
ന്യൂഡൽഹി: തുടർച്ചയായി ഉയരുന്ന അഴിമതി ആരോപണങ്ങൾ ബിജെപിക്കും ആർ എസ് എസിനും വലിയ വെല്ലുവിളിയാകുന്നു. അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണക്കൊള്ള വിവാദം കത്തിക്കൊണ്ടിരിക്കെ, 2028-ലെ ഉജ്ജയിൻ കുംഭമേളയുമായി ബന്ധപ്പെട്ട വികസനപദ്ധതികളിൽ ക്രമക്കേട് നടന്നെന്ന ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നേരിടുകയാണ്. ഇതിനിടെ, സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിമർശനങ്ങൾക്ക് വിധേയനായി. അതേസമയം, 1,270 കോടി രൂപയുടെ സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട കേസിൽ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരെ സുപ്രീംകോടതി നിർദേശപ്രകാരം സിബിഐ പ്രാഥമിക അന്വേഷണം നടത്തുകയാണ്. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം.
എന്നാൽ, ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുക്കുന്നത് പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. പ്രത്യേകിച്ച് അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് ആർഎസ്എസ് വൃത്തങ്ങളുടെ വിലയിരുത്തൽ.
ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടൽ ഒഴിവാക്കി സ്വതന്ത്ര ട്രസ്റ്റുകൾക്കു ചുമതല നൽകണമെന്നതാണ് ആർഎസ്എസിന്റെ ദീർഘകാല നിലപാട്. എന്നാൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് രൂപീകരിച്ച അയോധ്യ ട്രസ്റ്റിനെതിരേ തന്നെ ആരോപണങ്ങൾ ഉയർന്നതോടെ ആ വാദവും വിമർശനവിധേയമായിരിക്കുകയാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന ക്ഷേത്രത്തിന്റെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ശക്തമാണ്.
പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, ക്ഷേത്രനിധി കൈകാര്യം ചെയ്യുന്നതിൽ ആവശ്യമായ മേൽനോട്ടമില്ലായിരുന്നുവെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പണാപഹരണ ആരോപണങ്ങൾക്ക് പുറമേ, വിപണിവിലയെക്കാൾ ഉയർന്ന തുക നൽകി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണപരിധിയിലുണ്ട്.
പ്രധാനമന്ത്രിയടക്കമുള്ളവർക്ക് പരാതികൾ ലഭിച്ചതിന് പിന്നാലെ ട്രസ്റ്റ് തന്നെ അന്വേഷണം ആവശ്യപ്പെട്ടത് വിമർശനം ശമിപ്പിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ, പ്രതിപക്ഷ പാർട്ടികൾ ഇതിനകം തന്നെ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്.
മധ്യപ്രദേശിൽ മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പുതുമയല്ല. വിഷയത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പരാതികൾ ഉന്നയിച്ചിട്ടും നടപടിയില്ലാത്തത് ആർഎസ്എസിലെ ചില സ്വാധീനമുള്ള നേതാക്കളുടെ പിന്തുണ മൂലമാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു.
മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ഒഴിവാക്കി മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത് ആർഎസ്എസിന്റെയും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും താൽപര്യപ്രകാരമാണ്. നേരത്തേ വിദ്യാഭ്യാസ മന്ത്രിയായിരുന്നെങ്കിലും സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായി ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നില്ല.










