
കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. ചവറ തെക്കുംഭാഗം കോയിവിള അതുല്യഭവനത്തിൽ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകൾ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. അതുല്യ ഭർത്താവിൽ നിന്നും നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് അതുല്യയുടെ സുഹൃത്തായ യുവതി ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു. അതുല്യയെ കൊണ്ട് ഭർത്താവ് മൂത്രംവരെ കുടിപ്പിച്ചു എന്നാണ് അതുല്യയുടെ സുഹൃത്ത് വെളിപ്പെടുത്തിയത്. അടിവസ്ത്രം ഊരി അതുല്യയുടെ മുഖത്തേക്കറിഞ്ഞെന്നും യുവതി പറയുന്നു.
അതുല്യയുടെ സുഹൃത്ത് വാർത്താ ചാനലിനോട് പറഞ്ഞത് ഇങ്ങനെ:
''ജനിച്ചത് പെൺകുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടിൽ പോകണമെന്ന് പറഞ്ഞിട്ടും അയാൾ വിട്ടില്ല. നമ്മൾ വിളിക്കുമ്പോഴും അയാൾക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേൾക്കും. അവനില്ലാത്ത സമയം നോക്കിയേ അവൾ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങൾ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയവലിയ പ്രശ്നങ്ങൾ കഴിഞ്ഞിട്ടുണ്ട്. അപ്പോൾ ചെയ്യണമെന്നായിരുന്നു. ഇപ്പോൾ മരിക്കുന്നതിന് തലേദിവസം ഭയങ്കര സന്തോഷത്തോടെയാണ് അവൾ സംസാരിച്ചത്. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു.
അവന് ഒരു ഭാര്യയെ അല്ല, ഒരു അടിമയാണ് വേണ്ടിയിരുന്നത്. ജോലിക്ക് പോകുമ്പോൾ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കർച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവൾ കെട്ടികൊടുത്താലേ അവൻ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവൾ നാട്ടിലേക്ക് വരുന്നതിന് മുൻപ് കർച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കർച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം.
ചാനലിനോട് പറയാൻ ബുദ്ധിമുട്ടുണ്ട്. എന്നാലും ഞാൻ ഓപ്പണായി പറയുകയാണ്. അവൻ മൂത്രമൊഴിച്ചിട്ട് അതുവരെ അവളെക്കൊണ്ട് കുടിപ്പിച്ചിട്ടുണ്ട്. എന്നോട് അത് പറഞ്ഞിട്ടുള്ളതാണ്. പറയാൻ പറ്റുന്നില്ല ഞങ്ങൾക്ക്. ഇങ്ങനെയൊരു സംഭവം ഞങ്ങൾക്ക് ഉൾക്കൊള്ളാനേ കഴിയുന്നില്ല. അന്ന് രാത്രി 12.30-ന് നാളെ ജോലിക്ക് പോകുവാണെന്ന് സന്തോഷത്തോടെയാണ് മെസേജ് അയച്ചത്. പിന്നെ ആ നാലുമണിക്കൂറിനുള്ളിൽ എന്താണ് സംഭവിച്ചത്.
അവൾ ഗർഭിണിയായിരുന്ന സമയത്തും ഉപദ്രവമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുകയാണേൽ അപ്പോൾ ചെയ്യുമായിരുന്നു. ഇത്രയും പ്രശ്നം സഹിച്ച വ്യക്തി ഒരിക്കലും ഈയൊരു ചെറിയകാര്യത്തിന് ആത്മഹത്യചെയ്യില്ല. അവൾക്ക് കുഞ്ഞായിരുന്നു വലുത്. ആ കുഞ്ഞിനോട് അവന് യാതൊരു ആത്മാർഥതയുമില്ല. പെൺകുഞ്ഞായതിനാൽ അതിന്റെപേരിൽ ഒരുപാട് ഉപദ്രവിച്ചു. അവളെ ഒരിക്കലും പുറത്തേക്ക് വിടില്ല. മുറി പൂട്ടിയിട്ടാണ് അവൻ പുറത്തുപോയിരുന്നത്. ദുബായിൽ ഇവൾ ജോലിക്കായി പോയതാണ്. അവളുടെ അച്ഛന്റെയും മറ്റും കാലുപിടിച്ച് പറഞ്ഞശേഷമാണ് അവൾ അവന്റെയൊപ്പം വീണ്ടും പോയത്. അവളെ കാണാൻ നല്ല ചെറുപ്പമാണ്. അവൾ ഒരുങ്ങിനടക്കുന്നതൊന്നും അവന് താത്പര്യമില്ലായിരുന്നു.
