09:33am 13 November 2026
NEWS
ഭഗവാനോടെങ്കിലും കടപ്പാട് കാട്ടൂ! ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി
31/10/2025  08:55 AM IST
സുരേഷ് വണ്ടന്നൂർ
ഭഗവാനോടെങ്കിലും കടപ്പാട് കാട്ടൂ! ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

​കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിലെ ഗുരുതരമായ ക്രമക്കേടുകളിലും സുതാര്യതയില്ലായ്മയിലും ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോ?' എന്ന് കോടതി ചോദിച്ചപ്പോൾ 'ജനങ്ങളുടെ പണം' എന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മറുപടി നൽകി. അപ്പോൾ കോടതിയുടെ ശക്തമായ പ്രതികരണം ഇങ്ങനെയായിരുന്നു: "ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോടെങ്കിലും കടപ്പാട് കാണിക്കൂയെന്നും". ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിൽ കോടതി അമ്പരപ്പും രോഷവും പ്രകടിപ്പിച്ചു.

​പ്രധാന കണ്ടെത്തലുകളും കോടതിയുടെ വിമർശനങ്ങളും:

​നിലയ്‌ക്കലിലെ ക്രമക്കേട്: സ്വാമി അയ്യപ്പന്റെ പേരിലുള്ള നിലയ്ക്കൽ പെട്രോൾ പമ്പിൽ മാത്രം 40 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കോടതി കണ്ടെത്തി.

​ഓഡിറ്റ് വൈകൽ: രേഖകൾ കൈമാറാത്തതിനാൽ ഒരു സാമ്പത്തിക വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കാൻ അഞ്ച് വർഷം വരെ എടുക്കുന്നു. 2020-ലെ ഓഡിറ്റിംഗ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിനുശേഷം വാർഷിക റിപ്പോർട്ട് ബോർഡ് കൈമാറിയിട്ടുമില്ല.

​സുതാര്യതയില്ലായ്മ: ബോർഡിന്റെ കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ സമഗ്രമായ ഡിജിറ്റലൈസേഷൻ അടിയന്തിരമായി നടപ്പാക്കണം. ഇതിനായി ടെക്നിക്കൽ കമ്മിറ്റി ഉടൻ ചേർന്ന് ഒരു മാസത്തിനകം സുതാര്യമായ സോഫ്റ്റ്‌വെയർ സജ്ജമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

​പഴഞ്ചൻ ഡിജിറ്റലൈസേഷൻ: ഓൺലൈൻ പണമിടപാടിനായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) നടപ്പാക്കുമെന്നു പറഞ്ഞ രീതിയെയും കോടതി വിമർശിച്ചു. "അമ്പലങ്ങളുടെ ഫോട്ടോ ഓൺലൈനിൽ ഇടുന്നതല്ല ഡിജിറ്റലൈസേഷൻ" എന്നും "2025-ന് യോജിച്ച സോഫ്റ്റ്‌വെയറാണ് വേണ്ടതെന്നും" കോടതി ഓർമ്മിപ്പിച്ചു. തമിഴ്നാട് മോഡൽ നടപ്പാക്കാനായി ഡോ. വിനോദ് ഭട്ടതിരിപ്പാടിനെ ചീഫ് അഡ്വൈസറായി നിയമിച്ചെന്ന് അറിയിച്ചപ്പോൾ, പ്രസാദം, വഴിപാട് പണം ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതി 15 വർഷം മുമ്പത്തെ രീതിയാണെന്നും യു.പി.ഐ ഇടപാടിന് പോലും കഴിയാത്ത സംവിധാനം ഫലവത്താകില്ലെന്നും കോടതി വ്യക്തമാക്കി.

​കടലാസ് വൗച്ചർ: ഇപ്പോഴും കടലാസ് വൗച്ചർ ഉപയോഗിക്കുന്നതാണ് കണക്കുകളിൽ പൊരുത്തക്കേടുണ്ടാകാൻ പ്രധാന കാരണമെന്ന് കോടതി നേരത്തെ വിലയിരുത്തിയിരുന്നു.

​നിലയ്‌ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ബോർഡിനെതിരെ കടുത്ത വിമർശനമുന്നയിച്ചത്. കരിമ്പട്ടികയിൽപ്പെട്ടവർ കരാറിനെത്തിയാൽ ഉടനടി നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img