10:42am 10 November 2026
NEWS
തങ്ങളുടെ രാജ്യത്ത് തീവ്രവാദി ക്യാമ്പുകളില്ലെന്ന പാകിസ്ഥാൻ മന്ത്രിയുടെ വാദം പൊളിച്ചടുക്കി ചാനൽ അവതാരക
07/05/2025  06:33 PM IST
nila
തങ്ങളുടെ രാജ്യത്ത് തീവ്രവാദി ക്യാമ്പുകളില്ലെന്ന പാകിസ്ഥാൻ മന്ത്രിയുടെ വാദം പൊളിച്ചടുക്കി ചാനൽ അവതാരക

ഓസ്റ്റർലി: തങ്ങളുടെ രാജ്യത്ത് തീവ്രവാദി ക്യാമ്പുകളില്ലെന്ന പാകിസ്ഥാൻ മന്ത്രിയുടെ വാദം പൊളിച്ചടുക്കി ചാനൽ അവതാരക. പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാറാണ് സ്‌കൈ ന്യൂസ് ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കവെ പാകിസ്ഥാനിൽ തീവ്രവാദി ക്യാമ്പുകളില്ലെന്ന് അവകാശപ്പെട്ടത്. എന്നാൽ, പരിപാടിയുടെ അവതാരകയായ യൽദ ഹക്കിം ഈ വാദത്തെ തള്ളിക്കളയുകയും തെളിവുകൾ നിരത്തി പാകിസ്ഥാനിൽ തീവ്രവാദി ക്യാമ്പുകളുണ്ടെന്ന് സമർത്ഥിക്കുകയുമായിരുന്നു. 

ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ചാനലിന് നൽകിയ പ്രതികരണത്തിലായിരുന്നു അത്താവുള്ള തരാർ പാകിസ്ഥാനിൽ ഭീകര ക്യാമ്പുകളില്ലെന്ന വാദം ഉയർത്തിയത്. എന്നാൽ, പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിമാരുടെയും നിലവിലെ പ്രതിരോധ മന്ത്രിയുടെയും പ്രസ്താവനകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ സംബന്ധിച്ച് തരാറിന്റെ നിലപാടിനെ ഖണ്ഡിച്ചത്. 

'പാക് സൈനിക ക്യാമ്പുകളെ ആക്രമിച്ചിട്ടില്ലെന്നും, അവിടെയുള്ള തീവ്രവാദി ക്യാമ്പുകളെ മാത്രമാണ് ലക്ഷ്യംവെച്ചതെന്നും ആക്രമണം നടത്തിയതെന്നുമാണ് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്താനിലെ ഒമ്പത് തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയതായി അവകാശപ്പെടുന്നത്. അതിൽ ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവൽപുരും ലഷ്‌കറെ തൊയ്ബയുടെ ശക്തികേന്ദ്രമായ മുരിദ്കെ എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നു,' എന്നായിരുന്നു മാധ്യമപ്രവർത്തകയായ യൽദ പറഞ്ഞത്.

ഇതിനുമറുപടിയായി, ഇന്ത്യൻ സൈന്യത്തിന്റെ എല്ലാ പ്രസ്താവനകളെയും തള്ളിക്കളയുകയാണ് പാക് മന്ത്രി ചെയ്തത്. 'പാകിസ്താനിൽ തീവ്രവാദി ക്യാമ്പുകളില്ല എന്ന് വസ്തുത ഒരിക്കൽക്കൂടി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. തീവ്രവാദത്തിന്റെ ഇരയാണ് പാകിസ്താൻ. തീവ്രവാദത്തെ ഏറ്റവും മുന്നിൽനിന്ന് എതിർക്കുന്നവരാണ് ഞങ്ങൾ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ തൊണ്ണൂറായിരത്തിലധികം ജീവനുകളാണ് പാകിസ്താൻ ബലിനൽകിയത്,' തരാർ പറഞ്ഞു.

എന്നാൽ, മുമ്പ് തന്റെ പരിപാടിയിൽ പങ്കെടുത്ത പാകിസ്താൻ പ്രതിരോധ മന്ത്രി, രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞത് ഓർമിപ്പിച്ചുകൊണ്ടാണ് യൽദ പാക് മന്ത്രിയുടെ ഇരവാദത്തിന് മറുപടി നൽകിയത്. 'ഒരാഴ്ച മുമ്പ്, ഇതുപോലെ എന്റെ പരിപാടിയിൽ ഇരുന്നാണ് നിങ്ങളുടെ പ്രതിരോധമന്ത്രി ഇന്ത്യക്കെതിരായി പാകിസ്താനിൽ സർക്കാർ ചെലവിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞത്. അതിനുംമുമ്പ്, 2018-ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതേ കാരണം പറഞ്ഞാണ്, പാകിസ്താന് നൽകിവന്ന സൈനികസഹായം നിർത്തലാക്കിയത്,' യൽദ പറഞ്ഞു.

'അതുകൊണ്ടുതന്നെ, പാകിസ്താനിൽ തീവ്രവാദി ക്യാമ്പുകൾ ഇല്ലാ എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങൾ ജനറൽ പർവേസ് മുഷറഫും ബേനസീർ ഭൂട്ടോയും ഒക്കെ നേരത്തേ വെളിപ്പെടുത്തിയ കാര്യങ്ങൾ, അവരുടെ പ്രസ്താവനകളെയും ഒക്കെ തള്ളിപ്പറയുകയാണ്. ഒരാഴ്ചമുമ്പ് നിങ്ങളുടെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രി പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നാണ് താങ്കൾ പറയുന്നത്. അതുമാത്രമല്ല, കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ബിലാവൽ ഭൂട്ടോ ഈ പരിപാടിയിൽ പങ്കെടുത്ത് എന്നോട് പറഞ്ഞത്, തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുക എന്നതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നതും പാകിസ്താന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന്,' യൽദ തിരിച്ചടിച്ചു.

തീവ്രവാദത്തിനും ലോകത്തിനുമിടയിലുള്ള മതിലാണ് പാകിസ്താനെന്നും തങ്ങൾ എപ്പോഴും സമാധാനത്തിനൊപ്പമാണ് എന്നും പറഞ്ഞ തരാർ, അത് സ്വയം ബോധ്യപ്പെടാനായി യൽദയെ പാകിസ്താനിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിന്, താൻ പാകിസ്താനിൽ വന്നിട്ടുണ്ടെന്നും, പാകിസ്താനിലെ അബോട്ടാബാദിൽവെച്ചാണ് ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതെന്നും യൽദ പറഞ്ഞു. 2011-ലാണ് ലാദൻ അമേരിക്കൻ സൈനികരുടെ വെടിയേറ്റ് മരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img