12:43am 12 July 2026
NEWS
സർക്കാർ ജോലിയും സ്വത്തും ലക്ഷ്യമിട്ട് അമ്മയെ കൊലപ്പെടുത്തി; പിതാവിന്റെ മരണത്തിലും ആയുഷിക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം
11/07/2026  01:24 PM IST
nila
സർക്കാർ ജോലിയും സ്വത്തും ലക്ഷ്യമിട്ട് അമ്മയെ കൊലപ്പെടുത്തി; പിതാവിന്റെ മരണത്തിലും ആയുഷിക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം

ജയ്പുർ: സർക്കാർ ജോലിയും കുടുംബസ്വത്തും കൈവശപ്പെടുത്താൻ അമ്മയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ആയുഷി ശർമയ്‌ക്കെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. 2025 ഏപ്രിലിൽ മരിച്ച പിതാവ് വിജയ് ശർമയുടെ മരണവും സ്വാഭാവികമല്ലെന്നും അതിന് പിന്നിലും ആയുഷിയാണെന്നുമാണ് കുടുംബാംഗങ്ങൾ പരാതിയിൽ ആരോപിക്കുന്നത്.

ആയുഷിയുടെ അമ്മാവനും മരിച്ച നീരജ ശർമയുടെ സഹോദരനുമായ രാകേഷ് ശർമയാണ് പോലീസിൽ പുതിയ പരാതി നൽകിയത്. രാജസ്ഥാൻ ഹൈക്കോടതിയിൽ കോർട്ട് മാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്ന വിജയ് ശർമ അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് ചികിത്സാ ക്രമീകരണങ്ങളിൽ ആയുഷി ഇടപെട്ടതെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

ബന്ധുവായ ബൽറാമിന്റെ സഹായത്തോടെ വിജയ് ശർമയെ ചികിത്സയ്ക്കെന്ന പേരിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും, മൂന്ന് മാസത്തോളം അദ്ദേഹത്തെ എവിടെയാണെന്ന് മറ്റ് കുടുംബാംഗങ്ങളെ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പിന്നീട് നിവിക് ആശുപത്രിയിലാണെന്ന് അറിയിച്ചെങ്കിലും ബന്ധുക്കൾ എത്തിയപ്പോൾ വിജയിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ആയുഷി പിതാവിനെ വീട്ടിലേക്ക് കൊണ്ടുവന്നതായും അവിടെയായിരുന്നു മരണമെന്നും പരാതിയിൽ പറയുന്നു.

വിജയ് ശർമയുടെ മരണശേഷം അന്ത്യകർമങ്ങൾ ആയുഷിയും ബൽറാമും ചേർന്നാണ് നടത്തിയതെന്നും, തുടർന്ന് പിതാവിന്റെ സർക്കാർ ജോലി തനിക്ക് നൽകണമെന്നും കുടുംബസ്വത്ത് സ്വന്തം പേരിലേക്ക് മാറ്റണമെന്നും ആയുഷി ആവശ്യപ്പെട്ടതായി ബന്ധുക്കൾ ആരോപിക്കുന്നു.

അമ്മ നീരജ ശർമയെ ആയുഷി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ പറയുന്നു. "ഫീഡിങ് ട്യൂബ് മാറ്റി പിതാവിനെ കൊല്ലാൻ കഴിഞ്ഞെങ്കിൽ നിങ്ങളെയും കൊല്ലുക എളുപ്പമാണ്" എന്ന് ആയുഷി പറഞ്ഞതായി രാകേഷ് ശർമ ആരോപിക്കുന്നു. ഇതിന് പിന്നാലെ "എനിക്ക് ഇനി രണ്ട് ദിവസം മാത്രമേ ജീവിക്കാനുളളൂ" എന്ന സൂചനയുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് നീരജ പങ്കുവെച്ചതായും പരാതിയിൽ പരാമർശമുണ്ട്.

ഈ മാസം 3-നാണ് ജയ്പുരിലെ പ്രതാപ് നഗറിൽ സർക്കാർ ജീവനക്കാരിയായ നീരജ ശർമ കാർ ഇടിച്ച് കൊല്ലപ്പെട്ടത്. ആദ്യം ഇത് റോഡപകടമാണെന്ന് തോന്നിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തി. കേസിൽ ആയുഷി ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യസഹായി ബൽറാം ഇപ്പോഴും ഒളിവിലാണ്.

അമ്മയോടുള്ള വൈരാഗ്യവും കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് ആയുഷി അന്വേഷണത്തിനിടെ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, പിതാവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പുതിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img