
വെബ്സൈറ്റ് അനുസരിച്ച് ആൾട്ടോയുടെ വില ഏകദേശം 22.51 ലക്ഷം പാകിസ്ഥാനി രൂപയാണ്.
ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നാണ് സുസുക്കിയുടെ ബ്രാൻഡുകൾ. ഇന്ത്യയിൽ മറ്റ് കമ്പനികളുമായി ചേർന്നാണ് സുസുക്കി അവരുടെ വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നത്. എന്നാൽ, പാകിസ്ഥാനിലാകട്ടെ സുസുക്കി നേരിട്ടാണ് തങ്ങളുടെ കാറുകൾ വിപണിയിൽ ഇറക്കുന്നത്. ഇന്ത്യയിൽ ആൾട്ടോയുടെ ബേസ് മോഡലിന് വില നാലു മുതൽ അഞ്ചു ലക്ഷം വരെയാണെങ്കിൽ പാകിസ്ഥാനിലെ സ്ഥിതി അൽപം വ്യത്യസ്തമാണ്. ആൾട്ടോയുടെ ബേസ് മോഡലിന് 20 ലക്ഷം രൂപയിലേറെയാണ് പാകിസ്ഥാനിലെ വില. ആൾട്ടോയുടെ VXR മോഡലിന് പാകിസ്ഥാനിൽ 26.12 ലക്ഷം പാകിസ്ഥാനി രൂപ നൽകണം.
സുസുക്കിയുടെ വെബ്സൈറ്റ് അനുസരിച്ച് ആൾട്ടോയുടെ വില ഏകദേശം 22.51 ലക്ഷം പാകിസ്ഥാനി രൂപയാണ്. വണ്ടിയുടെ മറ്റ് ആക്സസറീസിന്റെ വില ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. ആൾട്ടോയുടെ തന്നെ മറ്റൊരു മോഡലായ ആൾട്ടോ VXR ന് 26.12 ലക്ഷം പാകിസ്ഥാനി രൂപയാണ് വില. ആൾട്ടോ VXR – AGS മോഡലിന് വില 27.99 ലക്ഷം പാകിസ്ഥാനി രൂപയാണ്. ടോപ്പ് മോഡലായ ആൾട്ടോ XL-AGS ന് ഏതാണ്ട് 29.35 ലക്ഷം പാകിസ്ഥാനി രൂപയാണ് വില. ആൾട്ടോയെക്കൂടാതെ വാഗ്നോറിന്റെ VXR, VXL മോഡലുകൾക്ക് യഥാക്രമം 32.14 ഉം 34.12 ഉം ലക്ഷം പാകിസ്ഥാനി രൂപയാണ് വില. വാഗ്നോറിന്റെ തന്നെ മറ്റൊരു മോഡലിന് പാകിസ്ഥാൻ വാഹന മാർക്കറ്റിൽ വില 37.41 ലക്ഷം പാകിസ്ഥാനി രൂപയാണ്.
സാമ്പത്തിക മാന്ദ്യമാണ് പാകിസ്ഥാനിൽ കാറുകളുടെ വിലവർധനവിന് കാരണമായത്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ പണത്തിന്റെ മൂല്യത്തിൽ വലിയ രീതിയിലുള്ള ഇടിവ് ഉണ്ടായിരുന്നു. പാകിസ്ഥാനി രൂപയുടെ മൂല്യം ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്താൽ ഒരു ഇന്ത്യൻ രൂപ മൂന്ന് പാകിസ്ഥാനി രൂപയ്ക്ക് സമമാണ്.
സാമ്പത്തിക മാന്ദ്യം രാജ്യത്തെ ജന ജീവിതത്തെയും വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആവശ്യ സാധനങ്ങൾക്കായ് പരസ്പരം തമ്മിൽ തല്ലുന്ന രാജ്യത്തെ പൗരന്മാരുടെ ഒരു വീഡിയോ ഈയിടെ വൈറൽ ആയിരുന്നു. കൂടിയ ഇറക്കുമതി ചെലവും നിർമ്മാണ ചെലവുമാണ് വാഹനങ്ങളുടെ വില പാകിസ്ഥാനിൽ കുതിച്ചുയരാനുള്ള പ്രധാന കാരണം.