ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

അത്തറിന്റെ സുഗന്ധവും സുറുമയുടെ മനോഹാരിതയും നിറഞ്ഞുനിൽക്കുന്ന ഒരു അറബിനാടാണല്ലോ ദുബായ്.
90 കൾക്കുശേഷമുള്ള ദുബായ്‌യുടെ വളർച്ചയും വികസനവും അത്ഭുതാവഹമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സ്ഥിതി ചെയ്യുന്നത് ദുബായ് നഗരത്തിലാണെന്ന് പറയുമ്പോൾ ബുർജ് ഖലീഫയ്ക്കുള്ള സ്ഥാനവും ബഹുമതിയും ചെറുതല്ല. അതുപോലെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പല കാഴ്ചകളും ദുബായിലുണ്ട്.
അറബികളെ മാറ്റിനിർത്തിയാൽ ദുബായ് നഗരത്തിൽ എവിടെ ചെന്നാലും പരസ്പരം കണ്ടുമുട്ടുന്നവർ മലയാളികളാണ്. മറ്റൊരു ദേശത്താണെന്ന് തോന്നലെ ഉണ്ടാകാറില്ലെന്നാണ് പ്രവാസി മലയാളികളുടെ ഭാഷ്യം.
ഇങ്ങനെ ഒരുമിച്ച നാലുപേർ. നാലുപേരും നാല് ദിക്കിൽ നിന്നും വന്നവരെങ്കിലും ദുബായ് നഗരത്തിൽ വച്ച് എപ്പോഴും കണ്ടുമുട്ടുന്നു. കൊല്ലത്ത് ലക്ഷ്മിനട സ്വദേശിയായ സുമി ലോറൻസാണ് ഒരാൾ. കോതമംഗലം സ്വദേശി അനുറോയ് എന്ന എയ്ഞ്ചലാണ് മറ്റൊരാൾ. ഇനിയൊരാൾ കോന്നി സ്വദേശിയായ സിന്ധു. ഇവർക്കൊപ്പം ദുബായിലെ മലയാളികൾക്കിടയിൽ മലയാളി പെൺകുട്ടിയെപ്പോലെതന്നെ ജീവിക്കുന്ന വേറൊരാളാണ് ഭാനു. ഭാനുവിന്റെ ജന്മനാട് മധുരയാണെങ്കിലും കുറെ വർഷങ്ങളായി കേരളക്കരയിലുള്ളവരുമായിട്ടാണ് ഭാനുവിന്റെ സമ്പർക്കം.
ഈ നാലുപേരും നാല് മേഖലകളിൽ ജോലിചെയ്യുന്നവരാണ്. റെസ്റ്റോറന്റിലും ആതുരസേവനരംഗത്തും ബ്യൂട്ടീഷ്യനായും ഒക്കെ ജോലിചെയ്യുന്നു.
കടലുകൾതാണ്ടി അങ്ങുദൂരെ മണൽക്കാടുകളുടെ നഗരത്തിൽ കുറെ വർഷങ്ങളായി ജോലി ചെയ്തുവരുമ്പോൾ മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം ഒരിക്കലും ആരും മറന്നുപോകല്ല.
ദുബായിൽ എങ്ങനെയൊക്കെയാണ് ഇവർ ഓണം ആഘോഷിക്കുന്നതെന്ന ചോദ്യത്തിന് മുന്നിൽ നാലുപേരും കേരള മങ്കമാരായി മാറുകയായിരുന്നു. കസവിന്റെ ഓണപ്പുടവയുമുടുത്ത് മുടിയിൽ മുല്ലപ്പൂക്കൾ ചൂടി ഒരുങ്ങിവന്നപ്പോൾ ദുബായിലെ കാഴ്ചക്കാർക്ക് ഒരത്ഭുതവും ആശങ്കയുമായി. ഈ കൂട്ടായ്മയും ഒത്തുചേരലും എന്താണ്, എന്തിനുവേണ്ടിയാണെന്നറിയാത്ത അന്യദേശക്കാർ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നുവെന്നും അറബികൾ പോലും ഒരു നിമിഷം ഞങ്ങളുടെ ഈ പുത്തൻ കാഴ്ച കണ്ട് അതിശയത്തോടെ നോക്കിനിന്നുപോയെന്നും സുമി ലോറൻസ് പറഞ്ഞു.
