06:33pm 09 November 2026
NEWS
ക്രൈസ്തവര്‍ക്കെതിരെ രാജ്യ വ്യാപകമായി ആക്രമണങ്ങള്‍ പെരുകുന്നു
കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്

01/06/2025  08:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്രൈസ്തവര്‍ക്കെതിരെ രാജ്യ വ്യാപകമായി ആക്രമണങ്ങള്‍ പെരുകുന്നു കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്
HIGHLIGHTS

ആര്‍എസ്എസ് ആക്രമണത്തിനിരയായ ഫാദര്‍ ലീനസിനെ മഞ്ഞുമ്മല്‍ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കെപിസിസി അംഗം ജമാൽ മണക്കാടൻ എന്നിവര്‍ സമീപം

കൊച്ചി:  ആര്‍എസ്എസ് ആക്രമണത്തിന് വിധേയരായ വൈദികരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒഡീഷയില്‍ ഉണ്ടായ ആക്രമണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വൈദികര്‍ വെളിപ്പെടുത്തിയത്. ഒരു വലിയ സംഘം വാതിലുകള്‍ തകര്‍ത്ത് വൈദികരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സാധനങ്ങള്‍ കൊള്ളയടിച്ച സംഘം തൊണ്ണൂറ് വയസുള്ള വൈദികനെ പോലും ക്രൂരമായി ആക്രമിച്ചു. കൈകാലുകള്‍ കെട്ടിയാണ് ഫാദര്‍ ലീനസിനെ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടത്. ഫാദര്‍ സില്‍വിയെ കൈകാലുകള്‍ ബന്ധിച്ച് കമിഴ്ത്തിക്കിടത്തി ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നര മണിക്കൂറിന് ശേഷം വൈദികര്‍ കെട്ടുകള്‍ അഴിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശബ്ദം കേട്ട് തൊട്ടടുത്ത് ഉണ്ടായിരുന്ന പൂജാരിയായ ആളാണ് ഇവരെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ആക്രമണത്തിനിരയായ വൈദികരെ മഞ്ഞുമ്മലിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശിലും ഒറീസയിലും അഹമ്മദാബാദിലും ഛത്തീസ്ഗഡിലും വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. രണ്ടു മാസം കൊണ്ട് എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും കൊള്ള ചെയ്യാന്‍ സര്‍ക്കാര്‍ കൊള്ളസംഘങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പരാതി നല്‍കിയാലും ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോ സംഘ്പരിവാറുമായി ബന്ധപ്പെട്ട സംഘടനകളോ അതുമല്ലെങ്കില്‍ ഗുണ്ടാസംഘങ്ങളോ വൈദികരെ ആക്രമിക്കുന്ന അവസ്ഥയാണ്. എല്ലാദിവസവും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ജബല്‍പൂര്‍ ബിഷപ്പ് പറഞ്ഞത്. മതപരിവര്‍ത്തനം നടത്തുകയാണെന്നു പറഞ്ഞ് വിനോദസഞ്ചാരത്തിന് എത്തിയ കന്യാസ്ത്രീകള്‍ പോലും ആക്രമിക്കപ്പെടുകയാണ്. രാജ്യവ്യാപകമായി ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കേരളത്തില്‍ ക്രിസ്മസും ഈസ്റ്ററും വരുമ്പോള്‍ വീടുകളില്‍ കേക്കുമായി എത്തുന്നത്. കേക്കുമായി എത്തുന്നവരെ ജനം തിരിച്ചറിയണം. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്ന സ്ഥലങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി ജെ വിനോദ് എംഎല്‍എ, നേതാക്കളായ ജമാല്‍ മണക്കാടന്‍, ജോസഫ് ആന്റണി, ലിസി ജോര്‍ജ് , മധു പുറക്കാട്, പി എം നജീബ്, അയ്യൂബ്, എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം വൈദികരെ സന്ദര്‍ശിച്ചു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img