
മെൽബൺ: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള പ്രതിഫലം മാധ്യമസ്ഥാപനങ്ങൾക്ക് ഉറപ്പാക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയ. ഇതു സംബന്ധിച്ച കരട് നിയമം സർക്കാർ ചൊവ്വാഴ്ച്ച പുറത്തിറക്കി. ടെക് ഭീമന്മാരായ മെറ്റ പ്ലാറ്റ്ഫോംസ്, ഗൂഗിൾ, ടിക്ടോക്ക് തുടങ്ങിയവ ഓസ്‌ട്രേലിയയിൽ നിന്നുള്ള വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകേണ്ടതായിരിക്കും എന്നതാണ് കരട് നിയമത്തിലെ പ്രധാന വ്യവസ്ഥ.
ജൂലൈ 2ന് പുതിയ നിയമം പാർലമെന്റിൽ ഇത് അവതരിപ്പിക്കാനാണ് തീരുമാനം. 2021-ൽ നടപ്പാക്കിയ “ന്യൂസ് മീഡിയ ബാർഗെയ്‌നിങ് കോഡ്” പ്രകാരം ടെക് കമ്പനികൾ മാധ്യമങ്ങളുമായി ധാരണയിലെത്തണമെന്ന് നിർദേശിച്ചിരുന്നെങ്കിലും, അത് പൂർണമായി പാലിക്കാത്ത സാഹചര്യത്തിലാണ് പുതിയ നിയമനടപടി. ഗുണമേന്മയുള്ള മാധ്യമപ്രവർത്തനം നിലനിർത്താനും മാധ്യമപ്രവർത്തകർക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
അതേസമയം, വാർത്താ സ്ഥാപനങ്ങൾ സ്വമേധയാ ഉള്ളടക്കം പങ്കുവെക്കുന്നതാണെന്നും നിർബന്ധിതമായി പണം നൽകണമെന്ന് പറയുന്നത് ശരിയല്ലെന്നും മെറ്റ പ്രതികരിച്ചു. ഇതിനകം പല മാധ്യമങ്ങളുമായി കരാറുകളുണ്ടെന്നും, മൈക്രോസോഫ്റ്റ്, ഓപൺ എഐ പോലുള്ള മറ്റു പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കി തങ്ങളെ മാത്രം ലക്ഷ്യമിടുന്നതിൽ യുക്തിയില്ലെന്നും ഗൂഗിൾ അറിയിച്ചു.
ഈ നികുതി വഴി വർഷംതോറും 14.4 കോടി മുതൽ 17.9 കോടി ഡോളർ (ഏകദേശം 1362.7 കോടി മുതൽ 1693.9 കോടി വരെ) വരെ സമാഹരിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഈ തുക മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിഗണിച്ച് വിതരണം ചെയ്യാനാണ് പദ്ധതി.










