11:57pm 16 June 2026
NEWS
ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തലക്ഷങ്ങൾ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കും
13/03/2025  08:07 AM IST
Kallus
ഭക്തിസാന്ദ്രമായി തലസ്ഥാനം, ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തലക്ഷങ്ങൾ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കും

തിരുവനന്തപുരം: സ്ത്രീകളുടെ ഉത്സവമായ ആറ്റുകാൽ പൊങ്കാല ഇന്ന് ആഘോഷിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് പ്രാർത്ഥന നടത്താൻ പതിനായിരക്കണക്കിന് ഭക്തർ തിരുവനന്തപുരം നഗരത്തിലെത്തിയിട്ടുണ്ട്. രാവിലെ 9:45ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 10:15ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1:15ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. കണ്ണകി ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം പാടി മാർച്ച് 5 മുതൽ ക്ഷേത്രനടയിൽ നടന്ന തോറ്റം പാട്ട് കലാകാരന്മാർ പാടി അവസാനിപ്പിക്കും. തോറ്റം പാട്ട് അവസാനിച്ച ഉടൻ ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് തന്ത്രി കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലും പൊങ്കാല അടുപ്പുകളിൽ ഇതിൽ നിന്ന് ദീപം പകരും.

ശേഷം സഹമേൽശാന്തി ഇത് ഏറ്റുവാങ്ങി പണ്ടാര അടുപ്പിൽ പകരും. ഇതോടെ പൊങ്കാല വിളമ്പരമായി കരിമരുന്ന് പ്രയോഗവും വ്യോമസേനയുടെ പുഷ്പവൃഷ്ടിയും ക്ഷേത്രവളപ്പിൽ നടക്കും. ക്ഷേത്രത്തിൽ നിന്ന് കൊളുത്തുന്ന ദീപം നഗരത്തിലെ നിരനിരയായി തയ്യാറായ പൊങ്കാല കലങ്ങൾക്ക് അഗ്നി പകരും.

സംസ്ഥാനത്ത് വേനൽ ചൂട് കടുത്ത സാഹചര്യത്തിൽ ഭക്തർക്ക് ആരോഗ്യ പ്രശ്നങ്ങളോ മറ്റ് അപകടങ്ങളോ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ അധികൃതർ എടുത്തിട്ടുണ്ട്. പൊങ്കാലയിടുമ്പോൾ ഉണ്ടാകാവുന്ന പൊള്ളൽ തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ സർക്കാർ നേരത്തെ നൽകിയിരുന്നു. പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് കുടിവെള്ളം എത്തിക്കാനായി നാൽപ്പതോളം ടാങ്കർ ലോറികളുടെ സേവനമുണ്ടായിരിക്കും. 9446677838 എന്ന നമ്പറിൽ ബന്ധപ്പെട്ട് ഭക്തർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സേവനങ്ങൾ തേടാം.

പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള പൊങ്കാല മഹോത്സവമാണ് ഇത്തവണ. പൊങ്കാലയ്ക്കെത്തുന്ന ഭക്തർ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും കരുതണമെന്ന് ശുചിത്വ മിഷൻ നേരത്തെ നിർദേശിച്ചിരുന്നു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കരുതിയാൽ അത് പിടികൂടി പിഴ ചുമത്തിയ ശേഷം സ്റ്റീൽ ഗ്ലാസും പ്ലേറ്റും അധികൃതർ തന്നെ കൈമാറും. പ്ലാസ്റ്റിക്കിന്റെ അളവനുസരിച്ചാണ് പിഴ നിശ്ചയിക്കുന്നത്. 200 ഗ്രീൻ ആർമി വാലന്റിയർമാരെ ഹരിത പൊങ്കാല ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.