
അഗളി: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ടത് പ്രതിയുടെ ഗ്രാമത്തിൽ നിന്നുള്ള പ്രോണിത (35), മകൾ ജോഹിത (4) എന്നിവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പശ്ചിമബംഗാളിലെ അലിപുർദാർ ഗ്രാമത്തിൽ നിന്നാണ് എസ്.ഐ. ഹർഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയായിരുന്നു നടപടി. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കൊല്ലപ്പെട്ട പ്രോണിത തന്റെ ഭാര്യയല്ലെന്നാണ് പ്രവോദ് ദാസ് പോലീസിന് നൽകിയ മൊഴി. രണ്ടുമാസം മുമ്പാണ് പ്രോണിതയെ പരിചയപ്പെട്ടതെന്നും ഇയാൾ പറയുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രവോദിനൊപ്പം അട്ടപ്പാടിയിലേക്ക് ജോലിക്കായി പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞാണ് പ്രോണിത യാത്രതിരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
എന്നാൽ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമേ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ
ഞായറാഴ്ചയാണ് അട്ടപ്പാടി പുതൂർ ഭാഗത്തെ ഭവാനിപ്പുഴയിലെ ചീരക്കടവിൽ മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യന്ത്രവാൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ തലയിലും വെട്ടേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.











