11:57pm 05 July 2026
NEWS
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: പ്രിയങ്ക ​ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത്
05/07/2026  12:37 PM IST
nila
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: പ്രിയങ്ക ​ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രൂക്ഷമാകുന്നു. ഫണ്ട് ശേഖരണത്തിൽ അഴിമതി നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അതേസമയം, ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു.

രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതിയായ രാംശങ്കർ യാദവ് എന്ന ടിന്നു യാദവ് അഖിലേഷ് യാദവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് ബിജെപി ദേശീയ വക്താവ് അജയ് ആലോക് ആരോപിച്ചു. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പുറത്തുവരുന്ന വിവരങ്ങൾ അഴിമതിക്ക് പിന്നിലെ യഥാർഥ പങ്കാളികളെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സമാജ്‌വാദി പാർട്ടിയുടെ പങ്ക് അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്നും അജയ് ആലോക് ആരോപിച്ചു. ഓരോ വിവരങ്ങളും പുറത്തുവരുമ്പോഴും സംഭവത്തിന്റെ യഥാർഥ ചിത്രം രാജ്യത്തിന് മുന്നിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്‌വാദി പാർട്ടിക്ക് മുൻപും സന്യാസിമാരുടെയും ആത്മീയ സമൂഹത്തിന്റെയും പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

സംഭാവനയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ താൻ നൽകിയ തുക തിരികെ വേണമെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നടത്തിയ പരാമർശത്തോടും അജയ് ആലോക് പ്രതികരിച്ചു. ദിഗ്‌വിജയ് സിംഗ് നൽകിയ സംഭാവനയുടെ രസീത് ഹാജരാക്കിയാൽ പലിശ സഹിതം പണം തിരികെ നൽകാമെന്നും അദ്ദേഹം പരിഹസിച്ചു.

ഇതിനിടെ, ക്ഷേത്രവുമായി ബന്ധപ്പെട്ട് 20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാൾ, സഞ്ജയ് സിംഗ് എന്നിവർക്ക് എതിരെയും നടപടി ആവശ്യപ്പെട്ട് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ അന്വേഷണ ഉദ്യോഗസ്ഥന് കത്ത് നൽകി. ആരോപണങ്ങൾക്ക് ആധാരമായ രേഖകൾ എന്താണെന്ന് ഇവരോട് അന്വേഷിക്കണമെന്നും, തെളിവുകൾ ലഭിച്ചാൽ അന്വേഷണത്തിന് അത് സഹായകരമാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ തുകയും ഭൂമി ഇടപാടുകളും ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ, പ്രസ്താവന നടത്തിയ നേതാക്കളെ അന്വേഷണ ഏജൻസികൾ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img