01:58am 13 November 2026
NEWS
ഔഖാഫ് റമദാൻ കർമ്മപദ്ധതി പ്രഖ്യാപിച്ചു
19/02/2026  03:34 PM IST
nila
ഔഖാഫ് റമദാൻ കർമ്മപദ്ധതി പ്രഖ്യാപിച്ചു

 

ദോഹ: 1447-ാമത് വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ 'കീഴടങ്ങലും പാപമോചനവും' (Obedience and Forgiveness) എന്ന പ്രമേയത്തിൽ വിപുലമായ പ്രവർത്തന പദ്ധതികളുമായി ഖത്തർ ഇസ്‌ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്). വിശ്വാസ മൂല്യങ്ങൾ പരിപോഷിപ്പിക്കുക, പ്രവാസികൾക്കും സ്വദേശികൾക്കും മികച്ച രീതിയിൽ ഇബാദത്തുകൾ നിർവ്വഹിക്കാനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.രാജ്യത്തെ 50 പള്ളികളിൽ ഖുർആൻ പാരായണത്തിനും പുനരവലോകനത്തിനുമായി പ്രത്യേക സദസ്സുകൾ ഒരുക്കും. 'തംകീൻ' പദ്ധതിയിലൂടെ ഖുർആൻ പഠനത്തിനും 'സബ്അൽ മസാനി' ടെലിഫോൺ സേവനത്തിലൂടെ സൂറത്തുൽ ഫാത്തിഹ പാരായണം തിരുത്താനും സൗകര്യമുണ്ടാകും.തിരഞ്ഞെടുത്ത നാല് പ്രധാന പള്ളികളിലായി 100 പ്രഭാഷണങ്ങൾ നടക്കും. കൂടാതെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കുന്ന വിജ്ഞാന സദസ്സുകളും സംഘടിപ്പിക്കും.രോഗശാന്തിയും കാരുണ്യവും എന്ന പദ്ധതിയുടെ ഭാഗമായി 20 ഖത്തറി പ്രബോധകർ ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലെ വിവിധ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കും.മാൾ ഓഫ് ഖത്തറിൽ കുട്ടികൾക്കായി ലേണിംഗ് ക്യാമ്പുകളും മത്സരങ്ങളും നടക്കും. സ്ത്രീകൾക്കായി ആറ് ഖുർആൻ പഠന കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസുകളും ഓൺലൈൻ സെമിനാറുകളും സംഘടിപ്പിക്കും.ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളി ഉൾപ്പെടെയുള്ള പ്രധാന പള്ളികളിൽ മികച്ച ഖാരിഉകളെ (ഖുർആൻ പാരായണം ചെയ്യുന്നവർ) നിശ്ചയിച്ചു കഴിഞ്ഞു. കൂടാതെ 'ബിലാൽ ഓഫ് ദി ഏജ്' മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അടുത്തുള്ള പള്ളികളിൽ ബാങ്ക് വിളിക്കാനുള്ള അവസരവും മന്ത്രാലയം നൽകും.ഖത്തർ ടിവി, റേഡിയോ എന്നിവ വഴി വിവിധ ദീനി പരിപാടികളും ഫത്‌വ സെഷനുകളും റമദാനിൽ ഉടനീളം സംപ്രേഷണം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img