
ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ സാധിക്കില്ലല്ലോ. പക്ഷേ, രാജ്യത്ത് വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ പാസായി വന്ന നിയമത്തെ മാനിക്കുന്ന ഓരോ വ്യക്തിക്കും ഇക്കാര്യങ്ങൾ ബോധ്യമാകും.
''ഏറെനാൾ നീണ്ട വാദപ്രതിവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും ഒടുവിൽ വഖഫ് ബിൽ പാസായി. രാഷ്ട്രപതി ഒപ്പിട്ടതോടെ പ്രസ്തുത ബിൽ നിയമമായി മാറുകയും ചെയ്തു. കേരളത്തെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയായി നിലകൊണ്ട മുനമ്പം വിഷയത്തിന് ഇതോടെ ശാശ്വതപരിഹാരമായി. അതറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നവർ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ്. ആടിനെ പട്ടിയാക്കുന്ന ജാലവിദ്യവശമുള്ളവർ ഇതും ഇതിനപ്പുറവും പറയും'' റിട്ട. അണ്ടർ സെക്രട്ടറി സ്റ്റാലിൻ ദേവൻ പറയുന്നു. വഖഫ് ഭേദഗതി നിയമം (ഉമീദ്) മുനമ്പം ജനതയെ എങ്ങിനെ ബാധിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറുന്ന രാഷ്ട്രീയ കോലാഹലങ്ങളെക്കുറിച്ചും സ്റ്റാലിൻ ദേവൻ 'കേരളശബ്ദ'ത്തോട് മനസ്സ് തുറന്നുസംസാരിക്കുന്നു.
മുനമ്പംകാരുടെ ഹീറോയാണ് സ്റ്റാലിൻ ദേവൻ. ശരിയാണോ ?
ഒരിക്കലുമല്ല. ഞാനൊരു റിട്ടയേഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. അതുകഴിഞ്ഞ് സെക്രട്ടറിയേറ്റിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു. 2021 ൽ അണ്ടർ സെക്രട്ടറിയായി വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുന്നു. നിയമപരമായ വിഷയങ്ങളിൽ താത്പര്യം ഉള്ളതുകൊണ്ട് വഖഫ് നിയമത്തെക്കുറിച്ചും മുനമ്പത്തെ ചരിത്രത്തെക്കുറിച്ചും ചില പഠനങ്ങൾ നടത്തി. സങ്കീർണ്ണമായ ഒട്ടനവധി വിഷയങ്ങളും മുനമ്പത്തെ ജനതയുടെ നിസ്സഹായാവസ്ഥയും അതിലൂടെ ബോധ്യമായി. എന്റെ പരിമിതമായ നിമയപരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട കാര്യങ്ങൾ മുനമ്പത്തെ സമരസമിതിക്കാരെ ധരിപ്പിച്ചു. തുടർന്ന് അവർക്കൊപ്പം കുറച്ചുനാൾ സഞ്ചരിച്ചു. ഇന്നിപ്പോൾ ദേ വഖഫ് ബിൽ നിയമമായി മാറിയതോടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അതിന്റൊരു സ്നേഹവും കടപ്പാടും ചിലർക്കുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അത്രമാത്രം.
മുനമ്പത്തെ ബാധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ താങ്കളോ താങ്കളുടെ ബന്ധുക്കളോ ആരേലുംഉണ്ടോ?
ആരുമില്ല. മറിച്ചൊരു സത്യമുണ്ടെങ്കിൽ സംശയാലുക്കൾക്ക് പരിശോധിക്കാമല്ലോ. അക്കാദമിക് ഇന്ററസ്റ്റാണ് ഇതിൽ പ്രധാനം. അതോടൊപ്പം നിസ്സഹായരായവർക്ക് എന്നാലാകുംവിധം എന്തേലും ചെയ്യണമെന്നും കരുതി. ഇവിടെ സങ്കുചിത രാഷ്ട്രീയതാത്പര്യങ്ങൾ മാറ്റിവെച്ച് ചിന്തിച്ചാൽ ഞാൻ പറയുന്നത് എന്താണെന്ന് എല്ലാവർക്കും ബോധ്യമാകും.
