
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണക്കേസിൽ സിപിഎം പ്രവർത്തകരെതിരെ കൂടുതൽ നിയമനടപടികൾക്ക് പൊലീസ്. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. പരിക്കേറ്റ പൊലീസുകാർ മൊഴി നൽകിയതോടെ നടപടികൾ വേഗത്തിലാക്കി. ഇതിനകം അറസ്റ്റിലായ അഞ്ച് സിപിഎം പ്രവർത്തകരെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
തലസ്ഥാനത്ത് നടന്ന സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. സംഭവത്തെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസ് മേധാവിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
അതേസമയം, റെയ്ഡിനായി എത്തിയ ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം രാഷ്ട്രീയമായി തിരിച്ചടിയാകുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുള്ളിൽ ശക്തമാകുന്നു. വിഷയത്തിൽ പ്രതികരണം തേടി മാധ്യമങ്ങൾ പലവട്ടം സമീപിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.










