
ദോഹ: ഖത്തർ പബ്ലിക് പ്രോസിക്യൂഷന്റെ പക്കലുള്ള വിലപിടിപ്പുള്ള വാച്ചുകൾ ലേലം ചെയ്യുന്നു. സുപ്രീം ജുഡീഷ്യൽ കൗൺസിലുമായി സഹകരിച്ച് 'മഹാക്കിം' (Mahakim) ഇലക്ട്രോണിക് കോടതി ലേല ആപ്ലിക്കേഷൻ വഴിയാണ് ലേലം നടക്കുക. ഏപ്രിൽ 29 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.
നീതിന്യായ മേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ലേലം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ഹാജരാകാതെ തന്നെ ആപ്പ് വഴി വാച്ചുകൾ പരിശോധിക്കാനും ബിഡ് സമർപ്പിക്കാനും സാധിക്കും. നടപടിക്രമങ്ങളിലെ സുതാര്യതയും എളുപ്പത്തിലുള്ള പങ്കാളിത്തവും ഉറപ്പാക്കുന്നതിലൂടെ കൂടുതൽ വാച്ച് പ്രേമികളെ ലേലത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
ജുഡീഷ്യൽ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിലും കാര്യക്ഷമമായും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണം. ആപ്ലിക്കേഷൻ വഴി ലേലത്തിൽ പങ്കെടുക്കുന്നവർക്ക് കൃത്യമായ വിവരങ്ങളും ലേല നിയമങ്ങളും മുൻകൂട്ടി അറിയാൻ സാധിക്കുമെന്നും സുപ്രീം ജുഡീഷ്യൽ കൗൺസിൽ അറിയിച്ചു










