08:58pm 30 April 2026
NEWS
ബൈക്ക് ടാക്സി നിരോധിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ബംഗളുരുവിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ.
19/02/2026  12:06 PM IST
വിഷ്ണുമംഗലം കുമാർ
ബൈക്ക് ടാക്സി നിരോധിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ബംഗളുരുവിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ

 ഓൺലൈൻ ടാക്സി സർവീസുകൾ വ്യാപകമായതോടെയാണ് ബംഗളുരുവിലെ ഗതാഗത മേഖലയിൽ പുത്തൻ മത്സരപ്രവണതകളും പ്രശ്നങ്ങളും ഉടലെടുത്തത്. ക്യാബുകൾക്ക് പുറമെ ഓട്ടോറിക്ഷകളും ഏതാണ്ട് മുഴുവനായി തന്നെ ഓൺലൈൻ ടാക്സി സർവീസിന്റെ പരിധിയിൽ വന്നുകഴിഞ്ഞു. യൂബർ, ഒല, റാപ്പിഡോ, നമ്മ യാത്രി എന്നിങ്ങനെ ഒരു ഡസനോളം ആപ്പുകൾ ഈ മേഖലയിലുണ്ട്. ഡ്രൈവർമാർ എല്ലാ ആപ്പുകളും ഡൌൺ ലോഡ് ചെയ്യും. അതുകൊണ്ടുതന്നെ തങ്ങളുടെ വാഹനങ്ങൾ ഓൺലൈൻ ടാക്സിയായി ഓടിക്കുന്നവർക്ക് തുടർച്ചയായി യാത്രക്കാരെ ലഭിക്കും( ഓൺലൈൻ സ്ഥാപനങ്ങൾ സർവീസ് നടത്തുന്നത് ഡ്രൈവർമാർ അറ്റാച്ച് ചെയ്യുന്ന വാഹനങ്ങളാണ്. സ്ഥാപനത്തിന്റെ സ്വന്തം വാഹനങ്ങൾ കുറച്ചേ ഉണ്ടാകു)നേരിട്ട് ഓട്ടം പോകുന്ന, ഓൺലൈൻ ടാക്സി സംവിധാനമില്ലാത്ത കാറുകളും ഓട്ടോ റിക്ഷകളും നഗരത്തിൽ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു. സ്വന്തം കാറോ ഓട്ടോയോ ഓൺലൈൻ ടാക്സിയായി ഓടിക്കുന്ന ഡ്രൈവർമാർക്ക് കൊയ്ത്താണ്. എന്നാൽ മറ്റുള്ളവരുടെ ഓൺലൈൻ ടാക്സികൾ ഓടിക്കുന്ന വാടക ഡ്രൈവർമാരുടെ ദുരിതം മാറുന്നില്ല. അവരുടെ വരുമാനം കാര്യമായി വർധിക്കുന്നുമില്ല. ആധുനിക കാലത്തെ പരോക്ഷ ചൂഷണങ്ങൾക്ക് അവർ വ്യാപകമായി വിധേയമാകുന്നുണ്ട്. യാത്രയ്ക്കായി ഓൺലൈൻ വഴി ലഭ്യമാകുന്ന കാർ/ഓട്ടോ ഡ്രൈവർമാരുടെ സ്വന്തമാണോ അതല്ല അവർ വാടക ഡ്രൈവർമാരാണോ എന്ന് യാത്രക്കാർക്ക് മനസ്സിലാവില്ല. മോട്ടോർ സൈക്കിളുകൾക്കും ടാക്സിയായി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകാൻ ഹൈക്കോടതി അനുവാദം കൊടുത്തത് ഈ രംഗത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരാളെയേ കയറ്റാനാവൂ എന്ന പരിമിതിയുണ്ടെങ്കിലും ബൈക്കുകാർക്ക് കുറഞ്ഞ നിരക്കിൽ ഏറ്റവും വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാവും. അതിനാൽ ബൈക്ക് ടാക്സിക്കാർക്ക് നല്ല ഡിമാൻഡുണ്ട്. അതിന്റെ പേരിൽ ഓട്ടോറിക്ഷക്കാരും ബൈക്ക് ടാക്സി ഡ്രൈവേഴ്സും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. ബൈക്ക് ടാക്സി ഓർഡിനൻസിലൂടെ നിരോധിക്കണമെന്നും അക്കാര്യം ബജറ്റിൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആദർശ് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് സ്വന്തമായി പുതിയ ഓട്ടോറിക്ഷകൾ വാങ്ങാൻ സബ്‌സിഡി നിരക്കിൽ വായ്പ അനുവദിക്കുക, സത്യസന്ധതയും കൃത്യനിഷ്ഠയും പ്രകടമാക്കുന്ന ഓട്ടോ ഡ്രൈവർമാരെ സർക്കാർ വേദിയിൽ അനുമോദിക്കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img