
രാവിലെ ഏഴു മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ പതിവില്ലാത്ത തിരക്ക് ... ശബരിമല ദർശനം നടത്തി ആന്ധ്രയിലേക്കും തമിഴ്നാട്ടിലേക്കും തിരികെപ്പോകാനുള്ള സ്വാമിമാരുടെ ഗ്രൂപ്പുകൾ പ്ലാറ്റ് ഫോമിൽ വട്ടമിട്ട് ഇരിക്കുന്നു... ചിലർ ഷീറ്റ് വിരിച്ചു കിടക്കുന്നു...
പെട്ടെന്ന് അവരുടെ ഇടയിൽ നിന്ന് ഒരു കറുപ്പു വസ്ത്രധാരിയായ അമ്പത് വയസ്സുകാരൻ ഓടിവന്ന് സോമനാഥന്റെ കൈപിടിച്ച് കൊണ്ടു ചോദിച്ചു....
'സർ.. സോമൻ സാർ ?'
'യെസ്.....ബട്ട്.....ഹൂ ആർ.. യൂ ?'
'സർ... ഐ... കൃഷ്ണറാവു.... അരഗൊണ്ട.... ബാങ്ക് സ്റ്റാഫ്....'
'ഓ... സോറി .... കൃഷ്ണറാവു.....' എന്ന് പറഞ്ഞ് കൊണ്ട് സോമനാഥൻ അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു....
വർഷങ്ങൾക്ക് മുമ്പ് താൻ ബാങ്കിന്റെ ആന്ധ്രയിലെ ഒരു ഗ്രാമീണ ശാഖയിൽ മാനേജരായി ജോലി നോക്കുമ്പോൾ കൃഷ്ണറാവു ഉണ്ടാക്കിയ ഒരു സംഭവം കൃഷ്ണറാവുവിനെക്കണ്ടപ്പോൾ സോമനാഥന്റെ മനസ്സിലേക്ക് ഓടിയെത്തി....
ഒരു ദിവസം ബാങ്കിൽ ഇൻസ്പെക്ഷന് അനന്തകൃഷ്ണൻ എന്ന് പേരായ ഒരു ഇൻസ്പെക്ടിങ്ങ് ഓഫീസർ എത്തി. അന്ന് രാത്രി എട്ടര വരെ ഇൻസ്പെക്ഷൻ തുടർന്ന അദ്ദേഹം ഇൻസ്പെക്ഷൻ പതിനഞ്ചു ദിവസത്തോളം ഉണ്ടാകുമെന്നും തനിക്ക് താമസിക്കാൻ ഒരു ഹോട്ടലിൽ റൂം അറേഞ്ച് ചെയ്യണമെന്നും സോമനാഥനോട് പറഞ്ഞു.
'സർ... ഇതൊരു കുഗ്രാമമാണ്......ഇവിടെ താമസ സൗകര്യമുള്ള ഹോട്ടലുകൾ ഒന്നും ഇല്ല.....ഹോട്ടൽ സൗകര്യം വേണമെങ്കിൽ 30 കി.മീ അകലെ സിറ്റിയിൽ പോണം.... ഇപ്പോൾ എട്ടര മണിയായില്ലെ.... ഇനി ഇവിടെ നിന്ന് ബസ്സില്ല... സാറിന് വിരോധമില്ലെങ്കിൽ എന്റെ വീട്ടിൽ ഇന്ന് തങ്ങാം... ഞാൻ ഒറ്റയ്ക്കാണ് താമസം...... നാളെ ഹോട്ടലിൽ റൂം അറേഞ്ച് ചെയ്യാം' സോമനാഥൻ പറഞ്ഞു.
'എങ്കിൽ അങ്ങിനെ ചെയ്യാം' അദ്ദേഹം സമ്മതിച്ചു.
