10:38pm 02 April 2026
NEWS
ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ കൂട്ടക്കൊല നടത്തിയവരിൽ ഒരാൾ പാകിസ്ഥാനിൽ നിന്നും കുടിയേറിയ ഇരുപത്തിനാലുകാരൻ
15/12/2025  06:56 AM IST
nila
 ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ കൂട്ടക്കൊല നടത്തിയവരിൽ ഒരാൾ പാകിസ്ഥാനിൽ നിന്നും കുടിയേറിയ ഇരുപത്തിനാലുകാരൻ

സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ നടുക്കത്തിലാണ് ലോകം. ജൂതരുടെ ഹനൂക്ക ആഘോഷങ്ങൾ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ, ബീച്ചിന് സമീപത്തെ നടപ്പാലത്തിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ജനക്കൂട്ടത്തെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു. രണ്ട് അക്രമികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. നവീദ് അക്രം (24) എന്നയാളാണ് അക്രമികളിൽ ഒരാളെന്ന് ‘എബിസി ഓസ്ട്രേലിയ’ റിപ്പോർട്ട് ചെയ്തു. 

നവീദ് അക്രം പാകിസ്ഥാനിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ആളാണ്. നഗരപ്രാന്തത്തിലാണ് ഇയാളുടെ താമസം. ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം, രണ്ടാമത്തെ അക്രമിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അക്രമികളിൽ ഒരാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റെയാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം ഭീകരപ്രവർത്തനമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ബീച്ചിന് സമീപം പാർക്ക് ചെയ്തിരുന്ന അക്രമികളുടെ വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ ലക്ഷ്യവും മറ്റ് ബന്ധങ്ങളും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. വെടിവയ്പ്പിനിടെ ഒരു വ്യക്തി ധീരമായി തോക്കുധാരിയെ നേരിട്ട് നിരായുധനാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണം അതീവ ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. ജൂതർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി സർക്കാർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img