04:39pm 11 November 2026
NEWS

അസ്മിനയെ ജോബി ജോർജ് കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുമുറുക്കി

24/10/2025  08:05 AM IST
nila
 അസ്മിനയെ ജോബി ജോർജ് കൊലപ്പെടുത്തിയത് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുമുറുക്കി

കോഴിക്കോട് സ്വദേശിനിയായ യുവതിയെ ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര സ്വദേശിനി അസ്മിനയെ (40) കാമുകൻ കായംകുളം സ്വദേശി ജോബി ജോർജ് മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തുണിയുപയോഗിച്ചു കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിലെ മുറിയിലാണ് ബുധനാഴ്ച്ച രാവിലെ അസ്മിനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഒളിവിൽ പോയ ജോബി ജോർജ്ജിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കായംകുളത്ത് ലോഡ്ജിൽ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടെയാണ് ജോബിയും അസ്മിനയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും കുറച്ചു നാളുകളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അസ്മിനയും ജോബിയും മുൻപ് രണ്ടുവട്ടം വിവാഹിതരായിരുന്നു. അസ്മിന രണ്ടു കുട്ടികളുടെ അമ്മയുമാണ്. ജോബി ഒരാഴ്ച മുൻപാണ് ആറ്റിങ്ങലിലെ ലോഡ്ജിൽ ജോലിക്കെത്തിയത്.

ചൊവ്വാഴ്ച രാത്രി ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് അസ്മിനയെ ജോബി ലോഡ്ജിൽ കൊണ്ടുവന്നത്. പിന്നീട് ജോബിയുടെ പരിചയത്തിലുള്ള ചിലർ ഇവർ താമസിച്ച മുറിയിൽ വരികയും ചെയ്തിരുന്നു. രാത്രി ഒന്നരയോടെ ജോബി മുറിയിലേക്കു പോകുന്നത് ലോഡ്ജിലെ മറ്റു ജീവനക്കാർ കണ്ടിരുന്നു. രാത്രി മുറിക്കുള്ളിൽ വച്ച് മദ്യപിക്കുന്നതിനിടെ അസ്മിന മകളെ കാണാൻ പോകുന്നതിനെക്കുറിച്ചു പറഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നുണ്ടായ കയ്യാങ്കളിക്കിടെ ജോബി അസ്മിനയെ ബിയർകുപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അസ്മിനയുടെ ശരീരത്തിൽ കുപ്പി കൊണ്ടു കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img