
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്കും കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് കർശന ഉപാധികളോടെയുള്ള ജാമ്യം ലഭിച്ചത്. പ്രതികൾ ചെയ്ത കുറ്റം ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, വധശ്രമക്കുറ്റം നിലനിൽക്കാൻ ആവശ്യമായ പ്രാഥമിക തെളിവുകൾ നിലവിൽ ഇല്ലെന്ന് വ്യക്തമാക്കി. ഇഡി ഉയർത്തിയ ജാമ്യവിരുദ്ധ വാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്.
ഇതിന് മുൻപ് ഇതേ കേസിൽ ഒൻപത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ടി.എസ്. കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു ജി, രാഹുൽ രാജ് എന്നിവരുൾപ്പെടെയുള്ള ഒൻപത് പ്രതികൾക്ക് 67 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ നിലനിൽക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ 67 ദിവസമായി പ്രതികൾ ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലെത്തിയതിനാൽ ഇനി പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നും വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷകൾ നാളെ പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.











