
അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനകൾ വെട്ടിച്ച കേസിൽ അറസ്റ്റിലായ എട്ടു പ്രതികളുടെയും നിയമവിരുദ്ധ സ്വത്തുക്കളെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷണം ഊർജ്ജിതമാക്കി. തട്ടിപ്പു പണം ഉപയോഗിച്ച് നിർമ്മിച്ച ആഡംബര മന്ദിരങ്ങൾ ഉൾപ്പെടെയുള്ളവ നിർമ്മാണ ചട്ടം ലംഘിച്ചതാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങൾക്കെതിരെ യോഗി ആദിത്യനാഥ് സർക്കാരിന്റെ കടുത്ത 'ബുൾഡോസർ' നടപടി ഉണ്ടാകുമെന്നാണ് സൂചന.
തട്ടിപ്പു പണത്തിൽ ഉയർന്ന ആഡംബര വീട്; പാലുകാച്ചലിന് തൊട്ടുമുമ്പ് പിടിയിൽ
ഭണ്ഡാരത്തിലെ പണം എണ്ണുന്ന ജീവനക്കാരനായിരുന്ന പ്രതികളിലൊരാളായ ലവ്കുശ് മിശ്ര, കേവലം 12,000 മുതൽ 15,000 രൂപ വരെ മാത്രം മാസശമ്പളം വാങ്ങിയിരുന്നയാളാണ്. എന്നാൽ തട്ടിപ്പ് തുടങ്ങിയ ശേഷം ഇയാൾ 25 ലക്ഷത്തിലധികം രൂപ മുടക്കി ആഡംബര വീട് പണിയുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അയോദ്ധ്യ-ലക്‌നൗ ദേശീയപാതയിലെ സഹദത്ത്ഗഞ്ച് - ബൻബീർപുർ മേഖലയിൽ ഭാര്യ സുപ്രിയയുടെ പേരിൽ 9 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയാണ് രണ്ട് നില വീട് നിർമ്മിച്ചത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ലവ്കുശ് പിടിയിലാകുന്നത്. ഈ വീടിന്റെ അനുമതി പത്രങ്ങളും രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാൻ ആവശ്യപ്പെട്ട് കുടുംബത്തിന് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.
പിടിച്ചെടുത്തത് ലക്ഷങ്ങളും വിദേശ കറൻസിയും
കേസിലെ പ്രതികളിൽ നിന്ന് ഇതുവരെ 79 ലക്ഷത്തിലധികം രൂപയാണ് പൊലീസ് റെയ്ഡിലൂടെ കണ്ടെടുത്തത്. ഇതിനുപുറമെ 11 ഗ്രാം സ്വർണം, 375 ഗ്രാം വെള്ളി, യു.എസ് ഡോളർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്ന് കണ്ടെടുത്ത തുകയുടെ ഏകദേശ കണക്ക് പ്രതിയുടെ പേര്പിടിച്ചെടുത്ത തുക
അവിനാശ് മിശ്ര₹ 20 ലക്ഷം
കരുണേഷ് പാണ്ഡെ 18.07 ലക്ഷം
അനുകൽപ് മിശ്ര₹ 16.82 ലക്ഷം
ലവ്കുശ് മിശ്ര₹ 1 v4.25 ലക്ഷം
രാമശങ്കർ മിശ്ര₹ 7.32 ലക്ഷം
രാമശങ്കർ യാദവ് (ടിന്നു)₹ 1 ലക്ഷംചമ്പത് റായിക്കെതിരെ ആരോപണം; വൻസ്രാവുകളെ രക്ഷിക്കാൻ നീക്കമെന്ന് പ്രതിപക്ഷം
ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന പശ്ചാത്തലത്തിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ധാർമ്മിക ഉത്തരവാദിത്തമേറ്റ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ, തട്ടിപ്പിൽ ഉന്നതർക്കുള്ള പങ്ക് മറച്ചുവെക്കാനും താഴേത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കി വൻസ്രാവുകളെ രക്ഷിക്കാനുമാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ പാർട്ടികളും ഫൈസാബാദ് ബാർ അസോസിയേഷനും ആരോപിക്കുന്നു. ചമ്പത് റായ്, അനിൽ മിശ്ര, ഭൂമി ഇടപാടുകളുടെ ചുമതലയുണ്ടായിരുന്ന ഗോപാൽ റാവു എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ട്.
അറസ്റ്റിലായ രാമശങ്കർ യാദവിനെ (ടിന്നു) കേസിൽ ബലിയാടാക്കുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ദിനേശ് യാദവും ആരോപിച്ചു. കേസിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ, ചമ്പത് റായ് രാമജന്മഭൂമി പ്രസ്ഥാനത്തിനായി ജീവിതം മാറ്റിവെച്ച വ്യക്തിയാണെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടിയുടെ വിശദമായ ചോദ്യം ചെയ്യലുകൾ തുടരുകയാണ്.










