
മെയ് ഒന്നു മുതൽ എടിഎം ഇടപാടുകൾക്ക് ചിലവേറും. എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതോടെയാണ് എടിഎം ഇടപാടുകൾക്കുള്ള ചാർജ്ജുകൾ വർധിക്കുന്നത്. സാമ്പത്തിക ഇടപാടുകൾക്ക് രണ്ടു രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് ഒരു രൂപയുടെയും വർധനവാണ് ഉണ്ടാകുക. ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിച്ചാൽ അത് എങ്ങനെയാണ് ഉപഭോക്താക്കളെ ബാധിക്കുക എന്ന് നോക്കാം.
ഒരു ബാങ്ക് ഉപഭോക്താക്കൾക്ക് എടിഎം സേവനങ്ങൾ നൽകുന്നതിന് മറ്റൊരു ബാങ്കിന് നൽകുന്ന ചാർജാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താവാണെന്ന് കരുതുക. നിങ്ങൾ ഒരു എസ്ബിഐ എടിഎമ്മിൽ പണം പിൻവലിക്കാൻ പോകുകയാണെങ്കിൽ, എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താവെന്ന നിലയിൽ ഒരു മാസത്തിനുള്ളിൽ ഒരു എസ്ബിഐ എടിഎമ്മിൽ നാലാമത്തെ ഇടപാട് നടത്തിയാൽ എച്ച്ഡിഎഫ്സി ബാങ്ക് എസ്ബിഐക്ക് ഒരു നിശ്ചിത തുക നൽകണം. ഇന്റർചേഞ്ച് ഫീസ് ചാർജ് ഉയർത്തിയത് ബാങ്കുകൾക്ക് മുകളിൽ കൂടുതൽ സാമ്പത്തിക ഭാരം ഉണ്ടാക്കും. എടിഎം മെഷീനുകൾ കുറവുള്ള ചെറിയ ബാങ്കുകളെയാകും ഇത് ബാധിക്കുക. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചപ്പോഴെല്ലാം, ബാങ്കുകൾ ഇതിന്റെ അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് കൂടി നൽകിയിരുന്നു. അങ്ങനെയാണെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കൾക്കുള്ള ഫീസ് വൈകാതെ വർധിപ്പിച്ചേക്കും.
2021-ൽ എടിഎം ഇടപാടുകളുടെ ഇൻ്റർചേഞ്ച് ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി വർധിപ്പിച്ചിരുന്നു. ഉയർന്ന ഇൻറർചേഞ്ച് ചാർജുകൾ ഉള്ളതിനാൽ, സൗജന്യ ഇടപാടുകൾക്ക് ശേഷം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയും. നിലവിൽ ഇടപാടിന് ശേഷം 21 രൂപ വരെയാണ് ഉപഭോക്താക്കളിലൽ നിന്നും ഈടാക്കുന്നത്. നിലവിൽ, സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകളെങ്കിലും സൗജന്യമാണ്. അതേസമയം, മൂന്ന് എടിഎം ഇടപാടുകൾ സൗജന്യമായ ചില ബാങ്കുകളുമുണ്ട്. ഇതിനുശേഷം, വിവിധ ബാങ്ക് എടിഎമ്മുകളിൽ നിന്ന് വ്യത്യസ്ത തരം ചാർജുകളും ഈടാക്കുന്നു.











