
കാൺപൂർ: നിർമിതബുദ്ധി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുകയും രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പിന് വഴിയൊരുക്കുകയും ചെയ്ത 18 വയസ്സുകാരനെ സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽ നിന്നാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ കസ്റ്റഡിയിലെടുത്തത്.
പ്ലസ് വണ്ണിൽ പഠനം അവസാനിപ്പിച്ച രോഹിത് സ്വയം കോഡിംഗ് പഠിച്ചാണ് തട്ടിപ്പിനായുള്ള സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ടെലഗ്രാം പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഇയാൾ സൈബർ കുറ്റവാളികളുമായി ബന്ധം പുലർത്തിയിരുന്നത്.
പ്രമുഖ ബാങ്കുകൾ, സർക്കാർ സേവനങ്ങൾ, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ എന്നിവയുടെ ഔദ്യോഗിക ആപ്പുകളെ അനുകരിച്ച് 121 വ്യാജ APK ഫയലുകളാണ് ഇയാൾ സൃഷ്ടിച്ചത്. ജാംതാര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ തട്ടിപ്പുകാർക്ക് ഇവ പ്രതിമാസം 15,000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയിരുന്നു.
ഈ ആപ്പുകൾ രാജ്യത്തുടനീളം 21,000-ത്തിലധികം മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതായും, 54,000-ത്തിലധികം വ്യാജ ബാങ്കിംഗ് ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായും പൊലീസ് അറിയിച്ചു.
സൂറത്ത് സ്വദേശിക്ക് വ്യാജ പഞ്ചാബ് നാഷണൽ ബാങ്ക് ആപ്പ് വഴി അഞ്ച് ലക്ഷം രൂപ നഷ്ടമായ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് അക്കൗണ്ടുകളുടെ ഒടിപി ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ തത്സമയം കൈക്കലാക്കാൻ കഴിയുന്ന അഡ്മിൻ ആപ്പുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിന് പിന്നിലുള്ള മറ്റ് അംഗങ്ങളെ കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു.











