
മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പ്രമുഖ ന്യൂറോ സർജൻമാരുടെയും നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധരുടെയും നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ന്യൂറോ സർജൻമാരായ ഡോ. ഗിരീഷ് മേനോൻ, ഡോ. സുശാന്ത് എസ്., ഡോ. ശ്രീജിത് എം.ഡി, നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധൻ ഡോ. അശോക് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചത്.
പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം, ചികിത്സാ രീതികളിലെ ആധുനികവൽക്കരണം, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് കുറഞ്ഞ മുറിവുകളുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം എന്നിവയിലാണ് പ്രധാനമായും ബോധവൽക്കരണം നടത്തുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ഡോക്ടർമാരുടെ പാനൽ അറിയിച്ചു. സ്ഥിരമായ നടുവേദന, കൈകാലുകളിലെ ബലക്കുറവ് , മരവിപ്പ്, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകൽ, നീണ്ടുനിൽക്കുന്ന തലവേദന, സംസാരത്തിലോ കാഴ്ചയിലോ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ മസ്തിഷ്ക–നട്ടെല്ല് രോഗങ്ങളുടെ പ്രാരംഭ മുന്നറിയിപ്പുകളാകാമെന്ന് ഇവർ വ്യക്തമാക്കി.
നട്ടെല്ല് ശസ്ത്രക്രിയയിലെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് കുറഞ്ഞ മുറിവുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം ഈ മേഖലയിലെ രോഗികളെ സംബന്ധിച്ച് ആശാവഹമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതുവഴി മാംസപേശികൾക്കുണ്ടാകുന്ന മുറിവുകൾ, രക്തസ്രാവം, ആശുപത്രി വാസം, സുഖപ്രാപ്തി സമയം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നതായി അവർ പറഞ്ഞു. ഇവ കൂടാതെ, അഡ്വാൻസ്ഡ് ഇമേജിംഗ്, നാവിഗേഷൻ സാങ്കേതിക വിദ്യകൾ ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.







