയം സി.പി.എമ്മിന്റെ സംഭാവനയാണെന്ന് തുറന്നടിച്ചത് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയാണ്. ഏറ്റവും ഒടുവിൽ മുന്നണിയിലെ മറ്റ് കക്ഷികളെപ്പോലും അറിയിക്കാതെ പി.എം. ശ്രീയിൽ ഒപ്പിട്ടതും, ഇതേ അവിഹിത ബന്ധത്തെത്തുടർന്നാണ്. സംസ്ഥാനതാൽപ്പര്യങ്ങൾ വിസ്മരിച്ചുകൊണ്ടോ തിരസ്‌ക്കരിച്ചുകൊണ്ടോ ഉള്ള സി.പി.എമ്മിന്റെ ഇത്തരത്തിലുള്ള ബി.ജെ.പി ബാന്ധവം പലപ്പോഴും വ്യക്ത്യാധിഷ്ഠിതമായിരുന്നെങ്കിലും, പിണറായിയുടെ മുഖത്തുനോക്കി അതിനെതിരെ സംസാരിക്കുവാൻ വിനീതവിധേയരായ സഹപ്രവർത്തകർക്കായില്ല.
ജനം പക്ഷേ എല്ലാം കാണുന്നുണ്ടായിരുന്നു.
ന്യൂനപക്ഷത്തെ കൈവിട്ട് ഭൂരിപക്ഷ വർഗ്ഗീയതയെ താലോലിക്കുവാൻ തീരുമാനിച്ചപ്പോൾ പിണറായി അതിന് കൂടെകൂട്ടിയത്, അദ്ദേഹം തന്നെ നവോത്ഥാന നായകപ്പട്ടം ചാർത്തിക്കൊടുത്ത വെള്ളാപ്പള്ളി നടേശനെയാണ്. താൻ തന്നെ പലവട്ടം കേരള തൊഗാഡിയ എന്ന് വിശേഷിപ്പിച്ചിട്ടുള്ള വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടിലൂടെ ഈഴവസമുദായത്തെ തനിക്ക് പിന്നിൽ അണിനിരത്താമെന്നായിരുന്നു പിണറായിയുടെ കണക്കുകൂട്ടൽ. അതാകട്ടെ ഉത്തരത്തിലിരുന്നത് കിട്ടയതുമില്ല കക്ഷത്തിലിരുന്നത് പോവുകേം ചെയ്തു എന്ന സ്ഥിതിയാണുണ്ടാക്കിയത്. താൻതന്നെ അനുഗ്രഹിച്ചാർശീർവദിച്ച് രൂപീകരിച്ച്, മകന് ഒസ്യത്തായി നൽകിയ ബി.ഡി.ജെ.എസ് വഴി ബി.ജെ.പിയുടെ തൊഴുത്തിൽ കൊണ്ടുചെന്നു കെട്ടിയ ഈഴവ സമുദായത്തെ(എന്നാണ് വയ്പ്പ്) നവോത്ഥാന നായകൻ മടക്കിക്കൊണ്ടുവന്നില്ലെന്നുമാത്രമല്ല, പിണറായിയെ ചാരിയിരിക്കുമ്പോൾപ്പോലും മുസ്ലീം- ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ, പ്രത്യേകിച്ചും മുസ്ലീം സമുദായത്തിനെതിരെ വിഷലിപ്തവാക്കുകളും ആക്ഷേപങ്ങളും നിരന്തരമെന്നോണം തുപ്പിക്കൊണ്ടുമിരുന്നു.
വെള്ളാപ്പള്ളിയുടെ ആ മുസ്ലീം വിരുദ്ധത തന്റെ രഹസ്യബന്ധുക്കളായ ബി.ജെ.പിക്ക് സുഖിക്കുമെന്നുള്ളതുകൊണ്ടായിരിക്കാം, ഒരിക്കൽപ്പോലും അത് തിരുത്തുവാൻ പിണറായി തയ്യാറായില്ല. അതോടെ മുസ്ലീം സമുദയം ഏതാണ്ട് പൂർണ്ണമായും തന്നെ സി.പി.എമ്മിനെ കൈവിട്ടു എന്നുകരുതുന്നതിൽ തെറ്റില്ല.
