
കോതമംഗലത്ത് അൻസിൽ എന്ന യുവാവിനെ കാമുകി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാരക്വിറ്റ് എന്ന കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകിയാണ് അഥീന കാമുകനെ വകവരുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാറശാലയിലെ ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ സ്വീകരിച്ച അതേ വഴിയാണ് അഥീനയും തന്റെ കാമുകനെ ഇല്ലാതാക്കാൻ സ്വീകരിച്ചത്. കാമുകനായ ഷാരോണിനെ ഇല്ലാതാക്കാൻ ഗ്രീഷ്മ തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അത് നൽകിയത് എങ്ങനെയെന്നും മാധ്യമങ്ങളിലൂടെ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്ന അഥീന അതെല്ലാം തന്റെ ജീവിതത്തിലും പ്രയോഗിക്കുകയായിരുന്നു.
കോളജ് പഠനകാലം മുതൽക്കേ അഥീനക്ക് പ്രണയം ഹോബിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഒരേസമയം ഒന്നിലേറെ കാമുകന്മാർ എല്ലാ കാലത്തും യുവതിക്കുണ്ടായിരുന്നത്രെ. ഒരുവർഷം മുമ്പ് തന്റെ ഒരു സുഹൃത്ത് വഴിയാണ് യുവതി അൻസിലിനെയും പരിചയപ്പെടുന്നത്. വൈകാതെ തന്റെ കാമുകന്മാരുടെ ലിസ്റ്റിൽ അൻസിലിനെയും അഥീന ഉൾപ്പെടുത്തി. അമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു അഥീന കഴിഞ്ഞിരുന്നത്. ബന്ധുക്കൾ അടുത്തുതന്നെ താമസമുണ്ടെങ്കിലും അവരുമായി അടുപ്പമുണ്ടായിരുന്നില്ല. അയൽക്കാരോടുപോലും അടുപ്പമില്ലായിരുന്നു. അൻസിൽ ഈ വിട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇവർക്കിടയിൽ പണമിടപാടുകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതുമാണ് അൻസിലിനെ ഇല്ലാതാക്കാൻ അഥീന തീരുമാനിച്ചതിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. പാരക്വിറ്റ് കീടനാശിനി ശരീരത്തിനുളളിൽ എത്തപ്പെട്ടാൽ ജീവിതത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അഥീന മനസിലാക്കിയിരുന്നു. തുടർന്ന് വ്യക്തമായ പ്ലാനിംഗോടെ അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ കളനാശിനി ചേർത്ത് നൽകുകയായിരുന്നു. പാരക്വിറ്റ് ശരീരത്തിനുള്ളിൽ കടന്നാൽ മറുമരുന്നുകളില്ല. അതിനാൽത്തന്നെ പുറംനാടുകളിൽ പലയിടങ്ങളിലും ഇത് ലൈസൻസുള്ളവർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എന്നാൽ നമ്മുടെ നാട്ടിൽ എവിടെയും വാങ്ങാൻ കിട്ടും.