സുമി തുടർന്നു,
'എന്റെ നാട് കൊല്ലമാണെന്ന് പറഞ്ഞുവല്ലോ. അവിടെ ഇരുമ്പുപാലത്തിന്റെയടുത്ത് കോട്ടയ്ക്കകം എന്ന സ്ഥലത്താണ് എന്റെ കുട്ടിക്കാലത്തെ ഓണാഘോഷങ്ങൾ നടന്നിട്ടുള്ളത്. അവിടെയടുത്തുതന്നെ പുത്തേത്ത് എന്ന സ്ഥലത്ത് ഒരു വലിയ ഊഞ്ഞാലിടും ചെറുപ്പകാലത്ത് ഞാനെന്റെ വീട്ടുകാരുമായി ചേർന്ന് അവിടെ പോയി ആ വലിയ ഊഞ്ഞാലിൽ ആടുമായിരുന്നു. പിന്നെ, വടംവലി, ഉറിയടി, നാടകം, പുലികളി... തുടങ്ങിയ പരിപാടികളും മത്സരങ്ങളും വേറെ.
കായികമത്സരങ്ങളിലും കലാപരിപാടികളിലും ഒക്കെ പങ്കെടുക്കുകയും മത്സരിക്കുകയും ചെയ്തുചെയ്താണ് ഞാനൊരു കലാകാരിയായി മാറിയത്. എനിക്ക് അന്ന് കിട്ടിയ ഈ പ്രോത്സാഹനങ്ങളിലൂടെയായിരിക്കണം ഞാൻ ഈ അടുത്തകാലത്ത് 'പരസ്പരം' എന്ന സീരിയലിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി അഭിനയിക്കാൻ ഇടയായത്. പിന്നീട് ഞാൻ സിനിമകളിലും അഭിനയിച്ചു. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമൊക്കെ എന്നെ കണ്ടുകണ്ട് ആളുകൾ ഇപ്പോഴെന്നെ തിരിച്ചറിയുന്നുണ്ട്. അഭിനയത്തിലൂടെ, ഡബ്ബിംഗിലൂടെയൊക്കെ എനിക്ക് മനസംതൃപ്തി കിട്ടുന്നുവെങ്കിൽ അതിന് പ്രചോദനം കിട്ടിയത് ചെറുപ്പത്തിലെ ഈ ഓണക്കാലമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, ഇങ്ങനെ കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു നാടാണ് ഞാൻ ജനിച്ചുവളർന്ന കൊല്ലം.
ഞാൻ ദുബായിൽ വരുന്നതിന് മുമ്പ് ആദ്യമെത്തിയ ഗൾഫ് നാട് ബഹറിനായിരുന്നു. അവിടെ നന്ദനം റെസ്റ്റോറന്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ 'കേരള സമാജ'ത്തിന്റെ സെക്രട്ടറി എന്നെ ഓണാഘോഷവുമായി ബന്ധപ്പെട്ട് എന്നെ ഒരു നാടകത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്ന കാര്യം ഇപ്പോൾ ഞാനോർക്കുന്നു.
കുട്ടിക്കാലത്തിലെ ഓണരസങ്ങൾക്ക് ശേഷം കാലം ഒരുപാട് കഴിഞ്ഞിട്ട് ഞാൻ പിന്നെ ഒരു ഓണക്കാലത്ത് ഏറെ സന്തോഷം അനുഭവിക്കുന്നത് ഈ നന്ദനത്തിലെ ഓണദിനങ്ങളാണ്. റെസ്റ്റോറന്റിൽ ഓണസദ്യയുടെ ഓർഡർ ഞാനെടുത്തത് ഓണവുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ടുപാടിക്കൊണ്ടായിരുന്നു. ഇത് പലരെയും രസിപ്പിച്ചിരുന്നു. ഇതുപോലെതന്നെ എനിക്ക് മറക്കാൻ കഴിയാത്ത മറ്റൊരു ഓണക്കാലം ഞാൻ തിരുവനന്തപുരത്ത് 'പളുങ്ക്' എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ്. തിരുവോണത്തിന്റെ ഒരു പ്രത്യേക എപ്പിസോഡുണ്ടായിരുന്നു. ആ എപ്പിസോഡിൽ എനിക്കും അഭിനയിക്കണമെന്നത് വലിയ ഒരാഗ്രഹമായിരുന്നു. അങ്ങനെ ഓണസദ്യ വിളമ്പുന്ന സീനിൽ വാസന്തി എന്ന കഥാപാത്രമായി അഭിനയിച്ചപ്പോൾ ഏറെ സന്തോഷമായി.- സുമി ലോറൻസ് അഭിപ്രായപ്പെട്ടു.
