11:24pm 10 August 2026
NEWS
ആക്സിസ് മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ എനർജി ഫണ്ടുകൾ അവതരിപ്പിച്ചു
10/08/2026  07:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആക്സിസ് മ്യൂച്വൽ ഫണ്ട് രണ്ട് പുതിയ  എനർജി ഫണ്ടുകൾ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തിന്റെ  വളർന്നുവരുന്ന ഊർജ മേഖലയിൽ നിക്ഷേപ അവസരങ്ങൾ നൽകുന്നതിനായി ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടും ആക്സിസ് നിഫ്റ്റി എനർജി ഇടിഎഫും അവതരിപ്പിച്ചു. നിഫ്റ്റി എനർജി ടി.ആർ.ഐയെ പിന്തുടരുന്ന  ഇരു പദ്ധതികളും ഓയിൽ ആൻഡ് ഗ്യാസ്, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗ ഊർജം, എനർജി ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം ലക്ഷ്യമിടുന്നു.

ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടിന്റെ എൻഎഫ്ഒ ഓഗസ്റ്റ് 21 വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 100 രൂപയാണ്. അലോട്ട്മെന്റ് തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പിൻവലിച്ചാൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ബാധകമാണ്.

ആക്സിസ് നിഫ്റ്റി എനർജി ഇടിഎഫിന്റെ എൻഎഫ്ഒ ഓഗസ്റ്റ് 12 മുതൽ 21 വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 5,000 രൂപയാണ്.  എനർജിആക്സിസ് എന്ന ട്രേഡിങ് സിംബലിൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഇടിഎഫിന് എക്സിറ്റ് ലോഡില്ല.

രാജ്യത്തിന്റെ വ്യാവസായികവൽക്കരണം, നഗരവൽക്കരണം, ഡിജിറ്റലൈസേഷൻ എന്നിവയ്ക്കൊപ്പം ഊർജ മേഖലയിലെ ആവശ്യകത ഉയരുമെന്നാണ് പ്രതീക്ഷ. പുനരുപയോഗ ഊർജം, ട്രാൻസ്മിഷൻ വികസനം, ഊർജ സുരക്ഷ, സാങ്കേതിക നവീകരണം എന്നിവ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപകുമാർ പറഞ്ഞു. പരമ്പരാഗതവും പുനരുപയോഗ ഊർജവും ഉൾപ്പെടെയുള്ള ഊർജ മേഖലയിലെ വളർച്ചയിൽ നിക്ഷേപകർക്ക് പങ്കാളികളാകാനുള്ള അവസരമാണ് പുതിയ ഫണ്ടുകൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരു ഫണ്ടുകളും നന്ദിക് മല്ലിക്കും രോഹിത് ഗൗതമും ചേർന്ന് കൈകാര്യം ചെയ്യും. അടുത്ത ദശാബ്ദത്തിൽ ഇന്ത്യ 580 ജിഗാവാട്ടിലധികം വൈദ്യുതി ഉത്പാദന ശേഷി കൂട്ടിച്ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിഫ്റ്റി 500-ൽ ഉൾപ്പെട്ട ഊർജ മേഖലയിലെ 40 ഓഹരികളാണ് നിലവിൽ ഈ പ്രധാന സൂചികയിൽ ഉള്ളത്. അവയുടെ ഫ്രീ-ഫ്ലോട്ട് വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് ഓരോ ഓഹരിക്കും ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ഒരു ഓഹരിക്ക് ഇതിൽ നൽകാവുന്ന പരമാവധി വെയിറ്റേജ് 10 ശതമാനമാണ്. അതുപോലെ, ഒരു വ്യവസായ മേഖലയ്ക്ക്  പരമാവധി 25 ശതമാനം വെയിറ്റേജ് മാത്രമേ നൽകാൻ കഴിയൂ.

വർഷത്തിൽ രണ്ടുതവണ  മാർച്ച്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ സൂചിക പുനഃക്രമീകരിക്കുന്നത്. പാസീവ് നിക്ഷേപം വഴി ഇന്ത്യയുടെ ദീർഘകാല ഊർജ്ജ വളർച്ചയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെയാണ് ഈ പുതിയ ഫണ്ടുകൾ ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img