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞാണ് വിവാഹശേഷം ആദ്യം ഉപദ്രവം തുടങ്ങിയത്. തന്റെ ശമ്പളത്തിന് ഇത്രയൊന്നും കിട്ടിയാൽ പോരെന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. അങ്ങനെ ആദ്യം കൊടുത്തതിനെക്കാൾ പിന്നെയും കൊടുക്കേണ്ടിവന്നു. അവന്റെ വീട്ടിൽ പോയിനിന്ന ദിവസങ്ങളില്ലെല്ലാം വഴക്കുണ്ടായി തിരിച്ചുവരും. ഏഴുമാസം ഗർഭിണിയായ സമയത്തും ഉപദ്രവിച്ചു. വയറ്റിൽ ചവിട്ടി. പ്രസവം കഴിഞ്ഞ് കുറേനാൾ പിണങ്ങിക്കഴിഞ്ഞു. പിന്നെ അയാൾവന്നു. അങ്ങനെ അഡ്ജസ്റ്റ് ചെയ്തുപോവുകയായിരുന്നു.
നല്ലരീതിയിൽ പഠിക്കുന്ന കുട്ടിയായിരുന്നു അതുല്യ. സതീഷ് റോഡിൽവെച്ച് കണ്ട് ഇഷ്ടപ്പെട്ടാണ് വിവാഹാലോചനയുമായി വന്നത്. ഈ കല്യാണത്തിന് അവളുടെ വീട്ടുകാർക്കും താത്പര്യമില്ലായിരുന്നു. അവൾ പഠിക്കട്ടെയെന്നാണ് അവർ പറഞ്ഞത്. പക്ഷേ, അവനും അവന്റെ അമ്മയും നിരന്തരം അവളുടെ വീട്ടിലെത്തി പെണ്ണുചോദിച്ചു. അങ്ങനെ അവരെ വിശ്വാസത്തിലെടുത്താണ് കല്യാണം നടക്കുന്നത്. 17 വയസ്സിൽ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നാലെ അതിനുശേഷം കല്യാണവും സംഭവിച്ചു.
വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ ചേട്ടനാണ് തുടർന്ന് പഠിക്കാൻ വിട്ടതെന്ന് അവൾ പറഞ്ഞിരുന്നു. പ്രൈവറ്റ് കോളേജിലാണ് പറഞ്ഞുവിട്ടത്. ഇംഗ്ലീഷ് എടുത്താൽ മതിയെന്ന് അയാൾ പറഞ്ഞു. അവൾ അത് പഠിച്ചു. ശാസ്താംകോട്ട തന്നെയാണ് സതീഷിന്റെയും സ്വദേശം. അവന്റെ വികാരം തീർക്കാനുള്ള ഒരു ഉപകരണമായിട്ട് മാത്രമാണ് അയാൾ അവളെ കണ്ടത്. അല്ലാതെ ഒരു ഭാര്യയുടെ സ്ഥാനം അവൾക്ക് കൊടുത്തിട്ടില്ല. ആ കുഞ്ഞിനും അതിന്റെ സ്ഥാനം കിട്ടിയില്ല. ആ കുഞ്ഞിന് അവനെ പേടിയാണ്''.











