
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ കാണിക്കയിൽ നിന്ന് മോഷ്ടിച്ച പണം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കാമുകിക്കുമായി ചെലവഴിച്ചതായി പ്രതി അന്വേഷണ സംഘത്തോട് സമ്മതിച്ചതായി റിപ്പോർട്ട്. മോഷണക്കേസിൽ പ്രതികളായ എട്ട് കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളിൽ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
പോലീസ് രേഖകൾ പ്രകാരം, കേസിലെ പ്രതികളിൽ ഏറ്റവും കൂടുതൽ തുക കൈക്കലാക്കിയിരിക്കുന്നത് അവിനാഷ് ശുക്ലയാണ്. ഏകദേശം 20 ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ 19 ലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചതായും ഇയാൾ സമ്മതിച്ചു.
മൊഴി പ്രകാരം, സഹോദരന്റെ ആഡംബര വിവാഹച്ചെലവിനായി ആറു ലക്ഷം രൂപ നൽകിയിരുന്നു. മറ്റൊരു സഹോദരനും അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ കൈമാറിയതായും വ്യക്തമാക്കി. കൂടാതെ, കാമുകിക്ക് വിലകൂടിയ ഐഫോൺ സമ്മാനമായി വാങ്ങിക്കൊടുക്കുകയും യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അയച്ചതായും അന്വേഷണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ എന്നിവ വിശദമായി പരിശോധിച്ച് അന്വേഷണ സംഘം തുടർനടപടികൾ ശക്തമാക്കിയിരിക്കുകയാണ്.










