10:28pm 03 September 2026
NEWS
കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതം

22/01/2025  09:23 AM IST
nila
കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം: കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. യുവതിയുടെ ഇൻസ്റ്റ​ഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയാണ് കൊലനടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഭാര്യ തന്നോട് പറഞ്ഞതായി യുവതിയുടെ ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് തനിക്കൊപ്പം യുവതി ഇറങ്ങിവരാത്തതിലെ പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നി​ഗമനം. 

കൊലപാതകത്തിന് ശേഷം യുവതിയുടെ സ്കൂട്ടറിലാണ് പ്രതി രക്ഷപെട്ടത്. ഈ സ്കൂട്ടർ ഇന്നലെ വൈകുന്നേരത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ  ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. 

ഇന്നലെ രാവിലെയാണ് കൊലപാതകം. ഇന്നലെ രാവിലെ 11.30 യോടെ പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് മുൻപിൽ നിർത്തിയിട്ട യുവതിയുടെ സ്കൂട്ടറും കാണാതായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം.

അതിനിടെ, പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്. പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളുവെന്നാണ് വിവരം. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനാൽ തന്നെ ഇയാൾ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. തിരുവനന്തപുരം റൂറൽ എസ്പിയുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായുള്ള അന്വേഷണം നടക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img