02:03am 10 June 2026
NEWS
എ.ടി.എമ്മുകളിൽ പണക്ഷാമ ഭീഷണി; ചെറുനഗരങ്ങളും ഗ്രാമപ്രദേശങ്ങളും കൂടുതൽ ബാധിക്കുമെന്ന് സി.എ.ടി.എം.ഐ
09/06/2026  08:01 AM IST
nila
എ.ടി.എമ്മുകളിൽ പണക്ഷാമ ഭീഷണി; ചെറുനഗരങ്ങളും ഗ്രാമപ്രദേശങ്ങളും കൂടുതൽ ബാധിക്കുമെന്ന് സി.എ.ടി.എം.ഐ

മുംബൈ: രാജ്യത്തെ ചെറുനഗരങ്ങളിലെയും ഗ്രാമീണ മേഖലയിലെയും എ.ടി.എമ്മുകളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ.) മുന്നറിയിപ്പ് നൽകി. എ.ടി.എമ്മുകളിൽ നിറയ്ക്കാനുള്ള കറൻസിയുടെ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവാണ് ആശങ്കയ്ക്ക് കാരണമെന്ന് സംഘടന വ്യക്തമാക്കി. പ്രശ്നം ചൂണ്ടിക്കാട്ടി ഇന്ത്യൻ ബാങ്ക് അസോസിയേഷനും റിസർവ് ബാങ്കിനും സി.എ.ടി.എം.ഐ. കത്തയച്ചിട്ടുണ്ട്. ബാങ്ക് ശാഖകളിൽനിന്നും കറൻസി ചെസ്റ്റുകളിൽനിന്നും ആവശ്യത്തിന് പണം ലഭിക്കാത്തതിനാൽ എ.ടി.എമ്മുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾ പ്രതിസന്ധിയിലാണെന്നാണ് സംഘടനയുടെ ആരോപണം.

റിസർവ് ബാങ്കിന്റെ കറൻസി മാനേജ്മെന്റ് വിഭാഗത്തിന് സമർപ്പിച്ച വിവരങ്ങൾ പ്രകാരം, മാർച്ചിലും ഏപ്രിലുമായി ശരാശരി 94,000 കോടി രൂപയുടെ കറൻസി എ.ടി.എമ്മുകളിൽ നിറയ്ക്കാൻ ആവശ്യമായിരുന്നു. എന്നാൽ മാർച്ചിൽ 61,000 കോടി രൂപയും ഏപ്രിലിൽ 54,000 കോടി രൂപയും മാത്രമാണ് ലഭിച്ചതെന്ന് സി.എ.ടി.എം.ഐ വ്യക്തമാക്കുന്നു.

എ.ടി.എം. നിർമ്മാതാക്കൾ, സ്വകാര്യ എ.ടി.എം ഓപ്പറേറ്റർമാർ, പണം നിറയ്ക്കുന്ന ഏജൻസികൾ, പണം കൊണ്ടുപോകുന്ന സ്ഥാപനങ്ങൾ, സുരക്ഷാ സേവനദാതാക്കൾ തുടങ്ങിയവ ഉൾപ്പെടുന്ന വ്യവസായ കൂട്ടായ്മയാണ് സി.എ.ടി.എം.ഐ.

അതേസമയം, ഇന്ധനവില വർധനയും തൊഴിലാളികളുടെ വേതനച്ചെലവിലെ ഉയർച്ചയും മേഖലയിലെ പ്രവർത്തനച്ചെലവ് കുത്തനെ വർധിപ്പിച്ചിട്ടുണ്ടെന്ന് സംഘടന പറയുന്നു. ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപനത്തോടെ എ.ടി.എം. ഇടപാടുകൾ കുറയുന്നതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുമ്പോൾ ലഭിക്കുന്ന 19 രൂപയുടെ ഇന്റർചേഞ്ച് ഫീസ് നിലവിലെ ചെലവുകൾക്ക് മതിയാകുന്നില്ലെന്നും ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഏകദേശം 100 കോടി രൂപയുടെ നഷ്ടമുണ്ടായതായും സി.എ.ടി.എം.ഐ അവകാശപ്പെടുന്നു.

റിസർവ് ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം, മേയ് മാസത്തിൽ എ.ടി.എം. ഇടപാടുകൾ 44.65 കോടിയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 49.84 കോടിയായിരുന്നു. ഇടപാടുകളുടെ മൊത്തം മൂല്യവും 2.64 ലക്ഷം കോടി രൂപയിൽനിന്ന് 2.5 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. രാജ്യത്തെ വിനിമയത്തിലുള്ള കറൻസിയുടെ അളവ് 42.54 ലക്ഷം കോടി രൂപയായി വർധിച്ചിട്ടുണ്ടെങ്കിലും, എ.ടി.എമ്മുകൾക്ക് പണം വിതരണം ചെയ്യുന്ന ഏജൻസികൾക്ക് ആവശ്യമായ കറൻസി ലഭിക്കുന്നില്ലെന്നാണ് സി.എ.ടി.എം.ഐയുടെ വാദം.

രാജ്യത്ത് ഏറ്റവും കൂടുതൽ എ.ടി.എമ്മുകൾ ഉള്ള എസ്.ബി.ഐ സ്വന്തം ശൃംഖലയിൽ കൂടുതൽ പണം നിറയ്ക്കാൻ തുടങ്ങിയത് ചെറുകിട ഓപ്പറേറ്റർമാർക്ക് അധിക സമ്മർദമുണ്ടാക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി. നിലവിൽ എസ്.ബി.ഐ.യ്ക്ക് രാജ്യത്താകെ ഏകദേശം 65,000 എ.ടി.എമ്മുകളാണുള്ളത്. അതിൽ പകുതിയോളം എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നത് ബാങ്ക് നേരിട്ടാണ് നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img