
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കേസിലെ ഗൂഢാലോചനയും ആക്രമണത്തിന് പിന്നിലെ ആസൂത്രിത ഇടപെടലുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ എസ്ഐമാരെയും സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ വിപുലീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, മുൻമന്ത്രി വി. ശിവൻകുട്ടി എന്നിവർക്കു അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയേക്കും.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ആക്രമണത്തിന് ആരുടെയെങ്കിലും പ്രേരണയോ ആസൂത്രിത ഇടപെടലോ ഉണ്ടായിട്ടുണ്ടോയെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സിപിഎം നേതാക്കളുടെ ഫോൺ കോളുകളും ആശയവിനിമയങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമണം നടന്ന സമയത്തും അതിനു മുൻപും നേതാക്കൾ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ സൈബർ ഫോറൻസിക് പരിശോധനാ ഫലം കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക











