
ദോഹ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ കുറഞ്ഞ വരുമാനക്കാരായ രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യസാധനങ്ങളടങ്ങിയ 'ഗിവിംഗ് ബാസ്‌ക്കറ്റ്' (Giving Basket) വിതരണം ചെയ്യുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെന്റ്‌സ് അറിയിച്ചു. ഹിഫ്‌സ് അൽ നഅ്മ സെന്ററുമായി (Hifz Al Naema Center) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ വഖഫ് ഫണ്ട് ഫോർ റൈറ്റസ്‌നസ് ആൻഡ് പൈറ്റി (Waqf Fund for Righteousness and Piety) ആണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. റമദാൻ മാസത്തിലെ സാമൂഹിക ഐക്യദാർഢ്യത്തിന്റെയും കരുണയുടെയും പ്രായോഗിക രൂപമാണ് ഈ പദ്ധതിയെന്ന് ജനറൽ ഡയറക്ടർ എഞ്ചിനീയർ ഹസൻ ബിൻ അബ്ദുള്ള അൽ മർസൂഖി പറഞ്ഞു.ഒരു കുടുംബത്തിന് റമദാൻ മാസത്തിലുടനീളം ആവശ്യമുള്ള പ്രധാന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ സമഗ്രമായ പാഴ്സലുകളാണ് നൽകുന്നത്.അർഹരായ കുടുംബങ്ങളെ കണ്ടെത്തി മാന്യമായ രീതിയിൽ അവരുടെ പക്കലേക്ക് സഹായം എത്തിക്കും.വഖഫ് ചെയ്യുന്നവരുടെ ലക്ഷ്യം പൂർത്തീകരിക്കാനും സമൂഹത്തിൽ പരസ്പര സഹായത്തിന്റെ സംസ്‌കാരം വളർത്താനുമാണ് ഇത്തരം പദ്ധതികളിലൂടെ ശ്രമിക്കുന്നതെന്ന് ഹിഫ്‌സ് അൽ നഅ്മ സെന്റർ ഡയറക്ടർ അലി ആയദ് അൽ ഖഹ്താനി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളുടെ ഭാരം കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും. വരും വർഷങ്ങളിലും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.











