11:30pm 10 July 2026
NEWS
ആയത്തുല്ല അലി ഖമനയിക്ക് മഷ്ഹദിൽ അന്ത്യവിശ്രമം; കബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ
10/07/2026  06:24 AM IST
nila
ആയത്തുല്ല അലി ഖമനയിക്ക് മഷ്ഹദിൽ അന്ത്യവിശ്രമം; കബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ

ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ (86) കബറടക്കം ഷിയാ വിശ്വാസികളുടെ പ്രധാന തീർഥാടനകേന്ദ്രമായ മഷ്ഹദിലെ ഇമാം റിസ പള്ളിയിൽ നടന്നു. ഒരാഴ്ച നീണ്ട അനുസ്മരണച്ചടങ്ങുകൾക്കും പൊതുദർശനത്തിനും ശേഷമാണ് നാലു പതിറ്റാണ്ടിലേറെ രാജ്യത്തെ നയിച്ച ആത്മീയ നേതാവിന് ഔദ്യോഗികമായി അന്ത്യാഞ്ജലി അർപ്പിച്ചത്.

ഖമനയിയുടെ ജന്മനാടായ മഷ്ഹദിലേക്ക് പുലർച്ചെ മുതൽ ആയിരക്കണക്കിന് അനുയായികൾ വിലാപയാത്രയായി ഒഴുകിയെത്തി. കറുത്ത വസ്ത്രം ധരിച്ച ജനങ്ങൾ ഇറാൻ ദേശീയപതാകയേന്തി നഗരവീഥികളിൽ നിറഞ്ഞുനിന്നു. വികാരനിർഭരമായ അന്തരീക്ഷത്തിലായിരുന്നു കബറടക്കച്ചടങ്ങുകൾ നടന്നത്.

ഫെബ്രുവരി 28-ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. തുടർന്ന് സംഘർഷം രൂക്ഷമായതിനാൽ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കബറടക്കച്ചടങ്ങുകൾ വൈകുകയായിരുന്നു.

അതേസമയം, നിലവിലെ പരമോന്നത നേതാവും ഖമനയിയുടെ മകനുമായ ആയത്തുല്ല മുജ്തബ ഖമനയി ചടങ്ങിൽ പങ്കെടുത്തില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഖമനയി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതര പരുക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img