അദ്ദേഹം തമിഴ് ബ്രാഹ്മണനാണ്.... അമ്പത്തഞ്ചിനോടടുത്ത് പ്രായം വരും.... വീട്ടിൽ സോമനാഥൻ ഭക്ഷണം പാകം ചെയ്യാറില്ല. ബാങ്കിലെ സ്വീപ്പർ കൃഷ്ണറാവു ഭക്ഷണം വൈകുന്നേരം വാങ്ങിക്കൊണ്ട് വരാറാണ് പതിവ്. കൃഷ്ണറാവുവിന് തെലുങ്ക് മാത്രമേ അറിയൂ ... സോമനാഥൻ മുറി ഇംഗ്ളീഷ് പറഞ്ഞാണ് ഓരോ കാര്യങ്ങളും ചെയ്യിക്കാറുള്ളത്.... സോമനാഥന് രാത്രി ഭക്ഷണത്തിന് ചപ്പാത്തിയും മട്ടൻ കറിയോ ചിക്കൻ കറിയോ വാങ്ങി കൃഷ്ണറാവു വീട്ടിലെത്തിക്കാറാണ് പതിവ്...
കൃഷ്ണറാവുവിനോട്
'എനിക്ക് പതിവ് ഭക്ഷണവും അനന്തകൃഷ്ണൻ സാറിന് വെജിറ്റേറിയൻ ഫുഡും വാങ്ങി വരണം' എന്ന് പറഞ്ഞു..
കൃഷ്ണറാവു ഭക്ഷണവും വാങ്ങി വന്നപ്പോൾ അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു....
തനിക്ക് കറി കൊണ്ടുവന്ന പ്ളാസ്റ്റിക് കവറിന്റെ കെട്ട് വല്ലാതെ മുറുകിയിരുന്നതിനാൽ സോമനാഥൻ അത് തുറക്കാൻ പാടുപെട്ടു .
കവർ മുറിക്കാൻ ഒരു കത്തിയെടുക്കാനായി സോമനാഥൻ എഴുന്നേറ്റു. തന്റെ ചപ്പാത്തിപ്പാക്കറ്റ് തുറന്ന് കറിയും കൂട്ടി കഴിച്ചു തുടങ്ങിയ അനന്തകൃഷ്ണൻ പെട്ടെന്ന് എഴുന്നേറ്റ് വാഷ്ബേസിന് സമീപത്തേയ്ക്ക് ഓടി. സോമനാഥൻ തന്റെ പാക്കറ്റ് മുറിക്കാൻ കത്തിയുമായി എത്തിയപ്പോൾ അനന്തകൃഷ്ണൻ വായിൽ വിരലിട്ട് വാഷ്ബേസിനിലേക്ക് ഛർദ്ദിക്കുന്നു.
'സാർ..... വാട്ട് ഹാപ്പൻഡ്?' സോമനാഥൻ തെല്ല് പരിഭ്രമത്തോടെ ചോദിച്ചു.
അനന്തകൃഷ്ണൻ ഒന്നും മിണ്ടാതെ വായ് കഴുകി തോർത്ത് കൊണ്ട് മുഖം തുടച്ചതിന് ശേഷം സൗമ്യനായി പറഞ്ഞു
' ദി.... കറി പാക്കറ്റ് ഈസ്....ചേഞ്ച്ഡ്.... ഹി ഗേവ് മി യുവർ മട്ടൻ കറി '
അപ്പോൾ അതാണ് കാര്യം... കൃഷ്ണറാവു പറ്റിച്ച പണി .... ശുദ്ധ ബ്രാഹ്മണന് കൊടുത്തത് മട്ടൺ കറിയും.... എനിക്ക് വെജിറ്റബിൾ കറിയുടെ പാക്കറ്റും...' ഏതായാലും ആ ശാഖയിലെ പരിശോധനകഴിയുന്നതുവരെ കൃഷ്ണറാവു ബാങ്കിൽ തയ്യാറാക്കിയ ചായ പോലും അയാൾ കുടിച്ചിട്ടില്ല.... നഗരത്തിൽ താമസിച്ച് അവിടുത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി കൊണ്ടുവന്ന് ഉച്ചയ്ക്ക് കഴിക്കാറാണ് പതിവ്.... അദ്ദേഹം ആ സംഭവത്തിനു ശേഷവും സോമനാഥനോട് സൗഹൃദത്തിലായിരുന്നു വെങ്കിലും... കൃഷ്ണറാവുവിനോട് പിന്നീട് സംസാരിച്ചിട്ടില്ല.......
ഗുണപാഠം : അതിഥി കഴിക്കുന്ന ഭക്ഷണം മാത്രമേ... ആതിഥേയനും കഴിക്കാവൂ...
'അതിഥി...ദേവോ... ഭവഃ...'
Photo Courtesy - subhash.kalloor











