
ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമുള്ള കൊലക്കുറ്റം ചുമത്തി ശിക്ഷിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ പ്രതികൾക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ പട്ടികജാതി–പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ്. എന്നാൽ മധുവിന്റെ മരണം കൊലപാതകമാണെന്നും അതിനാൽ ഐപിസി 302 പ്രകാരം ശിക്ഷ നൽകണമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
കേസിലെ ഒന്നാംപ്രതി ഹുസൈനെ നേരത്തെ വെറുതെവിട്ടതിനെതിരെയും സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിച്ചത്.