കുറെനാളുകൾക്കുമുമ്പ് ബാംഗ്ലൂരിൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുകയും ഫാഷൻ ഷോകളിൽ പങ്കെടുക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഭാനുവിനിപ്പോൾ ദുബായിൽ ബ്യൂട്ടിപാർലറും കോസ്‌മെറ്റിക് ഷോപ്പും ബൊട്ടിക്കും ഒക്കെയുണ്ട്. മോഡലിംഗ്‌രംഗം വിട്ടുനിന്ന ഭാനുവിന് 'മഹിളാരത്‌ന'ത്തിന്റെ ഈ ഓണം ഫോട്ടോഷൂട്ട് ഒരാവേശമായിരുന്നു. പാട്ടും ഡാൻസും ചിരിയും മേളവും ടിക്‌ടോക്ക് പരിപാടികളും ഒക്കെയായിട്ടാണ് ഭാനു ഇതിൽ പങ്കെടുത്തത്.
വർഷങ്ങൾക്ക് മുമ്പ് കോളേജിൽ പഠിക്കുന്ന കാലത്തോ മറ്റൊ ഒരിക്കൽ സാരിയുടുത്തതാണ്. പിന്നീടെന്നും മോഡേൺ ഡ്രസ്സുകൾ ധരിക്കാറുള്ള ഭാനു സാരി ഉടുക്കുന്നതെങ്ങനെയെന്നുപോലും മറന്നുപോയത്രെ. പതിവായി ജീൻസും ടോപ്പും ഷർട്ടുമൊക്കെ ധരിച്ചുനടക്കുന്ന ഭാനുവിന് ഓണസാരി കണ്ടപ്പോൾ അതും ഒരാവേശമായി മാറി.
'എന്റെ സ്വന്തം നാട് മധുരൈ ആയതുകൊണ്ട് എന്റെ കുട്ടിക്കാലത്തെ അവിടുത്തെ ആഘോഷങ്ങൾ പൊങ്കലും ദീപാവലിയുമൊക്കെയാണ്. എങ്കിലും മലയാളികളുടെ ഓണത്തെക്കുറിച്ചും ഓണസദ്യയെക്കുറിച്ചും എല്ലാം എനിക്ക് കേട്ടറിവുണ്ടായിരുന്നു. ദുബായിലെത്തിയിട്ട് കുറെ വർഷങ്ങളായിരിക്കുന്നു. ഇവിടെ വന്നതിനുശേഷം ഞാൻ കൂടുതൽ ഇടപെടുന്നതും ഇടപഴകുന്നതും എല്ലാം മലയാളികളുമായിട്ടാണ്.
ഓണം നല്ല ഫീലാണ് എനിക്കുതന്നിട്ടുള്ളത്. ദുബായിലെ ഓണവും ആഘോഷങ്ങളുമൊക്കെ എനിക്ക് പുതിയ പുതിയ അനുഭവങ്ങൾ തന്നിട്ടുണ്ട്. ദുബായിലെ തിരക്കിട്ട ജോലിയും ബിസിനസ്സുമായി നിൽക്കുമ്പോൾ അവധിയോ വിശ്രമമോ ഒന്നുമില്ല. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലെല്ലാം ഓണത്തിന് ഇവിടെനിന്നും ലീവ് കിട്ടിയിട്ടുമുണ്ട്. മലയാളികളുടെ ഓണസദ്യയാണ് എനിക്ക് പ്രിയപ്പെട്ടത്. ഓണദിനത്തിൽ ഇവിടെ കേരള സാരിയുടുത്ത് മുല്ലപ്പൂക്കൾ ചൂടി പെൺകുട്ടികൾ വരുന്നത് കാണുമ്പോൾ നല്ലൊരു ഹാപ്പി മൂഡാണ് കിട്ടുന്നത്. നല്ല ഹാപ്പിനസ്...! അത് ഞാനും ഇഷ്ടപ്പെടുന്നു.