ഈ ഒരു സാഹചര്യത്തിലാണല്ലോ, ഭൂരിപക്ഷ വർഗ്ഗീയതയെ പ്രീണിപ്പിക്കുവാൻ വേണ്ടി, കോടതി വിധിയുടെ മറവിൽ പണ്ട് ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിട്ട് ആചാരലംഘനം നടത്തി വിശ്വാസികളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചതും, അതേ പിണറായി ആഗോള അയ്യപ്പസംഗമത്തിന് മുന്നിട്ടിറങ്ങിയതും. ശബരിമല സ്ത്രീപ്രവേശന സമയത്ത് പ്രതിഷേധവുമായി നാമജപഘോഷയാത്ര നടത്തി ആദ്യം രംഗത്തുവന്ന എൻ.എസ്.എസിന്റേയും എസ്.എൻ.ഡി.പിയുടേയുമൊക്കെ പിൻതുണയോടെയായിരുന്നു അയ്യപ്പസംഗമം. അന്ന് നാമജപഘോഷയാത്രയിൽ പങ്കെടുത്ത നായർ സ്ത്രീകൾ ഉൾപ്പെടെ പലരുടെയും പേരിലുള്ള കേസുകൾ നിലനിൽക്കുമ്പോൾ തന്നെയാണ് എൻ.എസ്.എസ് അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ആ പിന്തുണയ്ക്ക് പിന്നിൽ മറ്റ് ചില ഡീലുകൾ നടന്നതായാണ് സംസാരം.
അതെന്തായാലും കോടികൾ ചെലവിട്ട് നടത്തിയ സംഗമം തികഞ്ഞ പരാജയമായിരുന്നു എന്നുളളതാണ് വാസ്തവം. പ്രസ്തുത സംഗമത്തിൽ പങ്കെടുക്കുവാൻ പോയ മുഖ്യമന്ത്രി പിണറായി വിജയൻ, വെള്ളാപ്പള്ളി നടേശനെയും ഒപ്പം സ്റ്റേറ്റ് കാറിൽ കൂടെ കയറ്റിയതാകട്ടെ, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുണ്ടാക്കിയ ആശങ്ക വളരെ വലുതായിരുന്നു.
ആഹാരം കഴിക്കാനും പിന്നെ തങ്ങളെ ചീത്ത വിളിക്കാനും മാത്രം വായ തുറക്കുന്ന വെള്ളാപ്പള്ളിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ സ്റ്റേറ്റ് കാറിലെ യാത്ര ന്യൂനപക്ഷ വിഭാഗത്തെ സി.പി.എം വിരോധികളാക്കി മാറ്റി എന്നുപറഞ്ഞാൽ അത് തെറ്റല്ല. ആ ഒരു സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശൻ യു.ഡി.എഫിന്റെ ഐശ്വര്യം എന്ന തലക്കെട്ടിൽ 'കേരളശബ്ദം' നാലുലക്കം മുൻപ് എഴുതിയിരുന്നല്ലോ. ആഗോള അയ്യപ്പ സംഗമത്തിന് തൊട്ടുപിറകെയാണ് ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം പുറത്തുവന്നത്. സി.പി.എമ്മിന്റെ മുൻ എം.എൽ.എയും പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറും, ദേവസ്വം ബോർഡ് മുൻപ്രസിഡന്റും സി.പി.എംകാരനുമായ എൻ. വാസുവുമൊക്കെ പ്രതികളാവുകയും ജാമ്യംപോലും ലഭിക്കാതെ ഇപ്പോഴും അകത്തുകിടക്കുകയും ചെയ്യുന്ന സ്വർണ്ണക്കേസിൽ ജനങ്ങൾക്ക് വിശ്വസനീയമായ ഒരു നിലപാട് സ്വീകരിക്കുവാൻ സി.പി.എം തയ്യാറാകാത്തതും വോട്ടർമാർക്കിടയിൽ വലിയ സംസാരമായ വിഷയമാണ്.
