11:59pm 02 July 2026
NEWS
കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണം: അപലപിച്ച് ഒമാൻ; പൂർണ പിന്തുണ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
28/06/2026  04:24 PM IST
NILA
കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണം: അപലപിച്ച് ഒമാൻ; പൂർണ പിന്തുണ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

മസ്കറ്റ്: കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ സൈനിക ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രദേശത്തിന്റെ സമാധാനവും സുരക്ഷയും തകർക്കുന്ന ഏത് നടപടികളെയും ഒമാൻ ശക്തമായി എതിർക്കുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കി സംഭാഷണത്തിനും നയതന്ത്ര ശ്രമങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

പ്രാദേശിക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും നിലവിലെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നതിനുമായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് എല്ലാ രാജ്യങ്ങളും പിന്തുണ നൽകണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അതേസമയം, ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുവൈത്തിൽ മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായി കുവൈത്ത് സായുധസേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. രാജ്യത്തുടനീളം അപായ സൈറണുകൾ മുഴക്കുകയും സുരക്ഷാ ജാഗ്രത ശക്തമാക്കുകയും ചെയ്തു.

ബഹ്റൈനിലും രണ്ടുതവണ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇറാൻ വിക്ഷേപിച്ച നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തതായി അധികൃതർ അറിയിച്ചു. എന്നാൽ മുഹറഖ് ഗവർണറേറ്റിലെ ഒരു താമസകെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഡിഫൻസും മറ്റ് സുരക്ഷാ ഏജൻസികളും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img