
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വധത്തിനു പിന്നാലെ ഇറാന്റെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തെരഞ്ഞെടുത്ത ആയത്തുല്ല അറാഫിയും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു. ചുമതലയേറ്റെടുത്തതിന് മണിക്കൂറുകൾക്കകം ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിലാണ് അറാഫി കൊല്ലപ്പെട്ടതെന്നാണ് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം, ഇന്നലെ ടെലിവിഷൻ വഴി ഇറാൻ ജനതയെ അഭിസംബോധന ചെയ്ത അറാഫി, രാജ്യത്തിന് എത്രയും വേഗം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അറാഫി കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.
ആയത്തുല്ല ഖമനയിയുടെ മരണം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ തന്നെ അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖമനയിയുടെ മരണം പ്രഖ്യാപിച്ചതിന് ശേഷമാണ് ഇറാൻ സ്ഥിരീകരണം നൽകിയത്.
നിലവിൽ ഇറാനിലെ രക്ഷാധികാര സമിതിയിലും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന സമിതിയിലും അംഗമായിരുന്നു ആയത്തുല്ല അറാഫി. സംഭവവികാസങ്ങളിൽ വ്യക്തത വരാനിരിക്കുന്ന മണിക്കൂറുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ.











