10:25pm 26 June 2026
NEWS
തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി കയറാൻ ശ്രമം; പാലക്കാട് നിന്നെത്തിയ സംഘത്തെ പൊലീസ് തടഞ്ഞു
28/12/2025  11:16 AM IST
nila
തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി കയറാൻ ശ്രമം; പാലക്കാട് നിന്നെത്തിയ സംഘത്തെ പൊലീസ് തടഞ്ഞു

മധുര: തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശികളായ സംഘത്തെ പൊലീസ് തടഞ്ഞു. സിക്കന്തർ ബാദുഷ ദർഗയിൽ നടക്കുന്ന ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുക്കാനാണ് നാൽപ്പതിലധികം പേരടങ്ങുന്ന സംഘം എത്തിയത്. മലമുകളിലേക്ക് മാംസാഹാരം കൊണ്ടുപോകുകയോ അവിടെ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന കോടതി ഉത്തരവ് നിലവിലുണ്ടെന്ന കാര്യം പൊലീസ് സംഘം അംഗങ്ങളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മലമുകളിലേക്ക് കടക്കുന്നത് തടഞ്ഞത്. തുടർന്ന് പൊലീസ് നിർദേശപ്രകാരം സംഘം ദർഗയിലേക്ക് പോകുകയായിരുന്നു. ഇതിനുപുറമെ തെങ്കാശിയിൽ നിന്നെത്തിയ മറ്റൊരു സംഘത്തെയും സമാന കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞതായി റിപ്പോർട്ടുണ്ട്.

അതേസമയം, തിരുപ്രംകുണ്‌ട്രം മലയിൽ ചന്ദനക്കുടം ആഘോഷം നടത്തുന്നത് തടയണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്ന മലയിൽ മൃഗബലി നടത്തുമെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയായിരുന്നു കോടതി പരിഗണിച്ചത്.

ദർഗയ്ക്ക് സമീപമുള്ള ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിക്കാനുള്ള അനുമതി സംബന്ധിച്ച ഹൈക്കോടതി ഉത്തരവും നേരത്തെ വിവാദമായിരുന്നു. കോടതി അനുമതി നൽകിയിട്ടും സർക്കാർ ഇത് നടപ്പാക്കാതിരുന്നതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയും സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീലും ജനുവരിയിൽ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img