
കൊല്ലം സ്വദേശിനിയായ യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെ മകൾ ടി.അതുല്യ ശേഖറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. ഇയാളെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.
സതീഷിന്റെ പീഡനത്തെ തുടർന്നാണ് അതുല്യ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഷാർജ പൊലീസിലും പരാതി നൽകുമെന്ന് അതുല്യയുടെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വിഡിയോ ദൃശ്യങ്ങളും വാട്സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തു വരികയും ചെയ്തിരുന്നു.
സതീഷ് ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും വിഡിയോദൃശ്യങ്ങൾ അതുല്യ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ വിഡിയോയുടെയും കുടുംബാംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് സതീഷിനെ പിരിച്ചുവിട്ടതെന്നു കമ്പനി പറഞ്ഞു. ഒരു വർഷം മുൻപാണ് ഇയാൾ ഇവിടെ ജോലിക്കു ചേർന്നത്.











