06:24am 12 October 2024
NEWS
നാട്ടിലെ ഓണ 'സീക്രട്ട്'; ഓസ്ട്രേലിയൻ മലയാളിയായ നടി സൗമ്യ ദിലീപ്
14/09/2024  06:25 PM IST
കാർത്തിക
നാട്ടിലെ ഓണ 'സീക്രട്ട്'; ഓസ്ട്രേലിയൻ മലയാളിയായ നടി സൗമ്യ ദിലീപ്

സേതുരാമയ്യരും നരസിംഹ മന്നാടിയാരും ഇൻസ്‌പെക്ടർ ബൽറാമും സാഗർ ഏലിയാസ് ജാക്കിയും അലി ഇമ്രാനും അശോക് നരിമാനുമെല്ലാം കുട്ടിക്കാലത്ത് ആവേശത്തോടെ എന്റെ ഹൃദയത്തിൽ കൂടുകൂട്ടിയ കഥാപാത്രങ്ങളാണ്.

മമ്മുക്കയും ലാലേട്ടനും സുരേഷേട്ടനുമെല്ലാം നിറഞ്ഞാടിയ ചിത്രങ്ങൾ കണ്ട് വളർന്ന ഞാൻ ഇവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം സിനിമയേയും സ്‌നേഹിക്കാൻ തുടങ്ങിയത്.

ബാല്യകൗമാരത്തിലൂടെ കടന്നുപോയപ്പോഴാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ചത് ശിവറാം നാരായണസ്വാമിയാണെന്ന്, കുറ്റാന്വേഷണ തിരക്കഥാ രചനയിൽ തന്റേതായ ഇടം കണ്ടെത്തിയ മലയാളികളുടെ സ്വന്തം എസ്.എൻ. സ്വാമി സാറാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു നർത്തകിയായി അറിയപ്പെടാൻ ആഗ്രഹിച്ച ഞാൻ ഒരു നിയോഗം പോലെ സ്വാമി സാറ് ആദ്യമായി സംവിധാനം ചെയ്ത 'സീക്രട്ട്' എന്ന ചിത്രത്തിൽ ധ്യാനിനോടൊപ്പം ഡോ. മീനു എന്ന ബ്രാഹ്മണസ്ത്രീയായി ക്യാമറയ്ക്ക് മുന്നിലെത്തി.

പ്രേക്ഷകർക്ക് മുന്നിൽ ഡോ. മീനുവായി എത്തിയ ഓസ്‌ട്രേലിയൻ മലയാളി സൗമ്യ ദിലീപ് ഈ ഓണത്തിന്റെ ഇരട്ടിമധുരത്തെക്കുറിച്ച് വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

ആറാം തമ്പുരാന്റെ മണ്ണിൽ

അറിവിന്റെ തമ്പുരാൻ എന്നറിപ്പെടുന്ന പൂമുള്ളി ആറാം തമ്പുരാന്റെ നാടെന്ന് കീർത്തികേട്ട പാലക്കാട് ജില്ലയിലെ പെരിങ്ങോടാണ് എന്റെ ദേശം.

വള്ളുവനാട് എന്നറിയപ്പെട്ടിരുന്ന പഴയകാല നാട്ടുരാജ്യത്തിലെ അംഗമായിരുന്നു എന്റെ ഗ്രാമവുമെന്ന് ചരിത്രക്ലാസുകളിൽ നിന്നും അറിയാൻ കഴിഞ്ഞിരുന്നു.

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ഭാര്യാഗൃഹവും ഞങ്ങളുടെ നാട്ടിലാണ്.

ഇന്ന് നാം കാണുന്നതും ആസ്വദിക്കുന്നതുമായ സദ്യവട്ടം ആദ്യമായി ഒരുക്കിയത് ഞങ്ങളുടെ ദേശത്തെ പൂമുള്ളികോവിലത്താണെന്ന് ചരിത്രം.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള സൗമ്യയുടെ മനസ്സ് നിമിഷങ്ങൾക്കകം പട്ടാമ്പിക്കടുത്തുള്ള പെരിങ്ങോട്ടെ തറവാട്ടിലേക്ക് ഓടിയെത്തി.

പാടവും പറമ്പും തോടും നിറയെ അമ്പലങ്ങളുമുള്ള നിഷ്‌ക്കളങ്കരായവരുടെ കുഗ്രാമമെന്നുതന്നെ പറയാം.

