
നടൻ അവിനാഷ് മിശ്രയും നടി ഇഷ സിങ്ങും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടായെന്ന വാർത്തകൾക്കു പിന്നാലെ, ഇഷയുമായുള്ള വേർപിരിയലിൽ ഉത്തരവാദിത്തം തനിക്കാണെന്ന് വ്യക്തമാക്കി അവിനാഷ് രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച വിഡിയോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
തന്റെ ഡിജെ പരിപാടിക്കിടെ ഒരു പാട്ട് അവതരിപ്പിച്ചതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് അവിനാഷ് പറഞ്ഞു. ഇത് ഇഷയെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്ന് തനിക്കറിയാം. അത്തരമൊരു ഉദ്ദേശ്യം തനിക്കുണ്ടായിരുന്നില്ലെങ്കിലും സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി. “ഞങ്ങൾ വേർപിരിഞ്ഞതിന്റെ ഉത്തരവാദിത്തവും എനിക്കാണ്. ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് എന്നെയാണ്. അവിടെയും എന്റെ തെറ്റാണ്. ക്ഷമ ചോദിക്കാനാണ് ഇപ്പോൾ എത്തിയിരിക്കുന്നത്,” എന്നായിരുന്നു അവിനാഷിന്റെ വാക്കുകൾ.
വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും ഇരുവരുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ആരാധകരോട് താരം അഭ്യർഥിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നേരെ ഭീഷണി സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം. വ്യക്തിപരമായ കാര്യങ്ങൾ രണ്ടുപേർക്കിടയിൽ മാത്രം ഒതുങ്ങേണ്ടതാണെന്നും അവിനാഷ് പറഞ്ഞു. സ്വയം മെച്ചപ്പെടേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ വീണ്ടും പൊതുവേദികളിൽ സജീവമാകൂവെന്നും താരം കൂട്ടിച്ചേർത്തു.
അടുത്തിടെ ഡിജെ രംഗത്തേക്ക് ചുവടുവച്ച അവിനാഷ് തന്റെ ആദ്യ പരിപാടിയിൽ ‘ബേവഫാ’ എന്ന ഗാനം അവതരിപ്പിച്ചിരുന്നു. വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ മനസ്സിലെത്തുന്ന പാട്ടാണിതെന്ന പരാമർശത്തോടെയായിരുന്നു ഗാനം അവതരിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇഷയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
ബിഗ് ബോസ് വീട്ടിൽ തുടങ്ങിയ അടുപ്പം
‘ബിഗ് ബോസ് 18’ൽ ഒരുമിച്ചുണ്ടായിരുന്ന സമയത്താണ് അവിനാഷും ഇഷയും അടുത്തറിയുന്നത്. ഷോയ്ക്കിടെ ഇരുവരും തമ്മിലുള്ള സൗഹൃദവും അടുപ്പവും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. പരിപാടിക്കു ശേഷം ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും അന്ന് പ്രണയബന്ധമുണ്ടെന്ന വാർത്തകൾ ഇരുവരും നിഷേധിച്ചിരുന്നു.
പിന്നീട് ‘പതി പത്നി ഔർ പംഗ’യുടെ രണ്ടാം സീസണിൽ ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഖത്രോൻ കെ ഖിലാഡി 18’ന്റെ വിജയാഘോഷത്തിനിടെ ഇഷയോടുള്ള പ്രണയം അവിനാഷ് തുറന്നുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
എന്നാൽ അടുത്തിടെ ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം അൺഫോളോ ചെയ്തത് വേർപിരിയൽ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. അവിനാഷിനെതിരെ വഞ്ചന ആരോപിക്കുന്ന തരത്തിലുള്ള ഇഷയുടെ അമ്മയുടേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശവും ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
തനിക്കെതിരെയുള്ള വഞ്ചനാ ആരോപണങ്ങളിൽ അവിനാഷ് നേരിട്ട് വിശദീകരണം നൽകിയിട്ടില്ല. എന്നാൽ വേർപിരിയൽ സ്ഥിരീകരിച്ച താരം, സംഭവിച്ച കാര്യങ്ങളിൽ തനിക്കാണ് ഉത്തരവാദിത്തമെന്നും വ്യക്തമാക്കി.