വഖഫ് ബിൽ പാസായി എന്നത് നേര്. പക്ഷേ, രാജ്യത്ത് ഒരു നിയമവും മുൻകാല പ്രാബല്യത്തോടെ പാസാകില്ല എന്നതാണ് വസ്തുത. അങ്ങിനെ വരുമ്പോൾ എങ്ങിനെ മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് പറയാൻ സാധിക്കും?
സങ്കുചിത രാഷ്ട്രീയചിന്താഗതിക്കാർ ഉന്നയിക്കുന്ന ചോദ്യമാണ് താങ്കൾ ചോദിച്ചത്. എന്നിരുന്നാലും ചോദ്യത്തിന് ഉത്തരം പറയാം. 2025 ഫെബ്രുവരിമാസം 14-ാം തീയതി വൈകിട്ടാണ് വഖഫ് ബില്ലിന്റെ ജോയിന്റ് പാർലമെന്റ് കമ്മിറ്റി (ജെ.പി.സി.) റിപ്പോർട്ടിന്റെ അന്തിമരൂപം പുറത്തുവന്നത്. 15 ന് തന്നെ ഞാൻ എന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു, ഈ ബിൽ അതുപോലെതന്നെ പാസാക്കപ്പെടുമെങ്കിൽ മുനമ്പം വിഷയത്തിന് ശാശ്വതപരിഹാരം കാണാൻ സാധിക്കുമെന്ന്. ആഴ്ചകൾക്കപ്പുറം പ്രസ്തുത ബിൽ പാസായിരിക്കുന്നു. ഞാൻ അതേ സ്റ്റാന്റിൽതന്നെ ഉറച്ചുനിൽക്കുന്നു. അത്രമാത്രം.
ഇപ്പോൾ പാസായിരിക്കുന്ന നിയമത്തിൽ താങ്കളുടെ നിരീക്ഷണം വ്യക്തമാക്കാമോ ?
ഇപ്പോൾ പാസാക്കപ്പെട്ട ബില്ലിൽ ജെ.പി.സി. പുതുതായി കൊണ്ടുവന്നതും ആദ്യബില്ലിൽ (ആഗസ്റ്റ് എട്ടിൽ അവതരിപ്പിക്കപ്പെട്ടത്) ഇല്ലാതിരുന്നതുമായ സെക്ഷൻ രണ്ടിലെ പുതിയ പ്രൊവിസോ ആണ് മുനമ്പത്തെ പ്രശ്നപരിഹാരം സാധ്യമാക്കുന്നത്. അതിലേക്ക് വരും മുന്നേ ഈ ബില്ലിൽ പറഞ്ഞിരിക്കുന്ന പ്രസക്തമായ കാര്യങ്ങൾ അടിമുടി ഒന്ന് പരിശോധിക്കാം. ഒരു ഇസ്ലാംമത വിശ്വാസിക്ക് തന്റെ ആസ്തിവകകളിൽ എന്തെങ്കിലും വഖഫ് (ദൈവത്തിൽസമർപ്പിക്കുക എന്ന മതപരമായവിശ്വാസം) ചെയ്യണമെങ്കിൽ അതിനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യംഉണ്ട്. ഏത് പ്രോപ്പർട്ടിയാണോ വഖഫ്ചെയ്യുന്നത് അത് അദ്ദേഹത്തിന്റെ പരിപൂർണ്ണ ഉടമസ്ഥതയിലുള്ളതായിരിക്കണം. ഇസ്ലാംമതം അനുശാസിക്കുംവിധം പയസ്, റിലീജ്യസ്, ചാരിറ്റബിൾ ആയിട്ടുള്ള കാര്യങ്ങൾക്കായി വേണം ആ വഖഫ് പ്രോപ്പർട്ടിയുടെ ആദായം മാറ്റിവെയ്ക്കേണ്ടത്. ഇതെല്ലാം ഉറപ്പാക്കാൻ ആ വ്യക്തിക്ക് (ആരാണോ വഖഫ് ചെയ്യുന്നത്) ഒരു മുത്തവല്ലിയെ ഏൽപ്പിക്കാം. പിന്നെ വരുന്നത് ഇതിന്റെ ഗുണഭോക്താക്കളാണ്. ആരൊക്കെയാകണം ഗുണഭോക്താക്കൾ എന്നും വഖഫ് ഉണ്ടാക്കുന്ന വ്യക്തി തീരുമാനിക്കണം. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വേണം മുത്തവല്ലി ആദായം ചെലവിടേണ്ടത്. മേൽപ്പറയും പ്രകാരമാണ് ഒരു വഖഫ് നടന്നിട്ടുള്ളതെങ്കിൽ അത് വഖഫ് ആക്ടിന്റെ പിരിധിയിൽവരും. ഒരു സംശയവുംവേണ്ട.