ഓസ്‌ട്രേലിയയിൽ വന്നപ്പോഴാണ് ഓണത്തിന്റെ ശരിക്കും നൊസ്റ്റാൾജിയ തോന്നിത്തുടങ്ങിയത്. പൂവിളികളില്ല, പൂപറിക്കലില്ല, ആർപ്പുവിളികളില്ല, എന്നാലും എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ കുറച്ചെങ്കിലും കുട്ടികൾക്ക് പകർന്നുനൽകാൻ ശ്രമിക്കാറുണ്ട്.

ബൊക്കെ വാങ്ങിയാണെങ്കിലും തിരുവോണത്തിന്റെ അന്ന് ഇവിടെ പൂക്കളമിടും. ഓണസദ്യ ഒരുക്കാറുണ്ട്. കുട്ടികൾക്ക് ഓണക്കോടിയും കൊടുക്കും. ഇപ്പോൾ ഓണക്കോടിക്കൊന്നും പുതുമ ഇല്ല. കാരണം എപ്പോഴും പുതിയ ഡ്രസ്സ് എടുക്കുന്നതുകൊണ്ട്. എന്നാലും ഞങ്ങൾ ഓണത്തിന് ഓണക്കോടി എന്നുപറഞ്ഞ് എടുത്തുകൊടുക്കാറുണ്ട്. പിന്നെ ഓണത്തിനായി കാത്തിരിക്കുന്നത്  ഇവിടുത്തെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിനുവേണ്ടിയാണ്.

നാട്ടിലെപ്പോലെ ആയില്ലെങ്കിലും ഓണം ഒരിക്കലും മിസ്സാകാറില്ല. ഈ ഓണത്തിന് എനിക്ക് പാൽപ്പായസത്തിനേക്കാൾ ഇരട്ടി മധുരമാണ്. കാരണം ഇതുവരെ ഞാൻ ഒരു ഡാൻസറായാണ് ഇവിടെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ 'സീക്രട്ടി'ലൂടെ ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ എന്റെ ആദ്യത്തെ ഓണം കൂടിയാണിത്. ദിലീപേട്ടൻ എപ്പോഴും കുട്ടികളോട് പറഞ്ഞ് എന്നെ കളിയാക്കും ഈ ഓണത്തിന് നമുക്കൊപ്പം ഒരു സെലിബ്രിറ്റിയുണ്ടെന്നും പറഞ്ഞ്. ഫോണിലൂടെ സൗമ്യയുടെ ചിരി മുഴങ്ങിക്കൊണ്ടേയിരുന്നു.

റീൽസും ആന്റോചേട്ടനും

സാധാരണ എല്ലാവരും പറയുന്നതുപോലെതന്നെ ഞാനും വളരെ ചെറുതിലേ നൃത്തം അഭ്യസിക്കാൻ തുടങ്ങി. അമ്മയുടെ നിർബന്ധപ്രകാരമാണ് ഡാൻസ് പഠിക്കാൻ തുടങ്ങിയത്. ഭരതനാട്യമാണ് കുട്ടിക്കാലം മുതലേ പഠിച്ചുതുടങ്ങിയത്. പത്താം ക്ലാസ് മുതൽ പെരിങ്ങോട് സ്‌ക്കൂളിലാണ് പഠിച്ചത്. അമ്മ അവിടുത്തെ അധ്യാപികയായിരുന്നു. പിന്നീട് എച്ച്.എം. ആയാണ് വിരമിച്ചത്. പ്ലസ് ടൂ ഷൊർണ്ണൂർ സെന്റ് തെരേസാസ് കോൺവെന്റിലുമാണ് പഠിച്ചത്. അവിടെ പഠിക്കുന്ന കാലത്ത് ഞാനായിരുന്നു അവിടുത്തെ മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.എസ്.സി കെമിസ്ട്രിക്ക് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലുമാണ് പഠിച്ചത്. ഗുരുവായൂരിൽ പഠിക്കുമ്പോൾ ഞാൻ മിസ് എൽ.എഫ് ആയും തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബംഗളൂരുവിലായിരുന്നു എം.ബി.എ പഠനം പൂർത്തിയാക്കിയത്. കുറച്ചുകാലം ലണ്ടനിലും ജോലി ചെയ്തു. പഠിക്കുന്ന കാലത്തൊന്നും ഒരു ചലച്ചിത്ര താരമാകണമെന്ന മോഹം മനസ്സിൽ ഉദിച്ചില്ല. ഒരു നർത്തകിയാകണം.  അതൊരു പാഷനായിരുന്നു. അതിപ്പോഴും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.

ഡാൻസിനോടുള്ള അതിയായ മോഹം കാരണം ഡാൻസ് ഇപ്പോഴും തുടർന്നുപഠിച്ചുകൊണ്ടിരിക്കുന്നു.

കുച്ചുപ്പുടി പഠിക്കണമെന്നുള്ള മോഹമായിട്ട് മൂന്നുവർഷം മുൻപ് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കുച്ചുപ്പുടി അരങ്ങേറ്റവും നടത്തി. എവിടെ വേദി കിട്ടിയാലും അവിടെ പെർഫോം ചെയ്യും. നാട്ടിൽ വന്നാൽ ക്ഷേത്രങ്ങളിലെ പരിപാടികളിലും ഓസ്‌ട്രേലിയയിലെ ഓണാഘോഷ പരിപാടികളിലും എന്റെ നൃത്തം ഉണ്ടായിരിക്കും.

സീക്രട്ട് എന്റെ ഫസ്റ്റ് മൂവിയാണ്. അതിലേക്ക് ഞാൻ വന്നത് ആന്റോ ജോസഫ് ചേട്ടൻ വഴിയാണ്.

എന്റെ ഡാൻസ് പെർഫോമൻസും റീൽസും കണ്ടിട്ട് ഒരിക്കൽ ആന്റോ ചേട്ടൻ എന്നെ വിളിച്ചു. അത് എനിക്ക് തോന്നുന്നത് മമ്മൂക്കയുടെ മൂവിക്ക് വേണ്ടിയായിരുന്നു എന്നാണ്. അത് പല കാരണങ്ങൾ കൊണ്ടും നടന്നില്ല. പിന്നീട് ഞാൻ നാട്ടിൽ വന്നപ്പോൾ ആന്റോ ചേട്ടനേയും മമ്മൂക്കയേയും കാണാൻ സി.ബി.ഐ ഫൈവിന്റെ ലൊക്കേഷനിൽ പോയിരുന്നു. ആന്റോ ചേട്ടനാണ് എസ്.എൻ. സ്വാമി സാറിന് എന്നെ പരിചയപ്പെടുത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം ഞാൻ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു.

ദിവസങ്ങൾ കടന്നുപോയി. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് എസ്.എൻ. സ്വാമി സാറിന്റെ വിളി വരുന്നു. ഞാൻ ആദ്യമായി ഒരു സിനിമ ഡയറക്ട് ചെയ്യുന്നു. അതിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. രണ്ടാമതൊന്നും ആലോചിക്കാതെ ഞാൻ 'എസ്' എന്നുപറഞ്ഞു.

ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഉള്ളിൽ അൽപ്പം പേടിയുണ്ടായിരുന്നെങ്കിലും സ്വാമി സാറും കൂടെയുള്ളവരും വളരെ സ്‌നേഹത്തോടെ എല്ലാം പറഞ്ഞുതന്നു. ശ്രീനി സാറിന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന എനിക്ക് അദ്ദേഹത്തിന്റെ മകൻ ധ്യാനിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷം തോന്നി. സീക്രട്ടിനുശേഷം പല സിനിമകളുടെയും കഥകൾ കേട്ടുകൊണ്ടിരിക്കുകയാണിപ്പോൾ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകളുടെ ഭാഗമാകണമെന്നുതന്നെയാണ് ആഗ്രഹം.

വല്ലിത്തൊടിയിൽ ശ്രീധരന്റേയും തെക്കേടത്ത് സൂര്യഭായ് ടീച്ചറുടെ രണ്ട് മക്കളായ സ്മിതയും സൗമ്യയും നാട്ടുകാരുടെയും കുടുംബങ്ങളുടെയും പ്രിയപ്പെട്ടവർ തന്നെയാണ്.

തൃശൂരിലെ ഡോ. വി.കെ. സുലോചനയുടെയും ഡോ. കെ.സി. വിശ്വനാഥന്റെയും മരുമകളായി എത്തിയ ശേഷമാണ് തന്റെ നൃത്തച്ചുവടുകൾക്ക് കൂടുതൽ കരുത്ത് ലഭിച്ചതെന്ന് സൗമ്യ പറയുന്നു.

എൻസെൻ ഓസ്‌ട്രേലിയ എന്ന കമ്പനിയുടെ സി.ഇ.ഒ ആയി ജോലി ചെയ്യുന്ന ഭർത്താവ് ദിലീപ് വിശ്വനാഥന്റെ പൂർണ്ണ പിന്തുണയും സൗമ്യയ്ക്ക് കൂട്ടിനുണ്ട്. സമയത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സമയത്തേക്കാൾ നാല് മണിക്കൂർ മുന്നിലാണെന്ന് പറഞ്ഞ് സംസാരം നിർത്തുമ്പോൾ വായനക്കാർക്ക് ഓണാംശസകൾ പറയാനും മറന്നില്ല.

Photo Courtesy - ഫോട്ടോ: സജീഷ് ആളുപറമ്പിൽ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.