
പത്തനംതിട്ട: അയൽവാസിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അടൂർ സ്വദേശി വിനോദ് (43)ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അടൂർ പൊലീസ് കഴിഞ്ഞ രാത്രിയിലാണ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായും മിൽമയുടെ ടാങ്കർ ലോറി ഡ്രൈവറായും ജോലി ചെയ്യുന്ന വിനോദ് കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് അയൽവാസിയായ യുവതിയെ ബലാത്സംഗം ചെയ്തത്.
വസ്ത്രശാലയിൽ പോകാനായി യുവതി വിനോദിന്റെ ഓട്ടോ വിളിക്കുകയായിരുന്നു. യാത്രയ്ക്കിടെ ലൈസൻസ് വീട്ടിൽ മറന്നുവെച്ചു എന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ നിരന്തരം ബുദ്ധിമുട്ടിച്ചു. ഭീഷണി സഹിക്കവയ്യാതെ യുവതി പ്രതിയുടെ ഭാര്യയോട് കാര്യങ്ങൾ വെളിപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്തിൽ പ്രതി യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായും പരാതിയിലുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.










