
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നയാളും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാൾ കേരളത്തിൽനിന്ന് കടന്നുകളഞ്ഞതായും സൂചനയുണ്ട്.
പുതൂർ ചീരക്കടവിൽ ഇന്നലെ ഉച്ചയോടെയാണ് ഭവാനിപ്പുഴയിൽ ചാക്കുകെട്ടുകൾ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പുഴയിലെ വെള്ളം കുറഞ്ഞതോടെയാണ് ചാക്കുകൾ പുറത്തുകാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ഒരു ചാക്കിൽ യുവതിയുടെയും കുഞ്ഞിന്റെയും തലകൾ കണ്ടെത്തി. ഏകദേശം 50 മീറ്റർ അകലെ മറ്റൊരു ചാക്കിൽ പെൺകുട്ടിയുടെ ഉടൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അരക്കിലോമീറ്ററോളം അകലെ മറ്റൊരു പ്ലാസ്റ്റിക് ചാക്കിനുള്ളിൽ യുവതിയുടെ ഉടലും കണ്ടെത്തിയത്.
മുപ്പത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾക്ക് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
കോട്ടത്തറ ഭാഗത്തെ ഒരു കടയിൽനിന്നാണ് മൃതദേഹങ്ങൾ പൊതിയാൻ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതകമെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കിയ പൊലീസ്, പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.