എന്നാൽ ഒരാൾ വഖഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി മുത്തവല്ലിയെ ഏൽപ്പിക്കാതെ ഒരു ട്രസ്റ്റ് ഫോം ചെയ്ത് അതിനെ ഏതെങ്കിലും ഒരു ട്രസ്റ്റ് ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്തു എന്നുകരുതുക. അങ്ങിനെ ചെയ്യുന്ന പക്ഷം ഫ്രം ദി ഡേ വൺ അന്നുതൊട്ട ്ഇന്നുവരെ ഏതെങ്കിലും കോടതികൾ (സുപ്രീംകോടതി ഉൾപ്പെടെ) പ്രസ്തുത പ്രോപ്പർട്ടി വഖഫ് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽപ്പോലും മുൻകാല പ്രാബല്യത്തോടെ അത്തരം പ്രോപ്പർട്ടികളുടെ മേൽനോട്ട അധികാരം വഖഫ് ബോർഡുകൾക്ക് ഉണ്ടായിരിക്കുന്നതല്ല. അതായത് ആ ട്രസ്റ്റ് എന്നുമുതൽ നിലവിൽവന്നോ അന്നുമുതൽതന്നെ പ്രസ്തുത പ്രോപ്പർട്ടി വഖഫ് ആക്ടിന്റെ പരിധിക്ക് പുറത്തായിരിക്കും എന്നതാണ് പുതിയ നിയമത്തിലെ ഒരു ക്ലോസ്. ഇനി അഥവാ ട്രസ്റ്റ് അല്ലാതെ മറ്റേതെങ്കിലും സ്റ്റാറ്റിയൂട്ടിന് കീഴിലാണ് പ്രസ്തുത പ്രോപ്പർട്ടിയുടെ ചുമതല കൊണ്ടുവന്നിട്ടുള്ളതെങ്കിലും അവയും വഖഫ് ആക്ടിന്റെ പരിധിയിൽ വരില്ല എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
ഇത് മുനമ്പം പ്രോസ്പെക്ടിൽ ചിന്തിച്ചാൽ ?
പ്രസ്തുത നിയമം പാസാക്കുന്നതിന് മുന്നേ അമുസ്ലീമായ ഒരു വ്യക്തിക്കു വേണമെങ്കിലും വഖഫ് ചെയ്യാനുള്ള അധികാരവും അവകാശവും ഉണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഒരു ഇസ്ലാംമതവിശ്വാസിക്ക് (അഞ്ചുവർഷമായി പ്രാക്ടീസിംഗ് മുസ്ലീം ആയി തുടരുന്നയാൾ) മാത്രമേ അത് സാധിക്കുകയുള്ളൂ. 1950 നവംബർ ഒന്നിന് കൊച്ചിയിലെ കച്ചിമേമൻ സേഠു ഫാമിലിക്കാരനായ സിദ്ദിഖ് സേഠ് ആണ് ഈ വിവാദ ഭൂമിദാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് ആദ്യകണ്ടീഷൻ പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽപ്പോലും ഓകെയാണ്. രണ്ടാമത്തെ ഒരു പ്രധാന കണ്ടീഷൻ ഇസ്ലാംമതവിശ്വാസം അനുശാസിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായിരിക്കണം ഈ വസ്തു നീക്കിവെയ്ക്കേണ്ടത്. അതങ്ങിനെ തന്നെയാണ് എന്നാണ് വഖഫ് ബോർഡും വഖഫ് സംരക്ഷണസമിതിയും അവകാശപ്പെടുന്നത്. അങ്ങിനെ വരുമ്പോൾ രണ്ടാം കണ്ടീഷനും ഓകെയാണ്. എന്നാൽ മൂന്നാമത്തെ കണ്ടീഷൻ ഗൗരവകരമായി കാണേണ്ടതുണ്ട്. മുനമ്പത്തെ വിവാദഭൂമി സിദ്ദിഖ് സേഠ് അന്ന് കൈമാറ്റം ചെയ്തത്, 1860 ലെ ദി ഇന്ത്യൻ സൊസൈറ്റിരജിസ്ട്രേഷൻ ആക്ടിന് കീഴിലായി 1948 ലെ 12 -ാം നമ്പർ ആയിരജിസ്റ്റർചെയ്യപ്പെട്ട പബ്ലിക് ചാരിറ്റി ഇൻസ്റ്റിറ്റിയൂഷനായ ഫാറൂഖ് കോളേജിനാണ്. ഇതാണ് പ്രസക്തമായ പോയിന്റ്. ഇവിടെ പുതിയ നിയമം പറയുന്നത് ഒരാൾ വഖഫ് ചെയ്യാൻ തീരുമാനിച്ച പ്രോപ്പർട്ടി മുത്തവല്ലിക്ക് പകരം ഒരു ട്രസ്റ്റിനോ അല്ലെങ്കിൽ ഒരു സ്റ്റാറ്റിയൂട്ടിന് കീഴിൽ അംഗീകരിക്കപ്പെട്ട പൊതുധർമ്മസ്ഥാപനത്തിനോ ആണ് കൈമാറ്റം ചെയ്തിട്ടുള്ളതെങ്കിൽ അവയൊന്നും വഖഫ് ആക്ടിന്റെ പരിധിയിൽ വരില്ല എന്നതാണ് (ഇതിന് മുൻകാലപ്രാബല്യം ഉണ്ട്). ഇത്തരം പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളിലോ മറ്റോ സുപ്രീംകോടതി അവ വഖഫ് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽപ്പോലും പുതിയ സാഹചര്യത്തിൽ അത്തരം പ്രോപ്പർട്ടികളുടെ നിയന്ത്രണം വഖഫ് ബോർഡിൽ നിലനിൽക്കില്ല എന്നതുംകൂടി ചേർത്തുവായിക്കണം. അങ്ങിനെ വരുമ്പോൾ മുനമ്പത്തെ വിവാദ ഭൂമിയിൽ നിന്നും വഖഫ് ബോർഡിന് മാറി നിൽക്കേണ്ടിവരും.
ഇതാണ് താങ്കളുടെ സ്റ്റാന്റ് ?
എന്റെ സ്റ്റാന്റല്ല. ഇത് പാർലമെന്റ് പാസാക്കിയ നിയമത്തിൽ അടിവരയിട്ട് പറയുന്ന കാര്യമാണ്.
എന്നാൽ ഇതൊന്നും മുനമ്പംകാരെ രക്ഷിക്കില്ല എന്നാണ് കോൺഗ്രസ്സുകാരും സി.പി.എമ്മുകാരും പറയുന്നത് ?
ഉറങ്ങുന്നവരെ വിളിച്ചുണർത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താൻ സാധിക്കില്ലല്ലോ. പക്ഷേ, രാജ്യത്ത് വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ പാസായി വന്ന നിയമത്തെ മാനിക്കുന്ന ഓരോ വ്യക്തിക്കും ഇക്കാര്യങ്ങൾ ബോധ്യമാകും.
രാജ്യത്തെ നിയമങ്ങളൊന്നും മുൻകാല പ്രാബല്യത്തോടെയല്ല പാസാക്കുന്നത് എന്നാണ് അവരുടെ പക്ഷം. അതേക്കുറിച്ച് ?
തീർച്ചയായും. പക്ഷേ, ഇവിടെ മുനമ്പം വിഷയത്തിൽ സ്പെസിഫിക്കായി എഴുതിച്ചേർത്തിരിക്കുന്ന ക്ലോസ് മുൻകാലപ്രാബല്യം ഉറപ്പാക്കുന്നതാണ്. അത് മനസ്സിലാക്കാൻ നിയമപരിജ്ഞാനമൊന്നും വേണ്ട. ഇംഗ്ലീഷ് വായിക്കാനുള്ള അറിവുമാത്രം മതി.
