
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിന് നേരെ കയ്യേറ്റ ശ്രമം. ജഗിൽ ചന്ദ്രൻ എന്ന നഴ്സിനെയാണ് രോഗിയുടെ കൂട്ടിരിപ്പുകാർ ആക്രമിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജഗിൽ ചന്ദ്രൻ മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകി.
വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാർ നഴ്സിനെ ആക്രമിച്ചത്. നവാസ് (52) എന്ന രോഗിക്കൊപ്പം പത്തിൽ കൂടുതൽ കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നു. ഇതിനാൽ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിട്ടതിനാൽ രണ്ടുപേർ മാത്രം നിന്നിട്ട് ബാക്കിയുള്ളവരോട് പുറത്തേക്ക് പോകാൻ ജഗിൽ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ കൂട്ടിരിപ്പുകാർ കൂട്ടം ചേർന്ന് തെറിപറയുകയും തല്ലുകയുമായിരുന്നു. പിടിച്ചുമാറ്റാൻ ചെന്ന ഡ്യൂട്ടിയുള്ള നഴ്സിനെയും സംഘം തെറിവിളിച്ചെന്നും പരാതിയിലുണ്ട്.
സംഭവത്തിൽ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടായതായും തക്കതായ നടപടികൾ സ്വീകരിക്കണമെന്നും മെഡിക്കൽ സൂപ്രണ്ടന്റിന് നൽകിയ പരാതിയിൽ ജഗിൽ ചന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഗവ.നഴ്സസ് യൂണിയൻ.