അനുറോയ് പറയുന്നു.
'എന്റെ ഓണ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞാൽ ഇവിടെ മലയാളികൾക്ക് പ്രധാനം ഓണസദ്യയാണ്. വാഴയിലയിൽ നാട്ടിലേതുപോലെ തന്നെ ഓണസദ്യയും പായസവും എല്ലാം കിട്ടുന്നുണ്ട്. അതിൽ സന്തോഷം. പക്ഷേ, ഈ സദ്യയല്ലാതെ തിരുവോണത്തിന്റെ കൂടുതൽ അനുഭവങ്ങളൊന്നും കിട്ടാനില്ല. ഓണം വരുമ്പോൾ ഞാൻ ഇവിടെയിരുന്ന് ആലോചിക്കാറുള്ളതും ആ ഒരു കാര്യം തന്നെയാണ്. നാട്ടിലെ നമ്മുടെ ഓണാഘോഷങ്ങളെക്കുറിച്ചെല്ലാം അപ്പോൾ ഓർത്തെടുക്കും. അപ്പോൾ നമ്മുടെ നാട് മിസ്സ് ചെയ്യുന്നുവല്ലോ എന്നോർത്ത് വിഷമിക്കാറുമുണ്ട്.
ക്ലബ്ബിന്റെ വക നടത്തുന്ന ഓണപ്പരിപാടികളും മത്സരങ്ങളും അതിന്റെ വിനോദങ്ങളും രസങ്ങളുമെല്ലാം നഷ്ടമാകുന്നു ഇന്നിപ്പോൾ. പഠനകാലത്ത് ഓണാവധി കിട്ടാൻ കാത്തിരിക്കുമായിരുന്നു. ആ അവധിക്കാലത്ത് റിലേറ്റീവ്‌സിന്റെ വീടുകളിൽ പോകുന്നതും അവരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നതുമെല്ലാം ഇന്നെനിക്ക് നഷ്ടപ്പെട്ടുപോയല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ നല്ല വിഷമമുണ്ട്.
അനുവിന്റെ അഭിപ്രായങ്ങളോട് യോജിച്ചുകൊണ്ടായിരുന്നു സിന്ധുവും തന്റെ അനുഭവങ്ങൾ വിവരിച്ചത്. കുട്ടിക്കാലത്തെ ഓണാനുഭവങ്ങളോളം രസമുള്ള ഒരു ഓണക്കാലം ആർക്കും തന്നെ ഉണ്ടാകില്ലെന്നാണ് എന്റെ അഭിപ്രായം. ആ അനുഭവങ്ങളെല്ലാം ഇപ്പോൾ ഓർമ്മയിൽ മാത്രം.
വിവാഹശേഷം ഓണവും ആഘോഷവും മറ്റൊരു ലെവലിലേക്ക് മാറി. ദുബായിലെത്തിയശേഷം ഓണത്തിന്റെ അനുഭവങ്ങളോ ഓർമ്മകളോ കാര്യമായിട്ടൊന്നുമില്ല. ഓണദിവസം പോലും ഡ്യൂട്ടിയിലായിരിക്കും. അന്ന്, ഓണസദ്യ കഴിക്കാൻ പോലുമുള്ള അവസരം മിക്കപ്പോഴും ലഭിക്കാറില്ല എന്നതാണ് എന്റെ അനുഭവം കൊണ്ട് എനിക്ക് പറയാനുള്ളത്.
എന്തായാലും കുട്ടിക്കാലത്തെ ഓണത്തിന്റെ വൈബ് ഇനി ഒരിക്കലും നമുക്ക് കിട്ടാൻ പോകുന്നില്ല. കഴിഞ്ഞകാലത്തെ അത്തരം നല്ല അനുഭവങ്ങളൊന്നും തിരിച്ചുകിട്ടാനുമില്ല. ഇത് അറബിനാടല്ലെ, ഇവിടെ ഓണത്തിന്റെ അവധിയോ ഒന്നുമില്ലല്ലോ. ഓണത്തിന് ഞാൻ ജോലി ചെയ്യുകയാണ് പതിവ്. അതുകൊണ്ട് ദുബായിലെ ഓണാനുഭവങ്ങൾ പങ്കുവയ്ക്കാൻ എനിക്കാവുന്നില്ല.'