
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പമ്പയിൽ നടത്താനിരിക്കുന്ന അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ വിഡ്ഢിയാക്കാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ നാടകമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിൽ മന്ത്രി എന്തിനാണു സ്റ്റാലിനെ ക്ഷണിച്ചതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റല്ലേ ചെന്നൈയിൽ പോയി എം.കെ.സ്റ്റാലിനെ ക്ഷണിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്ന ചോദ്യവും രാജീവ് ചന്ദ്രശേഖർ ഉയർത്തി. തിരഞ്ഞെടുപ്പിന് നാലു മാസം മുൻപുള്ള രാഷ്ട്രീയമായാണ് ജനങ്ങൾ ഇതിനെ കാണുന്നത്. ശബരിമലയിലെത്തുന്ന ഭക്തന്മാർക്ക് പത്തു വർഷമായി അടിസ്ഥാന സൗകര്യമൊരുക്കാത്ത ദേവസ്വം ബോർഡാണ് തിരഞ്ഞെടുപ്പിനു മുൻപായി അയ്യപ്പ സംഗമം നടത്തുന്നത്. സംഗമത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. അയ്യപ്പഭക്തർ വരുന്ന സ്ഥലത്ത്, ഹിന്ദു വൈറസാണെന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തന്മാരെ ദ്രോഹിച്ച സിപിഎം മുഖ്യമന്ത്രിയും പോകാൻ പാടില്ലെന്നാണു പറഞ്ഞത്. അതൊരു അപമാനമാണെന്നാണ് പറഞ്ഞത്. സർക്കാർ പരിപാടി അല്ലെങ്കിൽ മുഖ്യമന്ത്രി എന്തിനാണ് ഇതിൽ പ്രതികരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല. ഞങ്ങളുടെ പാർട്ടിയിൽ 99ശതമാനം ദൈവവിശ്വാസികളാണ്. 18 തവണ ശബരിമലയിൽ പോയ ഞാൻ അഭിപ്രായം പറയുമ്പോൾ, എനിക്ക് ഒന്നും അറിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത സിപിഎം മുഖ്യമന്ത്രി പറയുന്നത്. അപ്പോൾ ആരെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്? മുഖ്യമന്ത്രി പറഞ്ഞതുപോലെ ആരാധനയുടെ ഭാഗമാണെങ്കിൽ സ്റ്റാലിനെയും ഡിഎംകെയെയും വിളിക്കാൻ പാടില്ല. ഭക്തരുടെ വികാരമാണ് പരിഗണിക്കേണ്ടത്. വിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടത്? - രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
എനിക്ക് കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ രാഷ്ട്രീയ വിദ്വാൻ ആണെന്നു പറഞ്ഞിട്ടില്ല. സാമാന്യബുദ്ധിയുള്ള, അധ്വാനിക്കുന്ന ഒരാളാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന ആളാണ്. ഹൈന്ദവവിശ്വാസിയാണ്. ശബരിമലയിൽ പോയി പ്രാർഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാൻ ആകാൻ എനിക്കു താൽപര്യമില്ല. - രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളമെന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











