12:19am 07 July 2026
NEWS
എവിടെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ്? ദുരൂഹത തുടരുന്നു
06/07/2026  02:05 PM IST
nila
എവിടെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ്? ദുരൂഹത തുടരുന്നു

ടെഹ്റാൻ: ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിന് നേരെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, മകൻ മുജ്തബ ഖമനയിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ശബ്ദസന്ദേശമോ വീഡിയോ സന്ദേശമോ പുറത്തുവിട്ടിട്ടില്ലെന്നത് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർധിപ്പിക്കുകയാണ്. ആക്രമണത്തിൽ ഖമനയിയുടെ മകൾ സഹ്റ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി, മറ്റ് കുടുംബാംഗങ്ങൾ, ഉന്നത സൈനിക ഉദ്യോഗസ്ഥർ എന്നിവരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് മുമ്പ് ദീർഘകാല നിരീക്ഷണത്തിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

1981 മുതൽ എട്ട് വർഷം ഇറാൻ പ്രസിഡന്റായിരുന്ന ഖമനയി, 1979-ലെ ഇസ്ലാമിക വിപ്ലവത്തിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. ആയത്തുല്ല റുഹൊല്ല ഖുമൈനിയുടെ നിര്യാണത്തിന് പിന്നാലെ 1989-ലാണ് അദ്ദേഹം പരമോന്നത നേതൃപദവി ഏറ്റെടുത്തത്. സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഇപ്പോൾ മകൻ മുജ്തബ ആ പദവിയിലെത്തിയത്.

മുജ്തബ പൊതുവേദിയിൽ എത്താത്തതിന് നിരവധി വിശദീകരണങ്ങളാണ് പുറത്തുവരുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട്. മറുവശത്ത്, ഇസ്രയേലിന്റെയും അമേരിക്കയുടെയും ലക്ഷ്യപട്ടികയിലുള്ളതിനാൽ അതീവ സുരക്ഷയുള്ള രഹസ്യകേന്ദ്രത്തിലാണ് അദ്ദേഹമെന്നുമാണ് മറ്റുചില റിപ്പോർട്ടുകൾ പറയുന്നത്. മുജ്തബയെ ലക്ഷ്യമിടുന്നുവെന്ന് ഇസ്രയേൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മുജ്തബയുടെ ശബ്ദസന്ദേശം പോലും പുറത്തുവിടുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്ന ആശങ്കയാണ് ഇറാൻ ഭരണകൂടത്തിനുള്ളതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ താമസസ്ഥലം കണ്ടെത്താൻ യുഎസ്–ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം ശക്തമാക്കിയിരിക്കുകയാണെന്നും ഭരണകൂടത്തിനുള്ളിൽ പോലും ചാരന്മാർ ഉണ്ടാകാമെന്ന സംശയമുള്ളതിനാൽ വിശ്വസ്തരായ ചുരുക്കം ചിലർക്കു മാത്രമാണ് അദ്ദേഹത്തിന്റെ ഒളിത്താവളത്തെക്കുറിച്ച് അറിവുള്ളതെന്നും റിപ്പോർട്ടുകളിലുണ്ട്. സന്ദേശങ്ങൾ രഹസ്യദൂതന്മാർ വഴിയാണ് കൈമാറുന്നതെന്ന പ്രചാരണവുമുണ്ട്.

അതേസമയം, ഖമനയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ടെഹ്റാനിൽ വൻജനാവലി ഒത്തുകൂടിയപ്പോഴും മുജ്തബയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഖമനയിയുടെ മറ്റ് മൂന്ന് ആൺമക്കളായ മേയ്സം, മസൂദ്, മുസ്തഫ എന്നിവർ ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ലയിൽ എത്തി അന്തിമോപചാരം അർപ്പിക്കുന്ന ദൃശ്യങ്ങൾ ഇറാൻ സർക്കാർ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഇതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ അഭിമുഖവും ചർച്ചയാകുകയാണ്. "അവർ എല്ലാവരും എവിടെയാണെന്ന് ഞങ്ങൾക്കറിയാം. വേണമെങ്കിൽ ഒരേസമയം എല്ലാവരെയും ഇല്ലാതാക്കാമായിരുന്നു. എന്നാൽ ചർച്ച നടത്താൻ ആരെങ്കിലും വേണമല്ലോ. അവർ കരാറിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്," എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ട്രംപിന്റെ മാറിമറിയുന്ന നിലപാടുകൾ കണക്കിലെടുത്ത് ഇറാൻ കൂടുതൽ ജാഗ്രത പാലിക്കുകയാണ്. മുജ്തബ ഖമനയിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചോ അദ്ദേഹം പൊതുവേദിയിൽ എത്തുന്ന സമയത്തെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമോയെന്നതും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img