
കൊച്ചി: രാജ്യവ്യാപകമായ ടയര്‍ സുരക്ഷാ ബോധവത്ക്കരണ സംരംഭത്തിന്റെ ഭാഗമായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (ആത്മ) എറണാകുളം പ്രസ് ക്ലബ്ബുമായി കൈകോര്‍ത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ടയര്‍ പരിചരണവും അറ്റകുറ്റപ്പണിയും സംബന്ധിച്ച് പ്രത്യേക സെഷന്‍ നടത്തി.
കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, വാഹനമോടിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 20,000-ത്തിലധികം വ്യക്തികളിലേക്കാണ് ആത്മ എത്തിച്ചേരുന്നത്.
വാഹനത്തിനും റോഡിനും ഇടയിലുള്ള ഒരേയൊരു സമ്പര്‍ക്ക പോയിന്റാണ് ടയറുകള്‍ എന്നതിനാല്‍ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ആത്മ പ്രതിനിധികള്‍ ഊന്നിപ്പറഞ്ഞു. ടയറില്‍ മോശമായി നടത്തുന്ന അറ്റകുറ്റപ്പണികള്‍ ഗുരുതരമായ റോഡ് അപകടത്തിന് കാരണമാകുമെന്ന് ആത്മ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ടുതന്നെ ടയറുമായി ബന്ധപ്പെട്ട കൂടുതല്‍ അവബോധം വാഹനമോടിക്കുന്നവരില്‍ ഉണ്ടാകണം.
ടയര്‍ പരിചരണത്തിന് പലപ്പോഴും അര്‍ഹമായ ശ്രദ്ധ ലഭിക്കുന്നില്ല. ഈ കാമ്പെയ്നിലൂടെ റോഡുകളിലെ ജീവന്‍ രക്ഷിക്കുന്നതില്‍ ടയറുകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ പറഞ്ഞു.
റോഡ്സൈഡ് ടയര്‍ ക്ലിനിക്കുകള്‍, പെട്രോള്‍ പമ്പ് ചെക്ക്-അപ്പ് സോണുകള്‍ മുതല്‍ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ബോധവത്ക്കരണ വര്‍ക്ക്ഷോപ്പുകള്‍ വരെ ആത്മ സമീപ വര്‍ഷങ്ങളില്‍ 200-ലധികം ആക്ടിവേഷനുകള്‍ നടത്തിയിട്ടുണ്ട്.
അപ്പോളോ ടയേഴ്സ്, ബ്രിഡ്ജ്സ്റ്റോണ്‍, സിയറ്റ്, ജെകെ ടയര്‍, എംആര്‍എഫ് എന്നീ അംഗ കമ്പനികളുടെ പിന്തുണയോടെയാണ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.







