
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനത്തുകയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ടുപേരും വ്യത്യസ്ത തൊഴിൽ-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പ്രൈമറി സ്കൂൾ അധ്യാപകൻ, മുൻ കാർ മെക്കാനിക്, വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥൻ, ക്ഷേത്ര ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവർ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ളത്.
ക്ഷേത്രത്തിൽ ഏജൻസിയിലൂടെ താത്കാലിക ജീവനക്കാരായി നിയമിതരായിരുന്ന ഇവർ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്ത് സംഭാവനത്തുക അപഹരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതികളിൽ പ്രൈമറി സ്കൂൾ അധ്യാപകനായ അവിനാശ് ശുക്ലയുടെ പക്കൽനിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. 20 ലക്ഷത്തിലധികം രൂപയ്ക്കൊപ്പം വിദേശ കറൻസികളും സ്വർണാഭരണങ്ങളും അന്വേഷണസംഘം കണ്ടെത്തി.
സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണമില്ലാത്ത ഭാഗങ്ങൾ തിരഞ്ഞെടുത്ത് പണം മോഷ്ടിച്ച ശേഷം ക്ഷേത്രപരിസരത്തെ ശൗചാലയങ്ങളിൽ ഒളിപ്പിക്കാറായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ അവിനാശ് ശുക്ല സമ്മതിച്ചതായി പോലീസ് അറിയിച്ചു.
മറ്റൊരു പ്രതിയായ അനുകൽപ് മിശ്ര ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെ ബന്ധുവാണ്. പ്രതിമാസം 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ഇയാളുടെ പേരിൽ 65 ലക്ഷം രൂപ വിലമതിക്കുന്ന വീട്, ഫാംഹൗസ്, ആഡംബര ബൈക്ക് എന്നിവയും പുതിയ കാർ ബുക്ക് ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളിൽനിന്ന് 16.8 ലക്ഷം രൂപയും പിടിച്ചെടുത്തു.
അനുകൽപ് മിശ്രയുടെ അളിയനും മുൻ കാർ മെക്കാനിക്കുമായ ലവ്കുശ് മിശ്രയിൽനിന്ന് 14.25 ലക്ഷം രൂപയും, മറ്റു പ്രതികളായ രാംശങ്കർ മിശ്രയിൽനിന്ന് 7.3 ലക്ഷം രൂപയും കരുണേഷ് പാണ്ഡെയിൽനിന്ന് 18 ലക്ഷം രൂപയും കണ്ടെടുത്തു.
കേസിലെ മുഖ്യസൂത്രധാരനായി തിരിച്ചറിഞ്ഞിരിക്കുന്നത് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവറായ രാംശങ്കർ യാദവിനെയാണ് (ടിന്നു യാദവ്). പിന്നീട് വി.ഐ.പി. മാനേജ്മെന്റിന്റെ ചുമതല വഹിച്ചിരുന്ന ഇയാൾ സ്വന്തം അനന്തരവൻ മനീഷ് കുമാർ യാദവിനും ക്ഷേത്രത്തിൽ ജോലി ലഭ്യമാക്കിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനും പ്രാദേശിക ആർ.എസ്.എസ്. ഭാരവാഹിയുമായ സുഭാഷ് ചന്ദ്ര ശ്രീവാസ്തവയും തട്ടിപ്പിൽ പങ്കാളിയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.