ഇവിടെ എല്ലാവരും മുനമ്പംകാരെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സംസ്ഥാനസർക്കാർ ഒരു കമ്മീഷനെപ്പോലും വെച്ചിരിക്കുന്നു. പിന്നെന്തിന് അവർ നിയമത്തിലെ ഈ സാധ്യ ത കണ്ടില്ലെന്ന് നടിക്കണം ?
അതിനുത്തരം പറയേണ്ടത് അവരാണല്ലോ. എല്ലാം രാഷ്ട്രീയപരമായി ചിന്തിക്കുന്ന കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. അതിന്റെ ആഫ്റ്റർ എഫക്ട് ആയി കണ്ടാൽമതി.
താങ്കൾ ബി.ജെ.പിക്കാർക്കു വേണ്ടി സംസാരിക്കുന്നു എന്ന് ചില ആക്ഷേപങ്ങൾ കേൾക്കുന്നു ?
ആക്ഷേപങ്ങളല്ലേ. അതിനെ ആ നിലയ്ക്ക് കണ്ടാൽമതി. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മനസ്സിലാക്കിയതും പറയുന്നതും നിയമത്തിൽ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളാണ്. അതിനെ ഖണ്ഡിക്കാൻ ആർക്കും സാധിക്കില്ല. കാരണം ഞാൻ സംസാരിക്കുന്നത് സർക്കാർ രേഖകളുടെ അടിസ്ഥാനത്തിലാണ്.
മുനമ്പം കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലുണ്ട്. അവിടെ തീർപ്പായാലേ രണ്ടിലൊന്നറിയാൻ സാധിക്കൂ എന്നാണ് ചിലർ പറയുന്നത്. അതേക്കുറിച്ച് ?
ഇവിടെ നിയമത്തിൽ കൃത്യമായി എഴുതിവെച്ചിരിക്കുന്നു മുൻകാല സുപ്രീംകോടതിവിധികൾ അല്ലെങ്കിൽ പരാമർശങ്ങൾ പോലും ബാധകമല്ലെന്ന്. അപ്പോൾ പിന്നെ ഇങ്ങ് താഴെത്തട്ടിലുള്ള ഒരു ചോട്ടാഫോറത്തിന്റെ തീർപ്പിന് ഇനിയെന്ത് പ്രസക്തിയാണുള്ളത്? അവർക്കിനി ഒന്നുംചെയ്യാനില്ല.
പുതിയ ഭേദഗതിയിൽ സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളുടെ വിധികൾ ബാധകമല്ല എന്നുമാത്രമേ പറയുന്നുള്ളൂ. വഖഫ് ട്രിബ്യൂണലിന്റെ വിലയിരുത്തലുകൾ അല്ലേൽ വിധികൾ ബാധകമല്ല എന്ന് പറയുന്നില്ല എന്നൊരുവാദം ചിലർ ഉന്നയിക്കുന്നു. അതേക്കുറിച്ച് ?
അങ്ങിനെ പറഞ്ഞ മാന്യദേഹം ആരാണെന്ന് എനിക്കറിയാം. ഒരു വക്കീലായ അദ്ദേഹത്തിന് ഇക്കാര്യം വിശദീകരിച്ചുകൊടുക്കേണ്ടിവരുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. വഖഫ് ട്രിബ്യൂണൽ എന്നുപറയുന്നത് തന്നെ ഒരു സിവിൽകോർട്ടാണ് എന്ന് വഖഫ് ആക്ടിന്റെ സെക്ഷൻ 83(5) ൽ കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടത്. ഇനി അഥവാ അങ്ങിനെ അല്ലെങ്കിൽപ്പോലും രാജ്യത്തെ പരമോന്നത കോടതിക്ക് സേ ഇല്ലാത്തിടത്ത് ഒരു ട്രിബ്യൂണലിന് എന്താണ് റോൾ ? ഇനി ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് ഇത്രമാത്രം. അല്ലെയോ രാഷ്ട്രീയക്കോമരങ്ങളേ... ഇനിയെങ്കിലും നിങ്ങൾ വിശ്വസിക്കൂ... മുനമ്പം പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞു.











