11:50am 02 November 2026
NEWS
വാഷിംഗ്‌ടൺ-ടെഹ്‌റാൻ ചർച്ചകളിലെ ഖത്തർ മധ്യസ്ഥതയിൽ ശുഭപ്രതീക്ഷയെന്ന് ആക്‌സിയോസ് റിപ്പോർട്ട്
02/11/2026  10:41 AM IST
nila
വാഷിംഗ്‌ടൺ-ടെഹ്‌റാൻ ചർച്ചകളിലെ ഖത്തർ മധ്യസ്ഥതയിൽ ശുഭപ്രതീക്ഷയെന്ന് ആക്‌സിയോസ് റിപ്പോർട്ട്

 

​ദോഹ: അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും മേഖലയിൽ പുതിയൊരു യുദ്ധം ഒഴിവാക്കുന്നതിനുമായി ഖത്തറിന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കുന്ന മധ്യസ്ഥശ്രമങ്ങളിൽ അനുകൂല പുരോഗതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തറിന്റെ നയതന്ത്ര നീക്കങ്ങൾ നടക്കുന്നത്.
​അമേരിക്കൻ വാർത്താ വെബ്സൈറ്റായ 'ആക്‌സിയോസ്' നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഖത്തർ പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്‌റാനിൽ 12 മണിക്കൂറിലധികം നീളുന്ന ചർച്ചകൾ നടത്തി. ഈ ചർച്ചകളിൽ വൈറ്റ് ഹൗസുമായി ഖത്തർ സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് നയതന്ത്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും കാര്യമായ മുന്നേറ്റം കൈവരിക്കാനായതായും അവർ കൂട്ടിച്ചേർത്തു.
​ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെയുള്ള ചില അടിയന്തര നടപടികൾ നടപ്പിലാക്കുകയും, അതുവഴി ഇറാൻ ആണവ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നേരിട്ടുള്ള ചർച്ചകൾക്ക് കളമൊരുക്കുകയുമാണ് ഖത്തർ ലക്ഷ്യമിടുന്നത്. എന്നാൽ, നേരിട്ടുള്ള ചർച്ചകൾക്ക് മുമ്പ് ഇറാൻ ആണവരംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെടുമ്പോൾ, യു.എസ് ഉപരോധം മാറ്റണമെന്നും സാമ്പത്തിക സഹായങ്ങൾ അനുവദിക്കണമെന്നുമാണ് ഇറാന്റെ നിലപാട്.
​അതേസമയം, ഈജിപ്ത്, തുർക്കി, ഇറാഖ്, പാകിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇറാന് മേൽ നയതന്ത്ര സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. യു.എസ് തെരഞ്ഞെടുപ്പിന് ശേഷം സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ, നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകണമെന്ന് സൗദി, തുർക്കി നേതാക്കൾ അമേരിക്കയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img