സ്വർണ്ണക്കൊള്ളക്കേസിനെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കേസുയർത്തി പ്രതിരോധിക്കുവാനും, കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കുവാനുമായിരുന്നു സി.പി.എമ്മിന്റെ ശ്രമം. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച സമാനതകളില്ലാത്ത നിലപാട് പാർട്ടിക്ക് ഏറെ ഗുണം ചെയ്തു എന്നുമാത്രമല്ല, രണ്ട് സ്ത്രീകളും മാങ്കൂട്ടത്തിലുമായുള്ള ലൈംഗികബന്ധക്കേസിനെ, കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസവുമായി താരതമ്യം ചെയ്യാൻ ജനം തയ്യാറായതുമില്ല. പാർട്ടിയിൽ നിന്നുപോലും മാങ്കൂട്ടത്തിലിനെ പുറത്താക്കുവാൻ കോൺഗ്രസ് തയ്യാറായപ്പോൾ, പത്മകുമാറിന്റെ കാര്യത്തിൽ അങ്ങനൊരു നിലപാട് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. കോടതിവിധി വരുംവരെ കാത്തിരിക്കാനാണെന്നു തോന്നുന്നു പാർട്ടി തീരുമാനം.
പിന്നെ നല്ല കമ്മ്യൂണിസ്റ്റുകാരും ഈവക കാര്യങ്ങളൊക്കെയും എൽ.ഡി.എഫിനെ പരാജയത്തിലേക്ക് നയിക്കും എന്ന് പൊതുവേ വിശ്വസിക്കപ്പെട്ടെങ്കിലും, അത് വിശ്വസിക്കാതെ പിന്നെയും പിന്നെയും തോൽവി വിലയ്ക്ക് വാങ്ങിക്കൂട്ടുന്ന നടപടികളുമായി സി.പി.എം മുന്നോട്ടുപോവുകയായിരുന്നു. പാർട്ടി ബന്ധുക്കളും, നല്ല പാർട്ടിക്കാരുമൊക്കെ പാർട്ടിക്ക് സംഭവിക്കുന്ന അപചയങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അന്ധത ബാധിച്ച കണ്ണുകൾ അത് കണ്ടില്ല. ഒടുവിൽ സഹികെട്ടപ്പോൾ ആ നല്ല കമ്മ്യൂണിസ്റ്റുകാരും, പാർട്ടി ബന്ധുക്കളും ഒരു കാര്യം തീരുമാനിച്ചു എന്നുവേണം കരുതുവാൻ. ഇനി കുറച്ചുകാലം പാർട്ടി അധികാരത്തിന് പുറത്തിരിക്കട്ടെ. ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ കേരളത്തിൽ കുഴിച്ചുമൂടപ്പെടും. അങ്ങനെ ചിന്തിച്ച, യഥാർത്ഥ കമ്മ്യൂണിസം കെടാത്ത കനലായി ഇപ്പോഴും എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അടിസ്ഥാന വർഗ്ഗത്തിന് മോചനത്തിന്റെ പാത കാട്ടിക്കൊടുത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ ഇനിയും നിലനിന്നുകാണണം എന്ന് ആഗ്രഹിക്കുന്നവർ അവരാണ്. ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിച്ചത്. ഇതൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ്. അവരൊരിക്കലും പിണറായി വിജയന് മൂന്നാമൂഴം നൽകില്ല. നൽകിയാൽ കേരളം ബംഗാളും ത്രിപുരയുമൊക്കെയായി മാറും എന്ന് അവർ ഭയപ്പെടുന്നു. അതുണ്ടാവാതിരിക്കാനാണ് ഈ ഷോക്ക് ട്രീറ്റ്‌മെന്റ് നൽകിയത്.
ഇനി നിയമസഭാതെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കും.











